കോഴിക്കോട്: ബംഗാളിൽ കൊല നടത്തി കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുപേരെ കൊല ചെയ്ത കേസിലെ ഒന്നാം പ്രതി പാർഗാന സ്വദേശി രവികുൽ
സർദാറി(36) നെയാണ് പശ്ചിമ ബംഗാൾ പൊലീസ് കോഴിക്കോട് പന്നിയങ്കര പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.

കൊല നടത്തിയ ശേഷം കേരളത്തിലേക്ക് കടന്ന ഇയാൾ ഇവിടെ പെയിന്റിങ് ജോലി ചെയ്ത് മീഞ്ചന്തയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്ത മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഫറോക്ക് അസി. കമ്മീഷണർ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബംഗാൾ പൊലീസിന് കൈമാറി. പ്രതിക്ക് താമസിക്കാൻ സഹായം നൽകിയ രജത് ലസ്‌ക്കർ, സദാം ഷെയ്ക്, യൂനുപ് മോറൽ താലിബാൻ റഹ്മാൻ എന്നിവരെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.

കഴിഞ്ഞ ജൂലൈ ഏഴിനാണ് ഗോപാൽപുർ വാർഡ് തൃണമൂൽ പഞ്ചായത്തംഗം സോപുന്മാജി, ഒപ്പമുണ്ടായിരുന്ന ജോൺഡു ഹൽദാർ, ഭൂതനാഥ് പ്രമാണി എന്നിവരെ രവികുലിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. പ്രദേശത്തെ ഗുണ്ടാപ്പിരിവിനെ എതിർത്തതിലുള്ള പകയായിരുന്നു കാരണം.

സംഭവ ശേഷം പ്രതി കേരളത്തിലേക്ക് കടന്നതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എസ് ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരമാണ് വഴിത്തിരിവായത്.ബംഗാൾ പൊലീസിലെ എസ്‌ഐമാരായ രഞ്ജിത്ത് ചക്രബർത്തി, പ്രസൂൺ റോയ് എന്നിവർക്കു പുറമെ പന്നിയങ്കര സിഐ ശംഭു നാഥ്, എസ്‌ഐ കെ മുരളീധരൻ, എഎസ്‌ഐ എം ബിജു, സീനിയർ സിപിഒമാരായ പി പത്മരാജ്, ഇ സന്തോഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.