- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ ടെറസിൽ നിന്നും മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടു; വന്നുനോക്കിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി; മറ്റൊന്നും അറിയില്ലെന്നും യുവതിയുടെ ഭർത്താവ്; വിശ്വസനീയമല്ലെന്ന് ബന്ധുക്കൾ; മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് പൊലീസ്; അന്വേഷണം തുടരുന്നു
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വാഴക്കാട്ട് വീടിന്റെ ടെറസിനു മുകളിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ചെറുവട്ടൂർ നരോത്ത് നജ്മുന്നീസയാണ് (32) മരിച്ചത്. നജുമുന്നീസ കഴിഞ്ഞ ദിവസം മക്കളോടൊത്ത് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ദിവസം പുലർച്ചെ ഭർത്താവ് താമസിക്കുന്ന വീടിന്റെ ടെറസ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥലത്ത് ഡോഗ്സ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. നജ്മുന്നിസ മരിച്ച വിവരം ഭർത്താവ് മൊയ്തീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്. വാഴക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ് നജ്മുന്നീസയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.
മലപ്പുറം എസ്പി.സുജിത്ത്ദാസ്, കൊണ്ടോട്ടി എ.എസ്പി. വിജയഭാരത റെഡ്ഡി എന്നിവർ സംഭവസ്ഥലത്ത് എത്തി തുടർ അന്വേഷണം നടത്തുകയും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു. മൃതദേഹപരിശോധനയ്ക്ക് ശേഷം രാത്രി വാഴക്കാട് വലിയ ജുമാ മസ്ജിദിൽ ഖബറടക്കും.
എങ്ങനെയാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നജ്മുന്നീസയെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം ഭർത്താവു തന്നെയാണ് പുറത്തറിയിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാലാണ് മൊയ്തീനെയും ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
വീടിന്റെ മുകളിൽനിന്ന് മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോൾ നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി. മറ്റൊന്നും അറിയില്ലെന്നും ഇയാൾ പൊലീസിനു മൊഴി നൽകി. എന്നാൽ, മൊയ്തീന്റെ വാക്കുകൾ വിശ്വസനീയമല്ലെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാട്. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം മൊയ്തീനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ഇന്നു പുലർച്ചെയാണ് വീടിന്റെ ടെറസിനു മുകളിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച നിലയിൽ കണ്ടെത്തിയ നജ്മുന്നീസയും ഭർത്താവ് മൊയ്തീനും മക്കളുമാണ് ഈ വീട്ടിൽ താമസം. നജ്മുന്നീസ കഴിഞ്ഞ ദിവസം എട്ടും ആറും വയസ്സുള്ള മക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതിനു പിന്നാലെയാണ് പുലർച്ചെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിന്നിൽ ഒരു കോണി ചാരിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയാകാം നജ്മുന്നീസ വീടിന്റെ ടെറസിലെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
മറുനാടന് മലയാളി ബ്യൂറോ