- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 64 കാരനായ പി വി സത്യനാഥൻ; ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലേറെ വെട്ടുകൾ; രാത്രി 10.15 ഓടെ വെട്ടേറ്റത് പെരുവട്ടൂർ ചെറിയപുരം ക്ഷേത്രത്തിന് സമീപത്ത് വച്ച്; ഒരാൾ കസ്റ്റഡിയിൽ; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സംശയം
കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് വെട്ടേറ്റത്. പുറത്തും കഴുത്തിനും നാലു വെട്ടേറ്റു. രാത്രി 10.15ഓടെയായിരുന്നു സംഭവം.
ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തു വച്ചാണ് വെട്ടേറ്റത്. പുറത്തും കഴുത്തിനും നാലു വെട്ടേറ്റു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിൽ മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു. പിറകിലൂടെ വന്നാണ് അക്രമി വെട്ടിയതെന്നാണ് സൂചന്. സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും കാട്ടുന്നതായി പൊലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് ക്ഷേത്ര ഉത്സവം നടക്കുന്നതിന് സമീപത്താണ് സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ. അൽപ സമയത്തിനുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവരും.
സംഭവത്തിൽ കൊയിലാണ്ടി പൊലീസ് പെരുവട്ടൂർ പുറത്തോന അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. നിലവിൽ സ്ഥലത്ത് രാഷ്ട്രീയ സംഘർഷങ്ങളൊന്നുമില്ല. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ അകറ്റിനിർത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായി വാക്ക് തർക്കം നടന്നിരുന്നു.
സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്സ് മാനേജരാണ്. അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ് (ആക്സിസ് ബാങ്ക്), സലീന. മരുമക്കൾ: അമ്പിളി, സുനു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ കൊയിലാണ്ടി ഏരിയയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ