മലപ്പുറം: തിരൂരിൽ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ മസാജിനെത്തി ജീവനക്കാരിയെ പീഡിപ്പിച്ച യുവാവും കേന്ദ്രം നടത്തിപ്പുകാരനും അറസ്റ്റിൽ. ബി.പി അങ്ങാടി പുളിഞ്ചോട്ടെ ആയുർവേദ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. താനൂർ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കൽ ഫർഹാബ്(35) ഒത്താശയേകിയ സ്ഥാപന നടത്തിപ്പുകാരൻ കൊപ്പം സ്വദേശി കുന്നക്കാട്ടിൽ കുമാരൻ(54) എന്നിവരെയാണ് തിരൂർ സിഐ എം.ജെ ജിജോ അറസ്റ്റ് ചെയ്തത്. മസാജിനായി കേന്ദ്രത്തിലെത്തിയതിനിടെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

രാത്രി 8.30ഓടെയാണു സംഭവം. രാത്രി വൈകി കേന്ദ്രം അടയ്ക്കുന്ന സമയത്താണു ഷർഹബ് എത്തുന്നത്. തനിക്കു മസ്സാജ് ചെയ്യണമെന്നു പറഞ്ഞതോടെ, ആവശ്യപ്പെട്ടതോടെ, സമയം വൈകിയെന്നും മസാജ് ചെയ്യാൻ സാധിക്കില്ലെന്നും സ്ഥാപന നടത്തിപ്പുകാരൻ കുമാരൻ തന്നെയാണ് ആദ്യം പറഞ്ഞത്. എന്നാൽ, ഷർഹബ് വീണ്ടും അപേക്ഷിച്ചതോടെ, കുമാരൻ, ജീവനക്കാരിയോടു ഈ മസാജ് കൂടി കഴിഞ്ഞിട്ടുപോകാമെന്നു പറഞ്ഞു.

കുമാരനും ഷർഹബും തമ്മിലുള്ള ഒത്തുകളിയാണ് എല്ലാമെന്ന് ആദ്യം ജീവനക്കാരിക്കു മനസ്സിലായിരുന്നില്ല. എന്നാൽ യുവാവ് മസാജിനായി അകത്തു കയറിയതോടെ പതുക്കെ കുമാർ പുറത്തേക്കുപോയി. കേന്ദ്രത്തിലെ വനിതാ ഡോക്ടർ ഉൾപ്പടെയുള്ളവരെല്ലാം നേരത്തെ പോയതിനാൽ തന്നെ ജീവനക്കാരിക്കു ഭയന്നാണു നിന്നിരുന്നത്. രണ്ടുദിവസം മുമ്പു മാത്രമാണു ഈ ജീവനക്കാരി ഇവിടെ ജോലിക്കു പ്രവേശിച്ചത്.

രണ്ട് വർഷം മുമ്പാണു ആയുർവേദ ചികിത്സയുടെ പേരിൽ ഇവിടെ മസാജ് കേന്ദ്രം തുറന്നത്. പൊലീസിന്റെ പരിശോധനയിൽ ഇതുവരെ് സ്ഥാപനത്തിന് ലൈസൻസ് കിട്ടിയിട്ടില്ല. പുരുഷന്മാർക്കു സ്ത്രീകൾ മസാജ് ചെയ്യുന്നതും ഇവിടെ പതിവാണെന്ന് പൊലീസിനു സൂചന ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി ഫർഹബ്, കുമാരന്റെ ഒത്താശയോടെയാണു കേന്ദ്രത്തിലെത്തിയതെന്നു സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പുരുഷന്മാർക്കു സ്ത്രീകൾ മസാജ് ചെയ്യാൻ മണിക്കൂറിന് 1500രൂപയാണു ഇവിടെ ഫീസായി വാങ്ങിയിരുന്നതെന്നാണു വിവരം. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പൊലീസിൽ അറിയിക്കാനോ നടത്തിപ്പുകാരനായ കുമാരൻ തയ്യാറായില്ലെന്നും ഇതിനാലാണു താൻ പൊലീസിൽ പരാതി നൽകിയതെന്നും ജീവനക്കാരി പറഞ്ഞു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.

തിരൂർ സിഐ ജിജോ എം.ജെ എസ്‌ഐ പ്രദീപ് കുമാർ ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, സീനിയർ സി.പി.ഒ രാജേഷ് സി.പി.ഒ മാരായ ഉദയൻ, ഉണ്ണിക്കുട്ടൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു