- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ.ജി സെന്ററിന് ബോംബെറിഞ്ഞ ജിതിനെ ഒറ്റിയത് കോൺഗ്രസുകാർ? വിവരം ചോർന്നു കിട്ടിയത് ഇപി ജയരാജന്റെ ഗൺമാനായ പൊലീസുകാരന്; രാഷ്ട്രീയ മുതലെടുപ്പിന് ജിതിൻ ശ്രമിച്ചപ്പോഴാണ് കോൺഗ്രസുകാർ ഒറ്റിയതെന്നും പ്രചരണം; ജില്ലാ നേതാവാകാനുള്ള മോഹം തിരിച്ചടിയായോ? കള്ളനെ പിടിച്ച കഥ ഇങ്ങനേയും; ക്രൈംബ്രാഞ്ച് ജിതിനിലേക്ക് എത്തിയത് എങ്ങനെ?
തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരേ ബോംബെറിഞ്ഞ ജിതിനെ (31) ക്രൈംബ്രാഞ്ചിന് പിടികൂടാനായത് കോൺഗ്രസിനുള്ളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ്. കേസിന്റെ അന്വേഷണം ഏറ്റെടുത്തിട്ടും കാര്യമായ തുമ്പൊന്നുമില്ലാതെ ക്രൈംബ്രാഞ്ച് സംഘം വലയുന്നതിനിടെയാണ്, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ ഗൺമാനായ പൊലീസുകാരന് കോൺഗ്രസിനുള്ളിൽ നിന്ന് വിവരം ചോർന്നു കിട്ടിയത്. ജിതിന്റെ വീടിനടുത്തെ പ്രദേശത്ത് താമസിക്കുന്നയാളാണ് ഈ പൊലീസുകാരൻ. വിവരം ഉടനേ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയും ജിതിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയുമായിരുന്നു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സ്‌ഫോടനക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും പടക്ക നിർമ്മാണം നടത്തുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഹോണ്ട ഡിയോ വാഹനങ്ങളുടെ വിവരം ഗതാഗത കമ്മിഷണറോട് ആവശ്യപ്പെട്ടും അന്വേഷണത്തിൽ യാതൊരു തുമ്പുമില്ലാതെ നിൽക്കുമ്പോഴാണ് ക്രൈംബ്രാഞ്ചിന് ജിതിനെക്കുറിച്ചുള്ള വിവരം ചോർന്നുകിട്ടിയത്. ഇതിനിടെ, കഴക്കൂട്ടം സ്വദേശിയായ ജിതിനാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തന്നെ സമ്മതിക്കുന്നുണ്ട്.
ഇതോടെ കഴിഞ്ഞ രണ്ടിന് ജിതിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യംചെയ്തു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി ധരിച്ചിരുന്ന ഷൂസ് ധരിച്ചുള്ള ഫോട്ടോകൾ കണ്ടെത്തി. തുടർന്ന് ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയത്. ജിതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ തന്നെ പ്രതി ജിതിനാണെന്ന് സഹപ്രവർത്തകർ നാട്ടിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസിന്റെ ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടാണ് ജിതിൻ എ.കെ.ജി സെന്ററിന് ബോംബെറിഞ്ഞതെന്നും സംഭവത്തിനു ശേഷം തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് ജിതിൻ ഇതുപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മണ്ഡലം പ്രസിഡന്റായ ജിതിൻ ജില്ലാ നേതൃസ്ഥാനത്തേക്ക് തന്നെ ഉയർത്തണമെന്ന് ആവശ്യപ്പെട്ടെന്നും ഇതിൽ പ്രകോപിതരായ ഒരു വിഭാഗം പ്രവർത്തകർ വിവരം പൊലീസിന് ചോർത്തിയെന്നുമാണ് വിവരം. രാഷ്ട്രീയ മൈലേജുണ്ടാക്കാൻ ജിതിൻ ശ്രമിച്ചിരുന്നെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നാണ് തങ്ങൾക്ക് രഹസ്യവിവരം കിട്ടിയതെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.
ജിതിനെ അഞ്ചുദിവസം ചോദ്യം ചെയ്ത ശേഷമാണ് സംഭവവുമായി അയാളെ കൂട്ടിയിണക്കുന്ന തെളിവുകൾ ഓരോന്നായി ക്രൈംബ്രാഞ്ച് സൃഷ്ടിച്ചത്. അതുവരെ വെള്ള ടീ ഷർട്ടും ചുവന്ന സ്‌കൂട്ടറും എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിവരമെങ്കിൽ ജിതിൻ വെളിപ്പെടുത്തിയപ്പോഴാണ് ടീ ഷർട്ട് കറുപ്പാണെന്നും സ്‌കൂട്ടർ ഗ്രേ നിറത്തിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് അറിഞ്ഞത്. ഇവ രണ്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. പട്ടത്തെ മാക്‌സിൽ നിന്നാണ് ടീ ഷർട്ട് വാങ്ങിയതെന്നും ജിതിൻ തന്നെയാണ് വെളിപ്പെടുത്തിയത്.
ജൂൺ 13ന് സിപിഎം പ്രവർത്തകർ കെപിസിസി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിന്റെയും ജൂൺ 23ന് രാഹുൽഗാന്ധിയുടെ വയനാട് എംപി ഓഫീസ് എസ്.എഫ്.ഐക്കാർ ആക്രമിച്ചതിന്റെയും വിരോധത്തിലാണ് എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞതെന്ന് ജിതിൻ സമ്മതിച്ചെന്നാണ് ക്രൈംബ്രാഞ്ച് ഇന്നലെ വെളിപ്പെടുത്തിയത്. ഇന്ന് വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോൾ ഇതെല്ലാം ജിതിൻ നിഷേധിക്കുകയാണ്. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് തന്നെക്കൊണ്ട് കുറ്റമേൽപ്പിച്ചതെന്നാണ് ജിതിന്റെ ആരോപണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്