മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ നായയെ ബൈക്കിനു പിന്നിൽ കെട്ടി കിലോമീറ്ററോളം വലിച്ചിഴച്ചു കൊന്ന് കണ്ണിൽചോരയില്ലാത്ത ക്രൂരത നടത്തിയത് പുക്കോട്ടുമണ്ണ സ്‌കൂളിനടത്ത് വാടക വീട്ടിലെ താമസക്കാരനായ പുത്തൻവീട്ടിൽ അബ്ദുൽ കരീം. പ്രതിക്കെതിരെ എടക്കര പൊലീസ് കേസെടുത്തു.

ചുങ്കത്തറ പഞ്ചായത്തിലെ പുലിമുണ്ടയിൽ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം അരങ്ങേറിയത്. ബൈക്കിൽ കെട്ടിയ കയറിൽ നായയെ ബന്ധിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട അനൂപ് എന്ന യുവാവ് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. സംഭവ സമയത്ത് നായയെ അനക്കമില്ലാത്ത രീതിയിലാണ് കണ്ടതെങ്കിലും ശ്വാസം എടുക്കുന്നതായി തോന്നിയിരുന്നുവെന്നും അനൂപ് പറഞ്ഞു.

സംഭവം അറിഞ്ഞ എമർജൻസി റെസ്‌ക്യൂഫോഴ്സ് ഭാരവാഹികളായ വിപിൻപോൾ, അബ്ദുൽ മജീദ്, ഷഹബാൻ മമ്പാട്, നജ്മുദ്ദീൻ, അസൈനാർ എന്നിവർ സംഭവത്തിൽ പൊലീസിൽ പരാതി നൽകി. ഇതിന് പുറമെ സംഘം പ്രതിയുടെ വീട്ടിലെത്തി കാര്യം അന്വേഷിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

എന്നാൽ ഈ നായ വീട്ടിലെ ചെരുപ്പുകടിച്ചുകൊണ്ടുപോകാറുണ്ടെന്നു വീട്ടുകാർ മൊഴി നൽകി. കെട്ടിയിട്ട നായയുടെ കഴുത്ത് കയറിൽ വലിഞ്ഞ് ചത്തതാണെന്നാണ് വീട്ടുകാർ മൊഴി നൽകിയത്. എന്നാൽ ഇതിനുള്ള സാധ്യത കുറവാണെന്നാണു പൊലീസും റെസ്‌ക്യൂ ഫോഴ്സ് അധികൃതരും പറഞ്ഞു. പ്രതിയെ തേടി പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാൾ സ്ഥലത്തുനിന്നും മുങ്ങിയിരുന്നു. പ്രതിയായ അബ്ദുൽ കരീം നിലമ്പൂരിൽ കോഴിക്കട നടത്തിവരികയായിരുന്നു. ഇവിടെ വാടകക്കാണു താമസിച്ചുവരുന്നത്.

അനൂപ് എടുത്ത വീഡിയോ ആദ്യം 'അനു നവൂരി' എന്ന ഇൻസ്റ്റഗ്രാം ഐഡിയിലാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തിത്. 'പ്രിയ സുഹൃത്തുക്കളെ ഇന്ന് എന്റെ മനസിനെ അത്രയധികം വേദനിപ്പിച്ച കാഴ്ചയാണിത്. സാധാരണഗതിയിൽ മറ്റുള്ളവർ പറഞ്ഞുകേട്ടും മൊബൈലിലൂടെയുമൊക്കെയാണ് ഇതൊക്കെ കണ്ടിട്ടുള്ളത്. കണ്ടുനിൽക്കാനാകില്ല, ജീവനുള്ള മിണ്ടാപ്രാണിയെ ബൈക്കിൽ കെട്ടി വലിച്ചിഴക്കുന്ന കാഴ്ച' എന്നു പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടിട്ടും അതിനു കൂട്ടാക്കിയില്ലെന്നും പോസ്റ്റിൽ പറയുന്നു.

എന്തിനാണ് നായയെ ഇങ്ങനെ കൊണ്ടുപോകുന്നതെന്നു വീഡിയോ ചിത്രീകരിച്ച അനൂപ് ചോദിക്കുമ്പോൾ കൈകൊണ്ട് തൊടാൻ പറ്റാത്ത സാഹചര്യത്തിലായതിനാൽ ആണെന്ന് ബൈക്കുകാരനായ പ്രതി അബ്ദുൽ കരീം മറുപടി നൽകുന്നുണ്ട്.