കൽപ്പറ്റ: വയനാട്ടിൽ ഗർഭിണിയായ യുവതി അഞ്ചുവയസുള്ള മകളെയും കൊണ്ട് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും ഭർതൃമാതാപിതാക്കളും പൊലീസിൽ കീഴടങ്ങി. വെണ്ണിയോട് ജൈൻ സ്ട്രീറ്റിൽ അനന്തപുരി ഹൗസിൽ ഓംപ്രകാശ് (36), അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് ഇന്ന് രാവിലെ കന്പളക്കാട് പൊലീസിൽ കീഴടങ്ങിയത്. ഓംപ്രകാശിന്റെ ഭാര്യയും കണിയാന്പറ്റ ചീങ്ങാടി വിജയമന്ദിരം സി.വി. വിജയകുമാറിന്റെ മകളുമായ ദർശന (34) ഇവരുടെ അഞ്ചു വയസുള്ള മകൾ ദക്ഷയോടൊപ്പം ജൂലൈ 13നാണ് വെണ്ണിയോട് പുഴയിൽ ചാടിയത്.

ദർശനയെ നാട്ടുകാർ പുഴയിൽ നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദക്ഷയുടെ മൃതദേഹം ഏതാനും ദിവസങ്ങൾക്കുശേഷമാണ് കിട്ടിയത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തതിനെ തുടർന്ന് ഭർത്താവും വീട്ടുകാരും ഒളിവിൽ പോവുകയായിരുന്നു. മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കീഴടങ്ങിയത്. ഇവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്.

ദർശന കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തു വന്നിരുന്നു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു. മുമ്പ് രണ്ട് തവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും അതിന് നിർബന്ധിച്ചതോടെയാണ് മകൾ ജീവനൊടുക്കിയത്. മകളുടെ ഭാവി കരുതിയാണ് ദർശന തിരികെ ഭർതൃവീട്ടിലേക്ക് പോയതെന്നും മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.

ദർശന കുഞ്ഞിനെയെടുത്ത് പുഴയിൽ ചാടിയത് ഭർതൃവീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെ; ഗുരുതര ആരോപണങ്ങളുമായി കുടുംബംമാനസിക പീഡനത്തിന് തെളിവായ ഭർതൃപിതാവിന്റെ ഓഡിയോ റെക്കോഡും കുടുംബം പരസ്യപ്പെടുത്തി. ഭർത്താവ് വെണ്ണിയോട് സ്വദേശി ഓംപ്രകാശും പിതാവ് ഋഷഭരാജനും ദർശനയെ മർദിച്ചിരുന്നതായി സഹോദരി ആരോപിച്ചിരുന്നു. ഒരിക്കൽ കംബ്ലക്കാട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജൂലൈ 13നാണ് ദർശന വിഷം കഴിച്ച ശേഷം അഞ്ച് വയസ്സുകാരി മകൾക്കൊപ്പം വെണ്ണിയോട് പുഴയിൽ ചാടിയത്.

ദർശനയുടെ മാതാപിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും മറ്റും നൽകിയ പരാതിയിലാണ് ഓം പ്രകാശിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിൽ നിന്നു മകൾക്ക് ഏൽക്കേണ്ടി വന്നതു കൊടിയ പീഡനമായിരുന്നുവെന്ന് ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. 2016 ഒക്ടോബർ 23നായിരുന്നു ദർശനയുടെ വിവാഹം. വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിയും മുൻപേ പ്രശ്‌നങ്ങൾ തുടങ്ങി. വിവാഹ സമ്മാനമായി നൽകിയ സ്വർണം ഓംപ്രകാശിന്റെ പിതാവ് നടത്തിയിരുന്ന കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണു പീഡനങ്ങളുടെ തുടക്കം.

ഭർത്താവും പിതാവും ഈ കാര്യം ചോദിച്ചു പീഡിപ്പിക്കുന്നതു നിത്യ സംഭവമായിരുന്നു. ദർശന പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്ത വകയിൽ ലഭിച്ച തുക ഓംപ്രകാശിനു കാർ വാങ്ങാൻ നൽകാത്തതിലും പീഡനം തുടർന്നുവെന്നു ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചു. വിവാഹ ബന്ധത്തിൽ നിന്നു പിന്മാറിയാൽ ദക്ഷയ്ക്ക് അച്ഛൻ നഷ്ടപ്പെടുമെന്ന ചിന്തയാണ് മകളെ ആ തീരുമാനത്തിൽ നിന്നു പിന്മാറ്റിയത്. ഇതിനിടയിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി 2 തവണ ഗർഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളർത്തിയിരുന്നു.

ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് മകൾ ആത്മഹത്യയിൽ അഭയം തേടിയതെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.