മലപ്പുറം: ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകേസിലെ രണ്ടാംപ്രതി മലപ്പുറം സൈബർ പൊലീസിന്റെ പിടിയിൽ. പ്രതി പിടിയിലായത് രാജ്യത്തെ എയർപോർട്ടുകളിൽ തെരച്ചിൽ നടത്താനുള്ള നീക്കത്തിനിടെ. മലപ്പുറം പോത്തുകല്ല്, വെളുമ്പിയംപാടം സ്വദേശി വട്ടപറമ്പിൽ അജ്മൽ അർഷ(24)നെയാണ് സൈബർസെൽ സ്റ്റേഷൻ ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ഇയാളുടെ സഹോദരൻ യൂസഫിനെ നേരത്തെ സൈബർ സെൽ അറസ്റ്റ് ചെയ്തിരുന്നു.

റിമാൻഡിലായിരുന്ന യൂസഫ് ഇപ്പോൾ ജാമ്യത്തിലാണ്. കഴിഞ്ഞ വർഷം ക്രിപ്‌റ്റോ കറൻസി ട്രേഡിങ് സഹായിക്കാമെന്ന് പറഞ്ഞു സുഹൃത്ത് മുഹ്സിന്റെ ഇമെയിൽ അക്കൗണ്ടും വാസിർ എക്‌സ് അക്കൗണ്ടും പ്രതികൾ ഹാക്ക് ചെയ്തിരുന്നു. സഹോദരന്മാരായ പ്രതികൾ കെവൈസി ആവശ്യമില്ലാത്തതും കണ്ടുപിടിക്കാൻ സാധ്യത ഇല്ലാതിരുന്നതമായ പ്രൈവറ്റ് വാലറ്റ്കളിലേക്കു മാറ്റി തട്ടിയെടുക്കുകയായിരുന്നു. ആ വാലറ്റ് ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.

യൂസഫിന്റെ സഹോദരനും ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ ബിരുദദാരിയും ബംഗളുരൂ കേന്ദ്രമാക്കി പ്രവർത്തിച്ചു ഫ്രീ വൈഫൈ ഉപയോഗിച്ച് വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്കിലൂടെ തട്ടിപ്പിന് സഹായിക്കുകയും ചെയ്ത അജ്മൽ പൊലീസ് അന്വേഷിക്കുന്നതായി മനാസിലാക്കി മുംബൈ ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട് വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. പ്രതി വിദേശത്തു പോകാൻ സാധ്യത ഉള്ളതായി മനസിലാക്കി മലപ്പുറം പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിർദ്ദേശത്തെ തുടർന്ന് രാജ്യത്തെ എയർപോർട്ടുകളിൽ തെരച്ചിൽ നടത്താനുള്ള നീക്കത്തിനിടെയാണ് പ്രതിയെ മുംബൈ എയർപോട്ടിൽ തടഞ്ഞുവച്ചത്.

സൈബർ പൊലീസ് ഇൻസ്പെക്ടർ എം.ജെ അരുൺ, പൊലീസ് ഉദ്യോഗസ്ഥരായ റിയാസ്ബാബു, ഷൈജൽ എന്നിവർ ചേർന്ന് മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാന്ദ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലെത്തിച്ചു മഞ്ചേരി ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്രതികളുടെ േ്രടഡിങ് നടത്തികൊണ്ടിരുന്ന വാസിർഎക്‌സ്, മെക്‌സിക്, ബിനാൻസ് എക്‌സ്‌ചേഞ്ചുകളിലെ വിവരങ്ങളും പൊലീസ് മനസിലാക്കിയിരുന്നു.