- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന ഭർത്താവിന്റെ കൈകാലുകൾ കെട്ടിയിട്ട് കഴുത്തിൽ സാരി കൊണ്ടുമുറുക്കി കൊലപാതകം; ഭർത്താവിനെ വകവരുത്തിയ കേസിൽ ഭാര്യക്ക് പിന്നാലെ കാമുകനും അറസ്റ്റിൽ; പ്രതി പിടിയിലായത് പാറ്റ്നയിലെ സോൻപൂരിൽ നിന്ന്
മലപ്പുറം: ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ. കഴിഞ്ഞ ജനുവരിയിൽ വേങ്ങരയിലാണു സംഭവം നടന്നത്. രാത്രി ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവിന്റെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തിൽ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ കൊലപാതകം ആസൂത്രണം ചെയ്ത കാമുകനായ ബീഹാർ സോൻപുർ സ്വദേശി ജയ് പ്രകാശിനെയാണു മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പാറ്റ്ന സോൻപൂരിൽ നിന്ന് അറസ്റ്റു ചെയ്തത്.
ബീഹാർ സ്വദേശി സഞ്ജിത്ത് പാസ്വാൻ(33) വാടക ക്വാർട്ടേഴ്സിൽ വച്ചാണ് മരണപ്പെട്ടത്. തുടർന്ന് അസ്വാഭാവിക മരണമായി വേങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടയാളുടെ ഭാര്യ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിയായ പൂനം ദേവിയെ ചോദ്യം ചെയ്തതിൽ ബീഹാറിൽ തനിക്ക് കാമുകൻ ഉണ്ടന്നും കാമുകനുമായി ഒരുമിച്ചു ജീവിക്കാൻ കാമുകൻ പറഞ്ഞ രീതിയിൽ ആണ് ഭർത്താവിനെ കൊന്നതെന്നും കുറ്റം സമ്മതിച്ചു.
തുടർന്ന് മലപ്പുറം ഡി.വൈ.എസ്പി. അബ്ദുൾ ബഷീർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതിയായ പൂനം ദേവിയുടെ കാമുകൻ ജയ്പ്രകാശിനെ ബീഹാർ പാറ്റ്നയിൽ നിന്ന് അറസ്റ്റും ചെയ്തിരുന്നു. വേങ്ങര ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫ, എസ് ഐ മാരായ ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻ, പ്രത്യേക അന്വേഷണസംഘാഗംങ്ങളായ എഎസ്ഐ മുജീബ് റഹ്മാൻ, എൽ.കെ ദിനേഷ്, പി. മുഹമ്മദ് സലീം, ആർ.ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
അതേ സമയം കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഭാര്യ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പൂനംദേവിയെ പിന്നീട് കുതിരവട്ടം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിൽ ഇവിടെനിന്നും മുങ്ങുകയും മണിക്കൂറുകൾക്ക് ശേഷം മലപ്പുറം വേങ്ങരയിൽനിന്നും പിടിയിലാവുകയും ചെയ്തു.
കുട്ടിയെ കാണാൻ പോകുന്നുവെന്ന് പൂനംദേവി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്. ഫോറൻസിക് വാർഡിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടിരുന്നത്. ശുചിമുറിയിലെ ഗ്രിൽ ഇളക്കിയാണ് രക്ഷപ്പെട്ടത്. ഇവർക്കു മാനസികമായ ചില പ്രശ്നങ്ങൾ കാണപ്പെട്ടതിനാലാണ് കുതിരവട്ടത്ത് എത്തിച്ചിരുന്നത്. കാമുകനൊപ്പം ജീവിക്കാൻ മലപ്പുറം വേങ്ങരയിൽവെച്ച് ബീഹാർ സ്വദേശിനിയായ പൂനംദേവി ഭർത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയിരുന്നത്.
പൂനം ദേവി നാട്ടുകാരനും ഭാര്യയും കുട്ടികളുമുള്ള ജയ് പ്രകാശുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഇതിൽ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാൻ പസ്വാൻ അഞ്ച് വയസുള്ള മകനോടൊപ്പം പൂനത്തിനെ രണ്ട് മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം യുവാവുമായുള്ള ബന്ധം തുടരുകയും സൻജിത് പസ്വാനെ കൊല്ലാനും തീരുമാനിക്കുകയായിരുന്നു.
തുടർന്നാണ് ഉറങ്ങുന്നതിനിടെ സൻജിതിന്റെ ഇരു കൈകളും തോർത്തുകൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി കണ്ടത്തി. ഇതേതുടർന്ന് പൂനം ദേവിയെ പൊലിസ് വിശദമായ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്