മലപ്പുറം: ഒരു മില്ലിഗ്രാമിന് വില 20 ലക്ഷംരൂപ. രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി സിപിഎം. നേതാവായ പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡണ്ടും അടക്കം മൂന്നു പേർ പിടിയിൽ. അരുവാപുലം മുൻപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി.പി. കുമാർ (63), പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രതീപ് നായർ (62),തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്.

ഇന്നു വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ളാസ്‌കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് വില്പന നടത്താൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു.
ഒരു മില്ലിഗ്രാമിന് വില 20 ലക്ഷം രൂപയോളം രൂപക്കാണ് ഇവ വിൽപന നടത്തുന്നതെന്നാണു ചോദ്യംചെയ്യലിൽ പ്രതികൾ പൊലീസിനു നൽകിയ മൊഴി. പ്രതിയായ മുൻപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി.പി.കുമാർ റിട്ടേയേർഡ് സ്‌കൂൾ കായികാധ്യാപകൻ കൂടിയാണണ്.

പ്രതികൾക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്‌പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്‌ഐ ഫദൽ റഹ്‌മാനും, ഡൻസാഫ് ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. സ്വർണവെള്ളരി പോലെ ഇവയ്ക്കും വൻവിലയാണു ഈടാക്കുന്നത്. പലകാരണങ്ങൾ പറഞ്ഞാണു ഇവ വിൽപന നടത്തുന്നത്.