- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവ. ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വ്യാജ നമ്പർ പ്ലേറ്റു വെച്ച ജീപ്പിൽ ആറംഗ സംഘത്തിന്റെ സഞ്ചാരം; സംഘം എത്തിയത് കരിപ്പൂരിൽ യാത്രക്കാർ കൊണ്ടുവരുന്ന സ്വർണം കവർച്ച ചെയ്യാൻ; പൊലീസിനെ കണ്ടപാടേ നാലുപേർ ഓടി രക്ഷപ്പെട്ടു; അർജുൻ ആയങ്കിയുടെ കൂട്ടാളികൾ പിടിയിലായത് ഇങ്ങനെ
കോഴിക്കോട്: അർജുൻ ആയങ്കിയുടെ കൂട്ടാളികൾ കരിപ്പൂരിൽ സ്വർണം കവർച്ച ചെയ്യാൻ വന്നത് ഗവ. ഓഫ് ഇന്ത്യയുടെ വ്യാജ സ്റ്റിക്കർ പതിച്ച ജീപ്പിൽ. കരിപ്പൂരിൽ കള്ളക്കടത്തു സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ രണ്ടുപേരാണ് അറസ്റ്റിലായത്. നാലുപേർ ഓടി രക്ഷപ്പെട്ടു. വിമാനമാർഗം യാത്രക്കാർ കടത്തികൊണ്ടു വരുന്ന സ്വർണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘത്തിലെ രണ്ടുപേരാണ് ഇന്നു അറസ്റ്റിലായത്. കണ്ണൂർ കക്കാട് സ്വദേശി ഫാത്തിമ നിവാസിൽ മജീഫ്(28), അങ്കമാലി ചുള്ളി സ്വദേശി കോളോട്ട് കുടി ടോണി ഉറുമീസ്(34) എന്നിവരെയാണ് കരിപ്പൂർ പൊലീസും നിലമ്പൂർ, കൊണ്ടോട്ടി ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ 4.30 മണിയോടെ ന്യൂ മാൻ ജംഗ്ഷനിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഗവ. ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വ്യാജ നമ്പർ പ്ലേറ്റു വെച്ച ജീപ്പിലാണ് ആറംഗ സംഘം സഞ്ചരിച്ചിരുന്നത്. പരിശോധനക്കായി പൊലീസ് സമീപിച്ച സമയം പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും രണ്ടു പേരെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു.
വിമാന മാർഗം കടത്തികൊണ്ടു വരുന്ന സ്വർണം കവർച്ച ചെയ്യാൻ വേണ്ടി എത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോടു പറഞ്ഞു. പിടിയിലായ മജീഫ് കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയുടെ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ മാസം മൂന്നിനു എടവണ്ണയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ചുവീഴ്‌ത്തി 26 ലക്ഷം കവർന്ന കേസ്സിലെ പ്രതിയാണ് മജീഫ്. ഈ കേസ്സിൽ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.മജീഫും ടോണിയും മുൻപും കവർച്ചാ കേസ്സിൽ ഉൾപ്പെട്ടവരും ടോണിയെ കാപ്പ ചുമത്തി നാടുകടത്തിയതുമാണ്. പിടിച്ചെടുത്ത വാഹനം ടോണിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്