കോഴിക്കോട്: മലയാളികള്‍ നടത്തുന്ന ക്രൂരമായ ഗാര്‍ഹികപീഡനത്തിന്റെ വാര്‍ത്തകള്‍ അടിക്കടി പുറത്തുവരുന്ന സമയമാണ്. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെതടക്കമുള്ള നിരവധി വാര്‍ത്തകള്‍ ഈയിടെയുണ്ടായി. ഇപ്പോഴിതാ കോഴിക്കോട് കുണ്ടുങ്ങലില്‍ നിന്ന് ഞെട്ടിക്കുന്ന ഗാര്‍ഹിക പീഡനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്.

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് കുണ്ടുങ്ങല്‍ പി കെ ഹൗസില്‍ നൗഷാദ് (39) ആണ് പിടിയിലായത്. ഭാര്യ ജാസ്മിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാസങ്ങളായി നൗഷാദ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് ജാസ്മിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

നൗഷാദ് കൊടിയ സൈക്കോ

രണ്ട് ദിവസം മുമ്പാണ് കേസിന്നാസ്പദമായ സംഭവമുണ്ടായത്. പെട്രോളുമായി രാത്രി വീട്ടിലെത്തിയ പ്രതി കതകിന് മുട്ടുകയായിരുന്നു. പേടി കാരണം ജാസ്്മിന്‍ കതക് തുറന്നില്ല. വാതില്‍ തുറക്കാതായതോടെ വീട്ടുമുറ്റത്തിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്ര വാഹനത്തിന് തീയിടുകയായിരുന്നു.

ലഹരി ഉപയോഗിച്ച ശേഷം നൗഷാദ് ജാസ്മിനെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പല തവണ ജാസ്മിനെ നൗഷാദ് മര്‍ദ്ദിക്കുകയുണ്ടായി. ഏതാനും ദിവസം മുമ്പ് മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജാസ്മിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം ഉമ്മയും ഉപ്പയും ജാസ്മിനെ കാണാനെത്തി. ഇതേ ചൊല്ലിയും നൗഷാദ് ജാസ്മിനെ അക്രമിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയില്‍ വരയുകയും മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. നൗഷാദിനെ ചെമ്മങ്ങാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. വധശ്രമത്തിനും വാഹനം നശിപ്പിച്ചതിനും പീഡനത്തിനും ഉള്‍പ്പെടെ അഞ്ച് കേസുകള്‍ നൗഷാദിനെതിരെ ചുമത്തിയിട്ടുണ്ട്.

നൗഷാദ് നേരത്തേയും ക്രൂരമായി മര്‍ദിച്ചിട്ടുണ്ടെന്നാണ് ജാസ്മിന്‍ പറയുന്നത്. ജാസ്മിന്‍ നേരത്തേ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയെടുത്തതിനെ ചൊല്ലിയായിരുന്നു ഇതിന് മുന്‍പ് വഴക്കുണ്ടാക്കിയത്. ഇതിന്റെ പേരില്‍ പലതവണ മര്‍ദിച്ചു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ജാസ്മിന്‍ ആരോപിച്ചു. 'നീ എന്റെ ഉറക്കംകളഞ്ഞു, അതുകൊണ്ട് നീ ഉറങ്ങേണ്ട എന്നുപറഞ്ഞ് ഉറങ്ങാന്‍ സമ്മതിക്കില്ല. തലയില്‍ വെള്ളമൊഴിക്കും. കൈപിടിച്ച് തിരിക്കും. വായില്‍ വിരലിട്ട് അകത്തിപിടിക്കും. തലയ്ക്കടിക്കുകയുംചെയ്യും. ചൊവ്വാഴ്ച പുലര്‍ച്ചെ കത്തിയെടുത്ത് നെറ്റിയില്‍ വരച്ചു. കൊല്ലുമെന്ന് പറഞ്ഞ് ശ്വാസംമുട്ടിച്ചു. ശ്വാസംകിട്ടാതെ ഞാന്‍ പിടയുമ്പോള്‍ വിടും. വീണ്ടും ഇത് ആവര്‍ത്തിക്കും,' ജാസ്മിന്‍ പറഞ്ഞു.അതേസമയം, നൗഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് ജാസ്മിന്റെ മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞാഴ്ചയും ആക്രമണമുണ്ടായെന്നും ഇവര്‍ പറഞ്ഞു.