- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വര്‍ഷങ്ങളായുള്ള ഉറ്റസുഹൃത്തിന്റെ വീട്ടിലെത്തിയത് ഫാന്‍ നന്നാക്കാന്‍; കിടപ്പുമുറിയിലെ അലമാരയില്‍ കണ്ട അഞ്ച് പവന്റെ സ്വര്‍ണ മാല പ്രലോഭനമായി; അയല്‍ക്കാരനെ ചതിച്ച ചങ്ങാതി ഒടുവില്‍ പിടിയില്‍; മാലയും കണ്ടെടുത്തു
അയല്ക്കാരന്റെ അഞ്ചുപവന്റെ സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍
മലപ്പുറം: ഉറ്റ സുഹൃത്തിന്റെ വീട്ടില്‍ ഫാന്‍ നന്നാക്കാനെത്തിയപ്പോള്‍ അഞ്ച് പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്ന് മുങ്ങിയ ഇലക്ട്രീഷ്യന് അറസ്റ്റില്‍. വൈരംകോട് സ്വദേശി കൊട്ടാരത്ത് മൂസക്കുട്ടിയെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂസക്കുട്ടിയുടെ ഉറ്റ സുഹൃത്തും അയല്‍വാസിയുമായ വെളുത്തേടത്ത് പറമ്പില്‍ ഉണ്ണികൃഷ്ണന്റെ മാലയാണ് നഷ്ടമായിരുന്നത്. കവര്‍ച്ചാ മുതല്‍ പൊലീസ് കണ്ടെടുത്തു.
വര്‍ഷങ്ങളായി ഉണ്ണിക്കൃഷ്ണന്റെ ഉറ്റ സുഹൃത്തായ മൂസക്കുട്ടി കഴിഞ്ഞ മാസം 23 നായിരുന്നു കവര്‍ച്ച നടത്തിയത്. ഇലക്ട്രീഷ്യനായ മൂസക്കുട്ടിയെ കിടപ്പു മുറിയിലെ ഫാന്‍ നന്നാക്കാന്‍ വിളിച്ചതായിരുന്നു. ഇതിനായി കിടപ്പു മുറിയില്‍ കയറിയ മൂസക്കുട്ടി മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
റിമോട്ട് സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്ന ഫാനിന്റെ റിമോട്ട് മൂസക്കുട്ടി ആവശ്യപ്പെട്ടു. അലമാരയില്‍ നിന്ന് റിമോട്ട് എടുത്ത് നല്‍കിയതിന് ശേഷം റിമോട്ടിലെ ബാറ്ററി മാറ്റാനായി ഉണ്ണികൃഷ്ണന് മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഈ സമയത്ത് മാല കൈവശപ്പെടുത്തിയ മുസക്കുട്ടി ഫാന്‍ പിന്നെ ശരിയാക്കാമെന്നും മറ്റൊരു അത്യാവശ്യ കാര്യമുണ്ടെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് പോയി. മൂസക്കുട്ടി പോയതിന് പിന്നാലെ ക്ഷേത്രത്തില്‍ പോകാനായി വസ്ത്രം മാറുന്നതിന് അലമാര തുറന്നപ്പോഴാണ് ഉണ്ണികൃഷ്ണന് മോഷണ വിവരം അറിഞ്ഞത്.
അതോടെ മൂസക്കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നായിരുന്നു മറുപടി. തുടര്‍ച്ചയായി ചോദിച്ചപ്പോള്‍ ഇപ്പോള്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ കട്ടാക്കി. പിന്നീട് സ്വിച്ച് ഓഫായി. അതോടെ തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബവുമായി അടുത്തിടപഴകുന്നതിനൊപ്പം ഉണ്ണിക്കൃഷ്ണനുമായി നിരന്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ആള് കൂടിയായിരുന്നു മൂസക്കുട്ടി.
പണത്തിന് എന്ത് ആവശ്യം വന്നാലും ഓടിയെത്തുക ഉണ്ണിക്കൃഷ്ണന്റെ അടുത്തായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഏതാനും വീട് അപ്പുറമാണ് മൂസക്കുട്ടിയുടെ വീട്. കവര്‍ച്ചക്ക് ശേഷം വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. കവര്‍ന്ന മാല കണ്ടെടുക്കാനായത് ഉണ്ണികൃഷ്ണന് ആശ്വാസമായി. തിരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മാല ഉണ്ണികൃഷ്ണന് തിരിച്ചറിഞ്ഞു. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മാല ഉടമക്ക് തിരിച്ച് ലഭിക്കും.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ