- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് കുത്തിവെച്ച് പുരോഹിതൻ ദളിത് യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; തടവിലാക്കി മറ്റു പ്രതികൾക്ക് കൈമാറി; കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഭർത്താവിന്റെ പരാതിയിൽ അന്വേഷണം
ജയ്പുർ: രാജസ്ഥാനിലെ അജ്‌മേറിൽ ദളിത് യുവതിയെ മയക്കുമരുന്നു കുത്തിവച്ച് തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. അജ്മേർ സ്വദേശിയായ 25-കാരിയെയാണ് ഇവരുടെ കുടുംബവുമായി അടുപ്പമുള്ള പുരോഹിതൻ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പുരോഹിതനായ സഞ്ജയ് ശർമയെ മുഖ്യപ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ ആദ്യം ബലാത്സംഗം ചെയ്തതും പിന്നീട് മറ്റുള്ളവർക്ക് കൈമാറിയതും ഇയാളാണെന്ന് പൊലീസ് അറിയിച്ചു.
25-കാരിയുടെ പരാതിയിൽ വെള്ളിയാഴ്ചയാണ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതായും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സഞ്ജയ് ശർമ യുവതിയെ ആദ്യം ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്യുകയും യുവതിയിൽനിന്ന് പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് യുവതിയെ തടവിലാക്കിയ പ്രതി, മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞമാസമാണ് സഞ്ജയ് ശർമ യുവതിയെ തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിനിടെ, യുവതിയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതോടെ ഇയാൾ 25-കാരിയെ പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
മയക്കുമരുന്ന് അടക്കം കുത്തിവച്ചാണ് 25-കാരിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒരുമാസത്തിനിടെ പലതവണ യുവതി ബലാത്സംഗത്തിനിരയായി. ഭർത്താവിനെയും കുട്ടികളെയും കൊല്ലുമെന്നും ബലാത്സംഗ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സഞ്ജയ് ശർമ ഭീഷണിപ്പെടുത്തിയിരുന്നു.
മയക്കമരുന്ന് കുത്തിവെച്ചതിനാൽ മിക്കസമയത്തും യുവതി അബോധാവസ്ഥയിലായിരുന്നു. അതിനാൽ എത്രപേരാണ് ബലാത്സംഗം ചെയ്തതെന്ന് പോലും യുവതിക്ക് കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്