- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിള്ളിപ്പാലത്തെ റസ്റ്റോറന്റ് ഉടമയ്ക്ക് 38 ലക്ഷം ചിട്ടി പിടിച്ച് കിട്ടിയെന്ന് അറിഞ്ഞപ്പോഴേ തലപുകഞ്ഞുതുടങ്ങി; വെള്ളത്തൂവൽ ചിത്തിരപുരം പള്ളിയിൽ കണക്കിൽ പെടാത്ത പണമുണ്ടെന്നും കൊടുത്താൽ ഇരട്ടി കിട്ടുമെന്നും ചങ്ങാതിയെ വിശ്വസിപ്പിച്ച് 35 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ
ഇടുക്കി: പള്ളിയിൽ കണക്കിൽപ്പെടാത്ത പണം ഉണ്ടെന്നും കൊടുക്കുന്ന തുകയുടെ ഇരട്ടി നൽകുമെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ വിളിച്ചുവരുത്തി 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൊടുപുഴ അരീക്കുഴ ലക്ഷമിഭവനിൽ അനിൽ വി കൈമളി( 35)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
ഈ മാസം 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം തൈക്കാട് കുന്നപ്പിള്ളിൽ ബോസിന്റെ പണമാണ് അനിൽ ഉൾപ്പെട്ട സംഘം വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിത്തിരപുരം പള്ളിക്ക് സമീപം വച്ച് തട്ടിയെടുത്തത്.
ബോസിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ സിബ, കുമാർ, പൊന്നൻ, സുനിൽ, അജയകുമാർ എന്നിവർക്ക് കൃത്യം നടത്തുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർ ഒളിവിലാണ്.
കിള്ളിപ്പാലത്ത് റസ്റ്റോറന്റ് നടത്തിവരുന്ന ബോസ് കെഎസ്എഫ്ഇയുടെ 50 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നിരുന്നു. അടുത്തിടെ നടന്ന നറുക്കെടുപ്പിൽ ചിട്ടി ബോസിന് ലഭിച്ചു. 38 ലക്ഷം രൂപ ഈ വകയിൽ ബോസിന്റെ കയ്യിൽ എത്തി. ഇത് മനസ്സിലാക്കി സിബിയും കൂട്ടരും ചേർന്ന് തുക തട്ടിയെടുക്കാൻ കർമ്മപദ്ധതി ആവിഷ്‌കരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പള്ളിയിൽ കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്നും നൽകുന്ന തുകയുടെ ഇരട്ടി പണം തിരികെ നൽകുമെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കലാണ് നടക്കുന്നതെന്നും സിബി ബോസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
38 ലക്ഷത്തിൽ 35 ലക്ഷം ഇരട്ടിപ്പിനായി നൽകാൻ ബോസ് സമ്മതിച്ചു. തുകയുമായി ഒറ്റയ്ക്ക് വരണമെന്നായിരുന്നു വിവരം പറഞ്ഞപ്പോൾ പള്ളി വികാരി എന്നും പറഞ്ഞ് മൊബൈലിൽ ബന്ധപ്പെട്ട ആൾ പറഞ്ഞത്. ഇതുപ്രകാരം കാറിൽ ബോസ് സിബിയെയും കൂട്ടി ഇടുക്കിക്ക് പുറപ്പെട്ടു. ചിത്തിരപുരം എത്തുമ്പോഴേയ്ക്കും പള്ളിവികാരി എന്നുപറഞ്ഞ് പരിചയപ്പെട്ട ആളുടെ കോൾ വീണ്ടും എത്തി. ഒറ്റയ്ക്കാണോ വരുന്നതെന്ന് ഉറപ്പിക്കുകയായിരുന്നു ഈ വിളിയുടെ ലക്ഷ്യം.
ഡ്രൈവറാണ് സിബിയെന്ന് പറഞ്ഞുനോക്കിയെങ്കിലും മൊബൈലിൽ വിളിച്ചയാൾ ആരെയും ഒപ്പം കൂട്ടരുതെന്നും സിബിയെ കാറിൽ നിന്ന് ഇറക്കി വിടണമെന്നും ബോസിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം സിബിയെ ബോസ് വഴിയിൽ ഇറക്കി വിട്ടു. മാത്യു എന്നൊരാൾ വരുമെന്നും പണം കൊടുത്തുവിടണമെന്നും വൈദീകൻ എന്നുപരിചയപ്പെടുത്തിയ ആൾ നിർദ്ദേശിച്ചു.പറഞ്ഞുതീരും മുമ്പ് മാത്യുസ് എന്ന് പരിചയപ്പെടുത്തി ഒരാൾ ബോസിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. താമസിയാതെ ബോസ് പണം ഇയാൾക്ക് കൈമാറി. കാർ തിരിച്ചിട്ട് നോക്കുമ്പോൾ പണം വാങ്ങിയ ആളെ കാണാനില്ല.
ഉടൻ ബോസ് സിബിയെ വിളിച്ച് കാര്യം പറഞ്ഞു. ഉടൻ സിബി വലിയതാൽപര്യത്തോടെ പ്രശ്നത്തിൽ ഇടപെടുകയും അവിടെയും ഇവിടെയും എല്ലാം അന്വേഷണത്തിന് എന്ന വ്യാജേന ബോസിനെയും കൂട്ടി പോകുകയും ചെയ്തിരുന്നു. തുടർന്നാണ് ബോസ് വെള്ളത്തൂവൽ പൊലീസിൽ വിവരങ്ങൾ വ്യക്തമാക്കി പരാതി നൽകിയത്. ബോസിന്റെ മൊബൈലിലേയ്ക്ക് വന്ന കോളുകൾ സൈബർ സെൽ മുഖേന പരിശോധിച്ചപ്പോൾ തട്ടിപ്പിന് പിന്നിലുൾപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അനിലിനെ മൈസൂരിൽ നിന്നും പൊലീസ് സംഘം പൊക്കിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കേസ് സംബന്ധിച്ച് പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന. കേസിൽ അന്വേഷണം നടന്നുവരികയാണെന്നും പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നുമാണ് പൊലീസ് നിലപാട്.
മറുനാടന്‍ മലയാളി ലേഖകന്.