- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുനില വീട്ടിൽ താമസം; മക്കളെ പിതാവിനൊപ്പം മുകളിലത്തെ നിലയിലാക്കി; താഴത്തെ നിലയിൽ കാമുകന് രാജേശ്വരിയുടെ സൽക്കാരം; കാമുകൻ മദ്യം നൽകി മുത്തശ്ശിയെയും പാട്ടിലാക്കി; ഒടുവിൽ മകൻ ഇടപെട്ടത് ഗതികേടുകൊണ്ട്; 16 കാരനെ അമ്മയും കാമുകനും മുത്തശ്ശിയും തല്ലിച്ചതച്ചതിന് പിന്നിൽ
കൊച്ചി: അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യംചെയ്തതതിന് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കിയ വാർത്ത സാക്ഷര കേരളം ഞെട്ടലോടെയാണ് കേട്ടത്. കളമശ്ശേരി പൊലീസ് പരിധിയിൽ നടന്ന സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് അറസ്റ്റിലായ കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മുമ്മ വളർമതി, രാജേശ്വരിയുടെ സുഹൃത്ത് -സുനീഷ് എന്നിവരാണ് റിമാന്റിലായിരിക്കുന്നത്.
തമിഴ്നാട് സ്വദേശികളായ രാജേശ്വരിയും വളർമതിയും വർഷങ്ങൾക്ക് മുൻപേ കൊച്ചിയിൽ എത്തിയവരാണ്. തമിഴ്നാട്ടിൽ കഴിയവെ രാജേശ്വരിയുടെ തരികിടകൾ കണ്ട് മടുത്ത് ഭർത്താവ് ഉപേക്ഷിച്ച് പോയെന്നാണ് പൊലീസ് പറയുന്നത്. രാജേശ്വരിയുടെ മൂന്ന് മക്കൾക്കും അച്ഛനെ കണ്ട് ഓർമ്മയില്ല. പച്ചക്കറി കട നടത്തുന്നതിന് പുറമെ വീടുകൾ തോറും ചീരയും പയറും അടക്കം എത്തിക്കുന്ന ജോലിയും ഉണ്ടായിരുന്ന രാജേശ്വരി ആറുമാസം മുൻപാണ് കോൺട്രാക്ടർ കൂടിയായ സുനീഷിനെ പരിചയപ്പെടുന്നത്.
അമ്മ വളർമതിയെ കട ഏൽപ്പിച്ചിട്ട് സുനീഷിനൊപ്പം ചെറിയ കരാർ പണികൾക്കും രാജേശ്വരി പോയിരുന്നു. പിന്നീട് ഫെയ്സ് ബുക്ക് വഴിയുള്ള ചാറ്റിങ് കൂടിയായതോടെ വയനാട് സ്വദേശിയായ സുനീഷുമായി രാജേശ്വരി കൂടുതൽ അടുത്തു. അങ്ങനെ ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും സുനീഷ് രാജേശ്വരിയുടെ വീട്ടിലെ സന്ദർശകനായി.
ഒരു ഇരുനില വീട്ടിലാണ് രാജേശ്വരി കഴിഞ്ഞിരുന്നത്. താഴത്തെ നിലയിൽ രാജേശ്വരിയും അമ്മയും മാത്രം. മുകളിലെത്തെ നിലയിൽ രാജേശ്വരിയുടെ പിതാവും മൂന്ന് കുട്ടികളുമാണ് കഴിഞ്ഞിരുന്നത്. സുനീഷ് വീട്ടിൽ എത്തുന്നത് പലപ്പോഴും കുട്ടികളും പിതാവും അറിഞ്ഞിരുന്നില്ല. ഇതിനിടെ സുനീഷിന്റെ ഭവന സന്ദർശനം അങ്ങാടിപ്പാട്ട് ആയതോടെ വിവരം കുട്ടികളുടെ ചെവിയിലും എത്തി അങ്ങനെയാണ് മൂത്ത മകനായ 16 കാരൻ വിഷയത്തിൽ ഇടപെട്ടത്. എസ്.എസ്. എൽ.സി പരീക്ഷ ജയിച്ച് നിൽക്കുന്ന മകൻ ആദ്യം അമ്മയെ ഉപദേശിച്ചു. അമ്മുമ്മയോടും വിലക്കി. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് സുനീഷിനെ വിലക്കാൻ ശ്രമിച്ചതും കൊടിയ മർദ്ദനം ഏറ്റുവാങ്ങിയതും.
16 കാരന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവരാണ് കുട്ടിയെ ക്രൂരമർദ്ദനത്തിനു വിധേയമാക്കിയത്. കുട്ടിയുടെ രണ്ട് കയ്യും തല്ലിയൊടിക്കുകയും ശരീരമാസകലം മർദ്ദനമേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. കത്രിക കൊണ്ട് മുറിവേൽപ്പിച്ചതിന്റെ പാടുകളുമുണ്ട്. ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയിൽ നീരുവന്ന നിലയിലുമാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ അപ്പുപ്പനും അയൽക്കാരുമാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് റിമാന്റിലാക്കിയത്. സുനീഷ് വയനാട് സ്വദേശിയാണെങ്കിലും ഇപ്പോൾ ആലുവയിലാണ് താമസം. സുനീഷിന് ഭാര്യയും കുട്ടികളുമുണ്ട്. ഇതിനൊപ്പം തന്നെയാണ് രാജേശ്വരിയുമായും സുനീഷ് സൗഹൃദം പുലർത്തിയത്.
പതിനാറുകാരനും അമ്മയും തമ്മിൽ സുനീഷിന്റെ വിഷയത്തിൽ തർക്കമായി. ഈ തർക്കത്തിന്റെ ഒടുവിലാണ് രാജേശ്വരിയും അമ്മ വളർമതിയും സുനീഷും കൂടി കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ഒരാഴ്ച മുൻപ് കമ്പ്യൂട്ടർ കീ ബോർഡ് കൊണ്ടും കുട്ടിയുടെ തലയ്ക്ക് അടിച്ചിരുന്നു.
സുനീഷ് വീട്ടിലെത്തുന്നതിൽ വളർമതിക്ക് വിരോധമില്ല. വളർമതിക്കായുള്ള മദ്യവുമായാണ് സുനീഷ് വീട്ടിലെത്തുന്നതെന്നും ആരോപണം ഉണ്ട്. പൊലീസ് കേസെടുത്തതോടെ മൂവരും ഒളിവിൽ പോയിരുന്നു. നെടുമ്പാശ്ശേരിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മർദനത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർ നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തത്. നിലവിൽ കുട്ടി ഒരു ബന്ധുവീട്ടിലാണ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്