- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കത്തിൽ ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ; മലപ്പുറം ഏലംകുളത്തുകൊല്ലപ്പെട്ടത് 30 കാരിയായ ഫാത്തിമ ഫഹ്‌ന; പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്
മലപ്പുറം: ഉറക്കത്തിൽ ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ് ന(30) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെയാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ(35) വട്ടമ്പലത്തെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടി.
ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഫാത്തിമ ഫഹ്‌ന വീട്ടിലെ കിടപ്പുമുറിയിൽ കൈകാലുകൾ, ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലും കണ്ടെത്തിയത്. വ്രതാനുഷ്ടാന ത്തിനായി പുലർച്ച ഭക്ഷണം തയാറാക്കാനായി എഴുന്നേറ്റ യുവതിയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ്, കട്ടിലിന് സമീപം നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് കുഞ്ഞലവിയെയും കുറച്ചകലെയുള്ള നഫീസയുടെ സഹോദരൻ ചിറത്തൊടി ഹുസൈനെയും വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കെളെത്തി പെരിന്തൽമണ്ണ പൊലീസിൽ അറിയിച്ചു. പൊലീസിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെട്ടിരുന്നു. ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമ്മാണ ജോലിക്കാരനായ റഫീഖ് ജോലിയില്ലാത്തപ്പോൾ ഏലംകുളത്ത് ഭാര്യവീട്ടിലാണ് താമസം.
ഫസ്‌നയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംശയം. സംഭവശേഷം ഇയാൾ ഓട്ടോറിക്ഷയിൽ ചെറുകരയിലും അവിടെ നിന്ന് പെരിന്തൽമണ്ണയിലും തുടർന്ന് മണ്ണാർക്കാട്ടെ വീട്ടിലും എത്തുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞ മണ്ണാർക്കാട് പൊലീസാണ് രാവിലെ ഒൻപതോടെയാണ് വട്ടമ്പലത്തെ വീട്ടിലെത്തി ഇയാളെ പിടികൂടിയത്. ഇയാൾക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പൊലീസും ബന്ധുക്കളും പറയുന്നത്.
2017 ലായിരുന്നു ഇവരുടെ വിവാഹം. നാലുവയസുകാരി ഫിദ മകളാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഉച്ചക്ക് രണ്ടരയോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കുറ്റം സമ്മതിച്ചതായി പെരിന്തൽമണ്ണ പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്