- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ; കൊച്ചിയിലെ കേശവ സ്മൃതിയിൽ എത്തിയത് അമ്പതംഗ സിആർപിഎഫ് സംഘം; പി.എഫ്.ഐയിലും അനുബന്ധ സംഘടനകളിലും പ്രവർത്തിച്ചവരെ നിരീക്ഷിക്കാൻ സംസ്ഥാന ഇന്റലിജൻസും; ഓഫീസുകൾ പൂട്ടി മുദ്ര വെക്കേണ്ടതും സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടേണ്ടതും സംസ്ഥാനങ്ങൾ
കൊച്ചി: പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സുരക്ഷാ ഭീഷണിയുള്ള അഞ്ച് ആർ.എസ്.എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്ര സേന കൊച്ചിയിലെത്തി. അമ്പതംഗ സിആർപിഎഫ് സംഘമാണ് ആലുവയിലെത്തിയത്. നേതാക്കൾ കേശവസമൃതി എന്നുപേരുള്ള ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിലാണ് ഉള്ളത്. കാര്യാലയത്തിനും സുരക്ഷയൊരുക്കിയിട്ടുണ്ട്.
പോപുലർ ഫ്രണ്ടിന് ഏറെ സ്വാധീനമുള്ള മേഖലയാണ് ആലുവ. പോപുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. എന്നാൽ ഏതൊക്കെ നേതാക്കന്മാർക്കാണ് സുരക്ഷാ ഭീഷണിയുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. അതിനിടെ, പിഎഫ്ഐ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘടനയുടെ പ്രവർത്തകരെയും പിന്തുണയ്ക്കുന്നവരെയും നിരീക്ഷിക്കണമെന്നും നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന പൊലീസാകും പിഎഫ്‌ഐക്കാരെ നിരീക്ഷിക്കുക.
കേന്ദ്ര നിർദേശത്തെ തുടർന്ന് ഇന്ന് രാവിലെ സംസ്ഥാന ഇന്റലിജൻസ് എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പിഎഫ്‌ഐയിലും അനുബന്ധ സംഘടനകളിലും പ്രവർത്തിച്ചവരെ നിരീക്ഷിക്കാൻ തീരുമാനമായി. മറ്റ് ജില്ലാ പൊലീസ് മേധാവിമാർക്കാണ് ലോ ആൻഡ് ഓർഡർ എഡിജിപി നിർദ്ദേശം. ഓഫീസുകൾ സീൽ ചെയ്യാനെത്തുമ്പോൾ ഏതെങ്കിലും രീതിയിലുള്ള സംഘർഷം ഉണ്ടാവുകയാണെങ്കിൽ അത് തടയാനുള്ള നടപടികൾ സ്വീകരിക്കാനും പൊലീസ് മേധാവികൾക്ക് നിർദേശമുണ്ട്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തിൽ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്റലിന്റ്‌സ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും വീട്ടിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംഘടന പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കുന്നത് പൊലീസാകും.
നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കാനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനുമാണ് നിർദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്കും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയത്. പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടേയും പട്ടിക കളക്ടർമാർ തയ്യാറാക്കി മുദ്രവയ്ക്കണം. ഇവ തുടർന്ന് ഉപയോഗിക്കാൻ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും.
കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളിൽ പ്രവേശിച്ചാൽ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും. സംഘടനയുടെ ചുമതലയുള്ള കൂടുതൽ പേരുടെ അറസ്റ്റും വൈകാതെ ഉണ്ടാകും. പേര് മാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
മറുനാടന്‍ മലയാളി ബ്യൂറോ