- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യമിട്ടത് മേയറുടെ സത്കീർത്തിക്ക് ഭംഗം വരുത്താൻ; ആര്യ ഡൽഹിയിൽ ആയിരിക്കവേ ലെറ്റർ പാഡിൽ വ്യാജ ഒപ്പിട്ട് കത്ത് നിർമ്മിച്ചവർക്കെതിരെ അന്വേഷണ സംഘം ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: താൽക്കാലിക നിയമനങ്ങൾക്കു പാർട്ടി പട്ടിക ആവശ്യപ്പെട്ടു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക ലെറ്റർപാഡിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയതായി പുറത്തുവന്ന കത്ത് വ്യാജമായി നിർമ്മിച്ചുവെന്ന് ക്രൈംബ്രാഞ്ച്. മേയർ ആര്യ രാജേന്ദ്രന്റെ സത്കീർത്തിക്ക് ഭംഗം വരുത്താൻ ഇലക്ട്രോണിക് യന്ത്ര സഹായത്താൽ കത്ത് വ്യാജയമായി നിർമ്മിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആരോപണത്തിൽ കേസെടുത്ത ക്രൈംബ്രാഞ്ച് ഇന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു തിരുവനന്തപുരം സി ജെ എം കോടതിയിൽ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ നേരിട്ടു തന്നെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ 11.20 ഓടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കോടതിയിൽ എത്തിച്ചത്. ഐ പി സി 465, 466, 469 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മേയർ ആര്യാരാജേന്ദ്രനെ പൊതുജന മധ്യത്തിൽ ഇകഴ്ത്തി കാണിക്കുന്നതിനും അവരുട സത്കീർത്തിക്കു ഭംഗം വരുത്തുന്നതിനുമാണ് ഈ കുറ്റം കൃത്യം ചെയ്തിരിക്കുന്നതെന്നും എഫ് ഐ ആറിൽ പറയുന്നു. മേയറുടെ ഒപ്പ് വ്യാജമായി നിർമ്മിച്ചാണ് കത്ത് പ്രചരിപ്പിച്ചിരിക്കുന്നത്.ഈ സമയം ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ മേയർ ഡൽഹിയിൽ പോയിരിക്കുകയായിരുന്നുവെന്നും എഫ് ഐ ആറിൽ ഉണ്ട്.
അതേ സമയം കത്ത് കൃത്രിമമാണോയെന്ന് ഉറപ്പിക്കണമെങ്കിൽ ഒറിജിനൽ കണ്ടെത്തിയേപറ്റൂ. കത്തിന്റെ വാട്സാപ്പിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. ഇതുമാത്രം വച്ച് നിഗമനങ്ങളിൽ എത്താനാകില്ല. വിശദമായ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ഷേഖ് ദർവേഷ് സാഹിബിന് അന്വേഷണ സംഘം കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കത്ത് കൃത്രിമമാണെന്ന മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയും റിപ്പോർട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പരാമർശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് ഇന്നലെ റിപ്പോർട്ട് കൈമാറിയത്. ഏതു വകുപ്പു പ്രകാരമുള്ള കേസാണു രജിസ്റ്റർ ചെയ്യേണ്ടതെന്നു റിപ്പോർട്ട് വ്യക്തമാക്കിയിരുന്നില്ല. അതിനിടെയാണ് തിടുക്കത്തിൽ ഇന്ന് രാവിലെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കേസിന്റെ തുടരന്വേഷണം ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ തന്നെ നടത്തും.
സർക്കാർ നിലപാട് അറിഞ്ഞശേഷമാകും കേസിന്റെ ദിശ എങ്ങോട്ടാവണം എന്ന് ഡിജിപി അനിൽകാന്ത് തീരുമാനമെടുക്കുക. അന്വേഷണം ലോക്കൽ പൊലീസിനു കൈമാറേണ്ടതില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം തന്നെ കേസെടുത്ത് അന്വേഷിക്കുന്നതാകും ഉചിതമെന്നും ആഭ്യന്തര വകുപ്പിൽ ധാരണയായതായി വിവരമുണ്ട്. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിൽ 295 താൽക്കാലിക നിയമനങ്ങൾക്കു പാർട്ടി പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു എഴുതിയ കത്ത് ഈ മാസം അഞ്ചിനാണു പുറത്തായത്.
എസ്എടി ആശുപത്രി നിയമനത്തിനായി ആനാവൂരിനു കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എഴുതിയ കത്തു കൂടി പുറത്തുവന്നതോടെ വിവാദം രൂക്ഷമായി. തുടർന്നാണു പ്രാഥമിക അന്വേഷണത്തിനു ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. കത്തിനു പിന്നിൽ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കാൻ വിജിലൻസ്
അന്വേഷണത്തിന് ഹൈക്കോടതിയും ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ അതേ നിഗമനങ്ങളിൽതന്നെയാണ് വിജിലൻസും എത്തിയത്. തദ്ദേശസ്ഥാപന ഓംബുഡ്സ്മാൻ മേയറോടും കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിനോടും വിശദീകരണം തേടിയെങ്കിലും ഇന്നലെയും മറുപടി നൽകിയില്ല.
ഞായറാഴ്ച വരെയായിരുന്നു സമയപരിധി. കത്ത് വിഷയത്തിലെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മേയറുടെ രാജിക്കായി കോൺഗ്രസും ബിജെപിയും പ്രക്ഷോഭം തുടർന്നതോടെ കോർപറേഷൻ പരിസരം സംഘർഷഭരിതമാണ്. വിവാദ കത്ത് പ്രചരിച്ചതു പാർട്ടി അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിലാണ്. അതിലുള്ള അംഗങ്ങൾ, ആരോപണവിധേയരായ ഏരിയ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി എന്നിവരെയൊന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ബന്ധപ്പെട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്കും മുതിർന്നില്ല. സംശയമുള്ളവരുടെ മൊബൈൽ ഫോണുകൾ, കത്തു തയാറാക്കിയ കോർപറേഷൻ ഓഫിസിലെ കംപ്യൂട്ടറുകൾ എന്നിവ അന്വേഷണ വിധേയമാക്കാതിരുന്നതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്