മലപ്പുറം: അസ്വാഭാവിക മുങ്ങി മരണമായി അവസാനിക്കുമായിരുന്ന കേസ് കൊലപാതകമാണെന്ന് തെളിയിച്ച് പ്രതികളെ പിടികൂടി എടക്കര പൊലീസ്. എടക്കര കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അദ്ധ്യാപകനെ കൊല ചെയ്തതെന്ന് തെളിയിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. മുണ്ടേരി ഗവ സ്‌കൂളിലെ അദ്ധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

കൊലപാതകത്തിൽ പ്രതികളായ ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു(54), ഇയാളുടെ കാമുകി മൂത്തേടം എറയംതാങ്ങി കോളനി സ്വദേശിയായ ലത(37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര ബിവറേജസിൽ മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മിൽ പരിചിതരാകുന്നത്. സംഭവ ദിവസം സെപ്റ്റംബർ ഏഴിന് മൂവരും എടക്കര കാറ്റാടി പാലത്തിന് അടിയിൽ താമസ്സിച്ചുവരുന്ന ലതയുടെ വീട്ടിൽ വച്ച് മദ്യപിച്ചു.

തുടർന്ന് ബാബുവിന്റെ മൊബൈലിൽ കണ്ട അശ്ലീല വീഡിയോയെ ചൊല്ലി മൂവരും തർക്കത്തിലായി. ഇതിനിടെ കയ്യിൽ കരുതിയ മരവടി കൊണ്ട് ബിജു ബാബുവിന്റെ തലക്ക് അടിച്ചു. അടിയുടെ ആഘാതത്തിൽ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേർന്ന് വലിച്ചിഴച്ചു പുന്നപുഴയിലെ കുത്തൊഴുക്കിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ ബാബുവിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ്, കണ്ണട എന്നിവയും ഇവർ അപഹരിച്ചു. 6 ദിവസം കഴിഞ്ഞ് സെപ്റ്റംബർ 13ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റർ അകലെ നിലമ്പൂർ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് എടക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബർ എട്ടിന് സഹോദരി നൽകിയ കേസ് പൂക്കോട്ടുംപാടം പൊലീസ് അന്വേഷിച്ചു വരവെയാണ് പുന്നപ്പുഴയിൽ ബാബുവിന്റെ മൃതദേഹം പൊങ്ങിയത്. മരണത്തിൽ സംശയം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡി.വൈ.എസ്‌പിയുടെ നിർദ്ദേശപ്രകാരം എടക്കര ഇൻസ്പെക്ടർ ശാസ്ത്രീയമായി അന്വേഷണം നടത്തുകയായിരുന്നു.

തുടർന്ന് ബാബുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണമാണ് പ്രതികളിലേക്ക് വിരൽ ചൂണ്ടിയത്. ബാബുവിനെ കാണാതായ ദിവസം ഫോൺ എടക്കര ടവറിന്റെ പരിധിയിലായത് പൊലീസിന് തുണയായി. അസ്വാഭാവിക മുങ്ങി മരണമായി അവസാനിക്കുമായിരുന്ന കേസാണ് എടക്കര പൊലീസ് ശാസ്ത്രീയവും പഴുതടച്ചുള്ള അന്വേഷണ മികവിലൂടെ കൊലപാതകമെന്ന് കണ്ടെത്തിയത്. എടക്കര സിഐ എൻ ബി ഷൈജു, സബ് ഇൻസ്പെക്ടർ പി എസ് മണി, സിപിഒ മാരായ മുജീബ്, എം. എൽ ശരത്ചന്ദ്രൻ, അരുൺ, ശ്രീജ എസ് നായർ, സാബിർഅലി, ഷൈനി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.