- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ടു യുവാക്കൾ ബൈക്കിൽ; മൃതദേഹത്തിൽ മേൽവസ്ത്രങ്ങൾ ഇല്ലാതിരുന്നതും സംശയകരം; മൃതദേഹം കിടന്നിരുന്നത് മുട്ടോളം മാത്രമുള്ള വെള്ളത്തിൽ; ചാലിയാറിൽ 17 കാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം
കോഴിക്കോട്: ചാലിയാറിൽ 17 വയസുകാരിയുടെ മുങ്ങി മരണത്തിൽ ദുരൂഹത. കൊലപാതകം സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. മൃതദേഹത്തിൽ മേൽവസ്ത്രം ഇല്ലാതിരുന്നതിലും പെൺകുട്ടിയുടെ കുടുംബം ദുരൂഹത ആരോപിച്ചു. പിന്നീട് മേൽവസ്ത്രങ്ങൾ കണ്ടെത്തി. മുങ്ങൽവിദഗ്ദ്ധർ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടി ധരിച്ചിരുന്ന ചുരിദാർ ടോപ്പും ഷാളും കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കിടന്നതിന് സമീപത്തുനിന്നാണ് വസ്ത്രങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷി മൊഴി നൽകിയിരുന്നു.
പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ ബൈക്കിലെത്തിയിരുന്നു. പെൺകുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെൺകുട്ടിയുടെ സഹോദരി പറയുന്നു. മൃതദേഹത്തിൽ മേൽവസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെൺകുട്ടിയുടെ സഹോദരി പ്രതികരിച്ചു.
നേരത്തെ, പെൺകുട്ടിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും രംഗത്തെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും പുഴയിൽ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തിയത്. മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഊർക്കടവ് സ്വദേശിയും കരാട്ടെ അദ്ധ്യാപകനുമായ വി സിദ്ദീഖ് അലിയെ പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. മരണത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതി.
പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കടുത്ത മനസപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കരാട്ടെ പരീശീലനത്തിനെത്തുന്ന മറ്റു പെൺകുട്ടികളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി. പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും സഹോദരിമാർ വെളിപ്പെടുത്തി. താൻ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇതുകൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നെങ്കിലും പെൺകുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു.
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ