- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ മാലപൊട്ടിച്ച പ്രതിയുടെ ബൈക്ക് നമ്പർ മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്ത തൃശ്ശൂർ സ്വദേശിയുടേത്; തന്ത്രശാലിയായ പ്രതിയെ ഒടുവിൽ കണ്ടെത്തിയപ്പോൾ അന്തംവിട്ട് പൊലീസ്; മോഷണത്തിന് ഇറങ്ങാനുള്ള കാരണവും വിചിത്രം; മലപ്പുറത്തെ സംഭവം ഇങ്ങനെ
മലപ്പുറം: മലപ്പുറം കാളികാവ് വെള്ളയൂരിൽ വെച്ച് ബൈക്കിൽ വന്ന് കാൽനട യാത്രക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി നാലാംനാൾ പിടിയിൽ. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. പ്രതി പട്ടാമ്പി വല്ലപ്പുഴ സ്വദേശി ചരലിൽ അസറുദ്ദീനെ(27)യാണ് നിലമ്പൂർ ഡാൻസാഫ് ടീമും കാളികാവ് പൊലീസും ചേർന്ന് പിടികൂടിയത്.
വണ്ടൂരിൽ നിന്നും വന്ന് പൂങ്ങോട് ചിറ്റയിൽ ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് തന്റെ ചെറിയ രണ്ട് കുട്ടികളുടെ കൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് കുട്ടേട്ടന്റെ വീട്ടിലേക്കുള്ള വഴി ഏതാ എന്ന് ചോദിച്ച് യുവാവ് ബൈക്ക് നിർത്തുകയായിരുന്നു. തുടർന്ന് സംസാരത്തിനിടയിൽ ബൈക്കിൽ തന്നെയിരുന്ന് യുവതിയുടെ കഴുത്തിലെ മാല പിടിച്ച് വലിച്ച് പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയിൽ സ്വർണ്ണമാല പൊട്ടി ഒരു കഷ്ണം നിലത്തു വീണു.
യുവതിയും കുട്ടികളും ഭയന്ന് ആർത്തു കരഞ്ഞെങ്കിലും കയ്യിൽ കിട്ടിയ മുക്കാൽ പവനോളം തൂക്കം വരുന്ന കഷ്ണവുമായി സ്ത്രീയെ തള്ളിയിട്ട ശേഷം പ്രതി ബൈക്കോടിച്ച് പോയി. വീഴ്ചയിൽ സ്ത്രീക്ക് പരിക്ക് പറ്റിയതിനാൽ പിന്നീട് ചികിത്സ തേടി. സ്ത്രീ പറഞ്ഞ പ്രതിയുടെ വസ്ത്രത്തിന്റെ അടയാളങ്ങൾ നോക്കി സംഭവസ്ഥലത്ത് നിന്നും അഞ്ചോളം കിലോമീറ്റർ അകലെയുള്ള സി.സി.ടി.വി. ക്യാമറയിൽ നിന്നും ലഭിച്ച മങ്ങിയ ദൃശ്യം മാത്രമായിരുന്നു പൊലീസിന്റെ ഏക കച്ചിത്തുരുമ്പ്.
തുടർന്ന് നാട്ടുകാർ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ കാളികാവ് പൊലീസും നിലമ്പൂർ ഡാൻസാഫ് ടീമും സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കി. രണ്ട് ദിവസത്തെ അന്വേഷണത്തിനുശേഷം പൊലീസിന് വാഹനത്തിന്റെ നമ്പർ ലഭിച്ചെങ്കിലും മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്ത തൃശ്ശൂർ സ്വദേശിയുടെ പേരിലുള്ള ബൈക്കിന്റെ നമ്പർ വ്യാജമായി ഉപയോഗിച്ച പ്രതി ഉപയോഗിച്ചത് പൊലീസിനെ കുഴക്കി.
മലപ്പുറം പാലക്കാട് തൃശ്ശൂർ ജിലകളിൽ സി.സി.ടി.വി.ക്യാമറകൾ കേന്ദ്രീകരിച്ചും മുൻകുറ്റവാളികളെ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന് നാലാം ദിവസം പിടിക്കപ്പെടാതിരിക്കാൻ പല കുറുക്കുവഴികളും മുൻകരുതലുമെടുത്ത പ്രതിയിലേക്ക് പ്രത്യേക അന്വേഷണ സംഘമെത്തി.
സമ്പന്ന കുടുംബത്തിലെ നാട്ടിൽ സൽപേരുള്ള യുവാവാണ് പ്രതി എന്നറിഞ്ഞപ്പോൾ പൊലീസും നാട്ടുകാരും അത്ഭുതപ്പെട്ടു. ഓൺലൈൻ തട്ടിപ്പിൽ ഇരയായി പണം നഷ്ടപ്പെട്ടതിൽ വന്ന താൽക്കാലിക സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ കൃത്യത്തിന് മുതിർന്നതെന്ന് പ്രതി പറയുന്നു. രണ്ടാഴ്ചത്തോളമായി അവസരം നോക്കി മലപ്പുറം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ പ്രതി വ്യജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കുമായി മാലപൊട്ടിക്കാനായി അവസരം നോക്കി കറങ്ങിയിരുന്നതായും പൊലീസ് കണ്ടത്തിയിരുന്നു. പ്രതി ഇത്തരത്തിൽ വേറെയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവം നടന്ന സഥലത്തും മോഷണം ചെയത മാല വിൽപ്പന നടത്തിയ പാലക്കാട് ജില്ലയിലെ വല്ലപ്പുഴയിലും അറസ്റ്റ് ചെയ്ത പ്രതിയുമായി കാളികാവ് പൊലീസ് തെളിവെടുപ്പ് നടത്തി. സ്വന്തം നാട്ടിൽ നിന്നും കിലോമീറ്റുകൾ സഞ്ചരിച്ച് തന്നെ തിരിച്ചറിയാത്ത നാടുകളിൽ പോയി പ്രൈവറ്റ് ബസുകളുടെ പുറകിൽ ബൈക്കിൽ സഞ്ചരിച്ച് ഓരോ സ്റ്റോപ്പിലും ഇറങ്ങുന്ന സ്ത്രീകളെ നിരീക്ഷച്ചായിരുന്നു മാല പൊട്ടിക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പരാതിക്കാരി പ്രതിയെ കണ്ട് തിരിച്ചറിഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കാളികാവ് ഇൻസ്പെക്ടർ ശശിധരൻ പിള്ള , എസ്‌ഐ ടിപി. മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള കാളികാവ് പൊലീസും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെയും നിലമ്പൂർ ഡി.വൈ.എസ്‌പിയുടേയും കീഴിലെ ഡാൻസാഫ് ടീമംഗങ്ങളായ എസ്‌ഐ. എം. അസ്സൈനാർ. സുനിൽ എൻ.പി, അഭിലാഷ് കൈപ്പിനി . ആസിഫലി കെ.ടി., നിബിൻ ദാസ് ടി., ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണം നടത്തി ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്