- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊറിയറിന്റെ മറവിൽ പുതിയ സൈബർ തട്ടിപ്പ്
കോഴിക്കോട്: പാഴ്സലിൽ മയക്കുമരുന്ന് ഉണ്ടെന്ന് പറഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് വിലസുന്നു. കൊച്ചിയിൽ ഈ രീതിയിൽ 41 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട്ടെ ഒരു കോളേജ് പ്രൊഫസർക്കും പണം നഷ്ടമായി. കോഴിക്കോട് ഐഐഎമ്മിലെ ഒരു വിദ്യാർത്ഥിയും ഒരു കോളജ് പ്രൊഫസറും ഇതുപോലെ തട്ടിപ്പുകാരുടെ കെണിയിൽ വീണിട്ടുണ്ട്.
കൊച്ചിയിലെ യുവ ബിസിനസുകാരന്, നിങ്ങളുടെ പേരിലുള്ള ഒരു പാഴ്സൽ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് കൊറിയർ കമ്പനിയിൽ നിന്ന് ഒരു കോൾ ആണ് ആദ്യം വരുന്നത്. കസ്റ്റംസിന് നിങ്ങളോട് ഏന്തോ ഗുരുതരമായ വിഷയം പറയാനുണ്ടെന്ന് പറഞ്ഞ് അവർ ഫോൺ കൈമാറും. തുടർന്ന് കസ്റ്റംസ് ഓഫീസർ ചമഞ്ഞ ആൾ പാഴ്സലിൽ മയക്കുമരുന്ന് ഉണ്ടെന്നാണ് പറയുക. ഉടനെ നിങ്ങളുടെ അറസ്റ്റുണ്ടാവുമെന്ന് ഭീതിപ്പെടുത്തും.
പരിഭ്രാന്തനായ യുവാവിനോട് പിന്നെ നിരപാരാധിത്വം തെളിയിക്കാനെന്നപേരിൽ വ്യക്തി വിവരങ്ങളും ബാങ്ക് ട്രാൻസാക്ഷനുമൊക്കെ ആരായും. അങ്ങനെ ഒരു ബന്ധം സ്ഥാപിച്ച് നിങ്ങളെ ആരെങ്കിലും ചതിച്ചതാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് യഥാർഥ അക്കൗണ്ട് വിവരങ്ങൾ തപ്പിയെടുക്കും. നിങ്ങൾ എന്തെങ്കിലും സംശയം പ്രകടിപ്പിക്കുകയാണെങ്കിൽ സ്കൈപ്പിൽ നേരിൽ സംസാരിക്കാൻ അവർ തയ്യാറാകും. എന്നിട്ട് ഔദ്യോഗിക ഐ.ഡി. കാർഡുകൾ കാണിച്ചു തരും. ഇവരെ വിശ്വാസത്തിലെടുത്ത് നമ്മൾ ബാങ്ക് വിവരങ്ങൾ കൈമാറും. തൊട്ടുപിന്നാലെ ഒരു മെസേജ് വരും. നിങ്ങളുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി അറിയിപ്പ് വരും. അപ്പോൾ മാത്രമാവും തട്ടിപ്പിന്റെ ചുരുൾ നിവരുക. പിന്നീട് ഈ നമ്പറിൽനിന്ന് പതിവ് പോലെ പ്രതികരണമൊന്നുമുണ്ടാകില്ല.
ഓട്ടോമേറ്റഡ് കോൾ സൂക്ഷിക്കുക
കോഴിക്കോട്ടെ ഒരു കോളേജ് പ്രൊഫസർക്ക് വന്നത് ഓട്ടേമേറ്റഡ് കോൾ ആണ്. ഒരു നമ്പറിൽ പ്രസ് ചെയ്തപ്പോൾ ഡൽഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ഒരാൾ സംസാരിച്ചുതുടങ്ങി. നിങ്ങളുടെ ഒരു പാർസലുമായി ബന്ധപ്പെട്ട പ്രശ്നമാണ്. മലേഷ്യയിലേക്കുള്ള മേൽവിലാസത്തിൽ അയച്ചിരിക്കുന്നത്. ഈ പാർസൽ വളരെ സംശയം ജനിപ്പിക്കുന്നതായിരുന്നു. തുറന്ന് പരിശോധിച്ചപ്പോൾ അതിൽ എം.ഡി.എം.എ. കണ്ടുവെന്നാണ് പറഞ്ഞത്. ഇങ്ങനെയൊരു സാധനം അയച്ചിട്ടില്ലെന്ന് അദ്ധ്യാപകൻ ഉറപ്പിച്ചു പറഞ്ഞു. തന്റെ പേരും ഫോൺ നമ്പറും ഇതു തന്നെയല്ലേ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ വ്യക്തി വീണ്ടും ചോദിച്ചു. അതെ, എന്നാൽ അദ്ധ്യാപകനായി ജോലി ചെയ്യുന്ന തന്റെ വിവരങ്ങൾ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് അതൊരു രഹസ്യമല്ലെന്നും പറഞ്ഞു.
ഡൽഹിയിലെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് നേരിൽ സംസാരിക്കാനാണ് പിന്നീട് ഈ വ്യക്തി അദ്ധ്യാപകനോട് ആവശ്യപ്പെട്ടത്. തങ്ങൾ അവരുമായി ബന്ധപ്പെടുത്തിത്തരാമെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞു, വേണ്ട താൻ ഇവിടെ പൊലീസിൽ പരാതി നൽകിക്കോളാമെന്ന്. എന്നാൽ ഇത് ഇവിടുത്തെ അന്വേഷണ പരിധിയിൽ വരുന്ന കേസാണെന്നും ക്രൈം ബ്രാഞ്ചുമായി സംസാരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതിനുശേഷം ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഒരു കോൾ വന്നു. ഡൽഹിയിലേക്ക് വരണം എന്നായിരുന്നു ആവശ്യം. ഡൽഹിയിൽ വരാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ വിവരങ്ങൾ അയച്ചുതരാനായി ആവശ്യം. ഇതിന് വഴങ്ങാതായതോടെ വിളി നിലച്ചു.
ഭയക്കാതെ പൊലീസിനെ അറിയിക്കുക
പ്രമുഖ കൊറിയർ കമ്പനികളുടേ പേരിലാണ് ഇവർ ആദ്യം വിളിക്കുന്നത്. പതിവായി കൊറിയർ അയക്കുന്നവരെയാണ് ഇവർ നോട്ടമിടുന്നത്. മയക്കുമരുന്ന്, കള്ളക്കടത്ത് എന്ന് കേൾക്കുമ്പോൾ തോന്നുന്ന ഭയം തന്നെയാണ് തട്ടിപ്പുകാരുടെ ആയുധം. ഈ ഭയം തണുക്കാതെ കൊണ്ടുപോകാൻ അവർ മണിക്കൂറുകളോളം സ്കൈപ്പിൽ സംസാരിക്കാൻ തയ്യാറാകും. അതിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ നിങ്ങൾ തെറ്റു ചെയ്തില്ല, ആരോ വഞ്ചിച്ചതാണെന്ന് തോന്നുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് കേൾക്കുമ്പോൾ മനസ്സിൽ ആശ്വാസം നിറയും. ഈ ഘട്ടത്തിലാണ് നിങ്ങൾ ബാങ്ക് വിവരങ്ങൾ കൈമാറാൻ തയ്യാറാകുക.
ഇരകളെ തിരഞ്ഞെടുക്കുന്നതിൽ സൈബർ കൊള്ളക്കാർക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നാണ് കേസുകളിൽനിന്ന് മനസ്സിലാകുന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ നന്നായി സംസാരിക്കാൻ കഴിയുന്നവർ, നല്ല ബാങ്ക് സേവിങ്സുള്ളവർ, ഇടയ്ക്കിടെ വിമാനയാത്രകൾ ചെയ്യുന്നവർ തുടങ്ങിയവരാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. പാർസൽ കമ്പനി ജീവനക്കാരനായും കസ്റ്റംസായും ക്രൈംബ്രാഞ്ചായും മാറിമാറി അഭിനയിച്ച് ആവശ്യമെങ്കിൽ സ്കൈപ്പിലൂടെ സംസാരിച്ചാണ് ഇവർ വിശ്വാസം നേടിയെടുക്കുന്നത്.
ഇത്തരത്തിലുള്ള കോളുകൾ വന്നാൽ ഉടനെ നമ്പർ ബ്ലോക്ക് ചെയ്യുകയോ സൈബർ സെല്ലിനെ വിളിച്ച് സംഭവം റിപ്പോർട്ട് ചെയ്യുകയോ ആണ് വേണ്ടത്. പണം അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടാൽ എത്രയും വേഗം ബാങ്കിൽ ബന്ധപ്പെടുകയും സൈബർ പൊലീസിൽ വിവരം അറിയിക്കുകയും വേണം. ഇക്കാര്യത്തിൽ താമസം പാടില്ല. സൈബർ സെല്ലിന്റെ 1930 എന്ന നമ്പരിൽ വിളിച്ച് വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്താമാക്കുന്നുണ്ട്.