- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ മൊബൈൽ കണ്ടെത്തി; ഷാഫിയുടെ ഫോൺ കരിപ്പൂരിന് സമീപം പെട്ടിക്കടയുടെ മുകളിൽ ഒളിപ്പിച്ച നിലയിൽ; സംഘം എത്തിയത് ഷാഫി നൽകാനുള്ള പണം തിരിച്ചുപിടിക്കാനെന്ന് നിഗമനം; ശത്രുക്കൾ ഉള്ളതായി അറിയില്ലെന്ന് ഭാര്യ
കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. രാത്രി വീട്ടുവരാന്തയിൽ സംസാരിച്ചു കൊണ്ടിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോവുകയും ശേഷം ഭാര്യയെ ഇറക്കിവിട്ട് പ്രവാസിയായ ഭർത്താവുമായി പോകുകയുമായിരുന്നു. കിഡ്നാപ്പ് ചെയ്ത പ്രവാസി ഷാഫിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്.
ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ അക്രമികളെത്തിയ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.അജ്ഞാതർ തട്ടിക്കൊണ്ടുപോയ താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി ഷാഫിയുടെ മൊബൈൽ ഫോൺ അവസാനം പ്രവർത്തിച്ചത് കരിപ്പൂർ ഭാഗത്തു നിന്നാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിപ്പൂർ വിമാനത്താവള കവാടത്തിന്റെ 200 മീറ്റർ മാറിയുള്ള പെട്ടിക്കടയിൽ നിന്നും ഫോൺ കണ്ടെത്തിയത്. കടയുടെ മുകളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മൊബൈൽ ഫോണുണ്ടായിരുന്നത്. കട പൊളിച്ചു നീക്കുന്നതിനിടയിലാണ് ഫോൺ ശ്രദ്ധയിൽപ്പെട്ടത്.
ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. ഷാഫിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ നമ്പറും വ്യാജമാണെന്ന് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്. മലപ്പുറത്ത് കണ്ടെത്തിയ വാഹനം ഇതുമായിബന്ധമില്ലാത്തതാണെന്നും പൊലീസിന് വ്യക്തമായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാഫിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
പ്രതികളെ തേടി പൊലീസ് ഇതിനോടകം പരിശോധിച്ചത് പത്തിലധികം സി.സി.ടി.വികളാണ്. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. ഷാഫി ഗൾഫിൽനിന്നും മുങ്ങിയത് കോടിയിൽ പരം രൂപ തട്ടിയെടുത്താണെന്നും ഇതു തിരിച്ചുകിട്ടാത്തതിനെ തുടർന്നാണു തട്ടിക്കൊണ്ടുപോകലുമെന്നാണു പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.
ഷാഫി സാമ്പത്തിക പരാധീനതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. പലർക്കും നിലവിൽ പണം നൽകാനുണ്ട്. ഗൾഫിൽ ബിസിനസ്സായിരുന്നെങ്കിലും കടം കുന്നുകൂടിയതോടെ നാട്ടിലേക്കു മുങ്ങുകയായിരുന്നുവെന്നുമാണു പൊലീസിനു ലഭിച്ച വിവരം. ഷാഫി പണം നൽകാനുള്ള സംഘം തന്നെയാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നു പൊലീസും പറയുന്നു.താമരശേരി സിഐ സത്യനാഥന്റേ നേതൃത്വത്തിൽ എസ്ഐ അഖിലും സംഘവുമാണു അന്വേഷണം നടത്തുന്നത്. അതേ സമയം സാമ്പത്തിക ഇടപൊടുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷാഫിയുടെ ഭാര്യക്കും കുടുംബത്തിനും അറിയില്ലെന്നാണു ഇവർ പൊലീസിനു നൽകിയ മൊഴി.
രാത്രി വീട്ടുവരാന്തയിൽ സംസാരിച്ചു കൊണ്ടിക്കുന്നതിനിടെയാണ് ഷാഫിയേയും ഭാര്യയേയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഇരുവരേയും കാറിൽ കയറ്റിക്കൊണ്ടുപോയത്. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നു. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.
രാത്രി ഒൻപതോടെ ഷാഫി വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം ഇരുവരുമായി കടന്നത്. നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറിൽ പിടിച്ചുകയറ്റുകയായിരുന്നു. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം ഷാഫിയുമായി കടന്നുകളഞ്ഞു. സാനിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
നാല് വർഷം മുൻപ് ഷാഫി ദുബായിൽ ബിസിനസ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇയാൾക്ക് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വർഷമായി ഷാഫി നാട്ടിൽ തന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാൾ സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടിൽ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാർ പറയുന്നു.
25 വയസ് പ്രായം തോന്നിക്കുന്ന ആളുകളാണ് എത്തിയത്. തോക്ക് പോലുള്ള ആയുധം അവരുടെ കയ്യിൽ ഉണ്ടായിരുന്നു. രണ്ടു മൂന്ന് ദിവസം മുമ്പ് കുറച്ചു ആളുകൾ വീട്ടിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. ഭർത്താവിന് സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന കാര്യം അറിയില്ല. ഭർത്താവുമായി പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല. ഭർത്താവിന് ശത്രുക്കൾ ഉള്ളതായി അറിവില്ല. നേരത്തെ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും സാനിയ പറഞ്ഞു കഴുത്തിനും, ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗൾഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം
മറുനാടന് മലയാളി ബ്യൂറോ