- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോഗ് ട്രെയ്നേഴ്സ് എന്ന വ്യാജേന മുറിയെടുത്ത് താമസം; പകൽ മുഴുവൻ മുറിയിൽ കഴിയുന്ന ഇരുവരും പുറത്തിറങ്ങുക രാത്രിയിൽ; മോളി, മാന്റി, ബട്ടൺ എന്നീ പേരുകളിൽ എക്സ്റ്റസി പില്ലും ക്രിസ്റ്റൽ എംഡിഎംഎയും വിൽപ്പന; കൊച്ചിയിൽ യുവാവും യുവതിയും പിടിയിൽ
കൊച്ചി:എറണാകുളം ടൗൺ കേന്ദ്രീകരിച്ച് വൻ തോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ഉപ്പുകണ്ടം സ്വദേശി പൂയപ്പള്ളി വീട്ടിൽ അരവിന്ദ്. (32) കാക്കനാട് സ്വദേശിയും ഇപ്പോൾ പള്ളിക്കര - പിണർ മുണ്ടയിൽ താമസിക്കുന്ന അഞ്ചാം കുന്നത്ത് വീട്ടിൽ അഷ്ലി (24) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്റലിജൻസിന്റെയും സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് 18.55 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ യും 15 എണ്ണം എക്സ്റ്റസി പിൽസും (1.246 ഗ്രാം) എക്സൈസ് പിടിച്ചെടുത്തു. ഒരു ഒരിടവേളക്ക് ശേഷമാണ് അതീവ വിനാശകാരിയ എക്റ്റസി പിൽസ് ഇത്രയും അധികം പിടിച്ചെടുക്കുന്നത്. എറണാകുളം ടൗണിൽ വ്യത്യസ്ത ഇടങ്ങളിൽ ഓൺലൈനായി റൂം എടുത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു.
ബാംഗ്ലൂരിൽ നിന്നാണ് ഇരുവരും മയക്ക് മരുന്ന് എത്തിച്ചിരുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് അരവിന്ദിന്റെ ഉടമസ്ഥതയിൽ ഉള്ള 14 ലക്ഷത്തോളം വില വരുന്ന സൂപ്പർ ബൈക്കുമായി ഇയാളുടെ ശിങ്കിടിയായ നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീമിലെ മിന്നൽ മച്ചാനെ എക്സൈസ് സ്പെഷ്യൽ ആക്ഷൻ ടീം എംഡിഎംഎ യുമായി സൂപ്പർ ബൈക്ക് അടക്കം പിടികൂടിയിരുന്നു.
ഇതിന് പിന്നാലെ മുങ്ങിയ അരവിന്ദിനെ എക്സൈസ് ഷാഡോ സംഘം തിരഞ്ഞ് വരുകയായിരുന്നു. തുടർന്ന് ഇടപ്പള്ളിക്കടുത്ത് മരോട്ടിച്ചുവടിൽ എ.വി. ജോസഫ് ലൈനിലുള്ള അപ്പാർട്ട്മെന്റിൽ അരവിന്ദും ആഷ്ലിയും താമസിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ ഇരുവരുടേയും നീക്കങ്ങൾ എക്സൈസ് ഷാഡോ സംഘം ദിവസങ്ങളോളം നിരീക്ഷിച്ച് വരുകയായിരുന്നു. തുടർന്ന് ഇവരുടെ പക്കൽ മയക്ക് മരുന്ന് ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇവരുടെ താമസ സ്ഥലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻതോതിൽ രാസലഹരി കണ്ടെത്തുകയായിരുന്നു.
ഡോഗ് ട്രെയ്നേഴ്സ് എന്ന വ്യാജേനയാണ് ഇരുവരും ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയത്. പകൽ സമയം മുഴുവൻ റൂമിൽ കഴിയുന്ന ഇരുവരും രാത്രിയോട് കൂടിയാണ് മയക്ക് മരുന്ന് കൈമാറ്റം ചെയ്തിരുന്നത്. മോളി, മാന്റി, ബട്ടൺ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന എക്സ്റ്റസി പിൽസ് ഒന്നിന് 4000 മുതൽ ഡിമാന്റ് അനുസരിച്ച് പല വിലകളാണ് ഇവർ ഈടാക്കിയിരുന്നത്.
ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.ഇൻസ്പെക്ടർ പ്രമോദ് എംപി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ , പ്രിവന്റീവ് ഓഫീസർ ടി.എൻ . അജയകുമാർ , കെ.ആർ. സുനിൽ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ. എൻ.ഡി.ടോമി, പി.പത്മഗിരീശൻ, വനിത സിഇഒ അനിമോൾ , ഡ്രൈവർ പ്രവീൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.