- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുകൊലക്കേസുകളിൽ ഉൾപ്പെടെ 15 ഓളം കേസുകളിലെ പ്രതിയായ കൊടുംക്രിമിനൽ; തമിഴ്‌നാട് പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലെ കുപ്രസിദ്ധൻ; ഒടുവിൽ മൊബൈൽ മോഷണ കേസിന്റെ അന്വേഷണത്തിനിടെ പ്രതി പാണ്ഡ്യൻ പിടിയിൽ; ഒളിച്ചു കഴിഞ്ഞത് എടവണ്ണയിൽ
മലപ്പുറം: മൂന്നുകൊലക്കേസിൽ ഉൾപ്പെടെ 15ഓളം കേസിലെ പ്രതിയായ കൊടുംക്രിമിനൽ പിടിയിലായത് മൊബൈൽ മോഷണ കേസിന്റെ അന്വേഷണത്തിനിടെ. കൊലക്കേസുകൾക്കു പുറമെ കൊലപാതകശ്രമവും ഉൾപ്പെടെ പതിനഞ്ചോളം കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി പാണ്ഡ്യനെയാണു എടവണ്ണ പൊലീസ് പിടികൂടിയത്.
എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ നടന്ന മൊബൈൽ മോഷണ കേസിന്റെ അന്വേഷണത്തിലാണു പാണ്ടിയൻ പിടിയിലാകുന്നത്. തമിഴ്‌നാട്ടിൽ മൂന്നോളം കൊലപാതകങ്ങളും, കൊലപാതക ശ്രമവും, മോഷണം, പിടിച്ചുപറി തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാളെന്നു പൊലീസ് പറയുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ താമസിച്ചു വരവേ ആറുമാസം മുമ്പാണ് എടവണ്ണ ഓതായയിൽ എത്തിയത്. റബ്ബറിന് കവർ ഇടുന്ന ജോലി ചെയ്തുവരവേയാണ് തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി ആമയൂരിൽ ടാപ്പിങ് ജോലി ചെയ്യുന്ന ബാലമുരുകന്റെ പതിനെട്ടായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ ഇയാൾ മോഷ്ടിച്ചത്.
തുടർന്ന് ബാലമുരുകൻ എടവണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ അന്വേഷണത്തിലാണ് പാണ്ഡ്യൻ പിടിയിലാകുന്നത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ വി വിജയരാജൻ ഇയാളെ ചോദ്യം ചെയ്യുകയും, തമിഴ്‌നാട്ടിൽ കൊലപാതകം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾ നടത്തിയതായും ഇയാൾ പൊലീസിനോട് സമ്മതിച്ചു. തമിഴ്‌നാട്ടിൽ ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണ സംഘത്തിനും രൂപം നൽകിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പാണ്ഡ്യനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
അതേസമയം കേരള പൊലീസിൽ തനിക്ക് വിശ്വാസമുണ്ട്, തമിഴ്‌നാട് പൊലീസിൽ വിശ്വാസമില്ലെന്ന് പ്രതി പാണ്ഡ്യൻ പറഞ്ഞു. 2014 ലും, 19ലും താൻ കൊലപാതകം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന ജാതിയിൽപ്പെട്ട തങ്ങളെയും കുടുംബത്തെയും മുതിർന്ന ജാതിയിലുള്ളവർ അധിക്ഷേപിക്കുകയും, ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തതിൽ പ്രതികാരമായാണ് താൻ കൊലപാതകം നടത്തിയതെന്നും ഇയാൾ പറയുന്നു. തന്റെ ജീവന് ഭീഷണി ഉള്ളതായും പാണ്ഡ്യൻ പറഞ്ഞു. എടവണ്ണയിൽ നിന്നും മഞ്ചേരി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയാണ് പ്രതിയായ പാണ്ഡ്യന്റെ പ്രതികരണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്