തൊടുപുഴ:ഇഞ്ചിയാനിയിൽ സ്വദേശി ഓമനക്കുട്ടനെ(44) പ്രഭാതസവാരിക്കിടെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഒളിവിലായ അമ്മയെയും മകളെയും കണ്ടെത്തുന്നതിനുള്ള പൊലീസ് അന്വേഷണം വഴിമുട്ടി.ഇരുവരും ഇഞ്ചിയാനിയിൽ നിന്നും മുങ്ങിയിട്ട് 3 ആഴ്ച പിന്നിട്ടു.

അടിമാലിയിൽ 3 ആഴ്ച മുൻപ് ഇരുവരും ഒരു ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് തൊടുപുഴയിൽ നിന്നും പൊലീസ് കുതിച്ചെത്തിയെങ്കിലും മിനിട്ടുകളൂടെ വ്യത്യാസത്തിൽ രക്ഷപെടുകയായിരുന്നു. ശരീരത്തിൽ ഉള്ള ആഭരണങ്ങൾ പണയപ്പെടുത്തി നിയമനടപടികൾക്കായി ശ്രമം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.ആഭരണങ്ങൾ അടിമാലയിലെ സ്ഥാപനത്തിൽ പണയം വച്ചിരുന്നെങ്കിലും അധികം വൈകാതെ അത് തിരിച്ചെടുത്തതായും പൊലീസ് കണ്ടെത്തി.

അമ്മയ്ക്കും മകൾക്കും പുറമെനിന്നുള്ള ആരോ ഇവർക്ക് സഹായം ലഭ്യമാക്കുന്നുണ്ടെന്നുള്ള നിഗമനത്തിലാണ് പൊലീസ്.ഇവർ പിന്നീട് എങ്ങോട്ടുപോയി എന്ന് പൊലീസിന് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന. വഴിയെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ഓമനക്കുട്ടനുമായി നിലനിന്നിരുന്ന തർക്കമാണ് ഓമനക്കുട്ടന്റെ കാല് തല്ലിയൊടിക്കാൻ അയൽവാസികളും കൊച്ചി സ്വദേശികളുമായ അമ്മയും മകളും ചേർന്ന് ക്വട്ടേഷൻ നൽകിയതതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ മാസം 26-ന് ആയിരുന്നു സംഭവം. ആക്രമണത്തിൽ ഓമനക്കുട്ടന് സാരമായി പരിക്കേറ്റിരുന്നു.

സംഭവത്തിൽ കൊച്ചിയിൽ 10 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സന്ദീപിനെയും സുഹൃത്തിനെയും തൊടുപുഴ സിഐ വിസി വിഷ്ണുകുമാറും ഡിവൈഎസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണനും സനൂപും ടി രാജേഷും ചേർന്ന് ചേരാനെല്ലൂർ വെച്ച് മൽപ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തി, അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ നൽകിയത് ഒമനക്കുട്ടന്റെ അയൽവാസിയായ മിൽക്കയും മകൾ അനീറ്റയും ചേർന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. റമ്പാൻ എന്ന് വിളിക്കുന്ന കുപ്രസിദ്ധ ഗുണ്ട മുഖാന്തിരം മുപ്പതിനായിരം രൂപായ്ക്കാണ് ആക്രമണത്തിന് കരാർ ഉറപ്പിച്ചതെന്നാണ് സ്ഥരീകരിച്ചിട്ടുള്ളത്.

അയൽവാസി ഓമനക്കുട്ടനും മിൽക്കയുമായി അതിർത്തി തർക്കം നില നിന്നിരുന്നു. ഒച്ചപ്പാട് ഉണ്ടായ ഘട്ടത്തിൽ തനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടെന്ന തരത്തിൽ മിൽക്ക പ്രതികരിച്ചിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. സംഭവത്തെത്തുടർന്ന അനീറ്റയുടെ ഫോൺ തൊടുപുഴ ഡിവൈഎസ്‌പി പിടിച്ചെടുത്ത് ,പരിശോധിച്ചിരുന്നു.ഫോണിലെ കോൾ ഹിസ്റ്ററിയിൽ നിന്നും ലഭിച്ച സുപ്രധാന വിവരങ്ങളാണ് അന്വേഷണം ക്വട്ടേഷൻ പാർട്ടിയിലേയ്ക്ക് എത്താൻ കാരണമായത്.

ഓമനക്കുട്ടൻ പ്രഭാത സവാരിക്കിറങ്ങിയ വിവരം ക്വട്ടേഷൻ സംഘത്തെ മിൽക്ക ഫോണിൽ വിളിച്ചറിയിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ആക്രമികൾ ഉപയോഗിച്ച സ്‌ക്കൂട്ടർ ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ അനീഷിന്റെയും വിനീഷിന്റെയും സഹായത്തോടെ തൊടുപുഴയിൽ നിന്നെത്തിയ പൊലീസ് സംഘം കണ്ടെടുത്തിരുന്നു.

വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് അക്രമണത്തിന് ഉപയോഗിച്ച മുളക് പൊടിയുടെ ബാക്കി കണ്ടെടുത്തു.ആക്രമണത്തിനിടെ ഓമനക്കുട്ടൻ സന്ദീപിന്റെ കൈയിൽ കടിച്ച് മുറിവേൽപ്പിച്ചിരുന്നു.പൊലീസ് പരിശോധനയിൽ ഇയാളുടെ കൈവിരലിൽ മുറിവ് കണ്ടെത്തി.ഇത് കുറ്റകൃത്യത്തിൽ സന്ദീപിന്റെ പങ്ക് ഉറപ്പിക്കുന്ന പ്രധാന തെളിവായി.ഇവർ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

മിൽക്ക 4 വിഹാഹം കഴിച്ചിട്ടുണ്ടെന്നും ഗൾഫിലുള്ള നാലാമത്തെ ഭർത്താവ്, ഓമനക്കുട്ടനെ ആക്രമിച്ച ഗുണ്ടാസംഘത്തെ ബന്ധപ്പെട്ടിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾ ലഭിച്ചാൽ ആക്രമണകേസിൽ പൊലീസ് ഇയാളെയും പ്രതി ചേർക്കുമെന്നാണ് അറിയുന്നത്.മിൽക്കയുടെയും മകളുടെയും ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.