- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനുള്ളിൽ പലയിടത്തും രക്തക്കറ; തീ കത്തിയത് മൃതദേഹം കിടന്ന ഭാഗത്ത് മാത്രം; ഗ്യാസ് സ്റ്റൗവിൽ നിന്ന് ട്യൂബൂരി മാറ്റിയ നിലയിൽ; പുതപ്പും മറ്റുതുണികളും മൃതശരീരത്തിനൊപ്പം; നാരകക്കാനത്ത് തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; അരുംകൊല മോഷണശ്രമത്തിനിടെ
ചെറുതോണി: നാരകക്കാനത്ത് വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ(66) യെ ആണ് പൂർണ്ണമായും കത്തി കരിഞ്ഞ നിലയിൽ ബുധനാഴ്ച വൈകിട്ട് അടുക്കളയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ പലയിടത്തും രക്തക്കറ കണ്ടെത്തിയതിനാൽ കൊലപാതമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് ഇടുക്കി എസ്‌പി വി.യു. കുര്യാക്കോസ് പറഞ്ഞു. ചിന്നമ്മ അണിഞ്ഞിരുന്ന 7 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും കാണാതായിട്ടുണ്ട്. ഇതാണ് മോഷണ ശ്രമമെന്ന് സംശയിക്കാൻ കാരണം.
പുറത്ത് പോയിട്ട് വൈകിട്ടോടെ മടങ്ങിയെത്തിയ മകന്റെ മകൾ അനഘയാണ് സംഭവം ആദ്യം കണ്ടത്. അപ്പോൾ തന്നെ ചായക്കട നടത്തുകയായിരുന്ന പിതാവിനേയും നാട്ടുകാരേയും വിവരമറിയിച്ചു. ആദ്യനോട്ടത്തിൽ തന്നെ അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു. വീടിന്റെ മുറികളിലെ ഭിത്തികളിൽ പലഭാഗത്തും രക്തകറകൾ കണ്ടെത്തിയിരുന്നു. മൃതശരീരം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിട്ടുള്ളൂ. വീട്ടിലെ ഉപകരണങ്ങൾക്കും സ്റ്റൗവിനും യാതൊരുകേടുപാടുകളും സംഭവിച്ചിരുന്നില്ല.
സ്റ്റൗവിൽ നിന്ന് ട്യൂബൂരി മാറ്റിയ നിലയിലായിരുന്നു. മൃതശരീരം കിടന്നതിനടിയിൽ പുതപ്പിട്ടിരുന്നതും വീട്ടിലെ മറ്റ് തുണികൾ മൃതശരീരത്തിനോടൊപ്പം കണ്ടതും സംശയത്തിനിടയാക്കിയിരുന്നു. ശരീരത്തിൽ കാൽപാദം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ചിന്നമ്മ ആരോഗ്യവതിയും ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നതിന് വിദഗ്ധ പരിചയം നേടിയിട്ടുള്ളയാളുമാണ്.
രണ്ട്, മൂന്ന് സ്റ്റൗവുകൾ ഒന്നിച്ച് പ്രവർത്തിപ്പിക്കുന്നതിനും പരിചയമുള്ളയാളാണ്. അപകടമുണ്ടായാൽ നേരിടാനുള്ള കഴിവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചിന്നമ്മ ആത്മഹത്യചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാൽ തന്നെ ഇതു കൊലപാതകമെന്ന് ആദ്യനോട്ടത്തിൽ തന്നെ നാട്ടുകാർ പറഞ്ഞിരുന്നു.
ബുധനാഴ്ച രാവിലെ മകന്റെ മകളും ചിന്നമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഒൻപതിനുശേഷം മകന്റെ മകൾ സ്‌കൂളിലെ ആവശ്യങ്ങൾക്കായി പുറത്തുപോയിരുന്നു. അഞ്ചു മണിയോടെയാണ് തിരികെ വന്നത്. ഈ സമയം ഒറ്റക്കാണ് ചിന്നമ്മ വീട്ടിലുണ്ടായിരുന്നത്. മൂന്ന് മണിയോടെ ഇവിടെ നിന്നു പുകകണ്ടതായും പറയപ്പെടുന്നുണ്ട്. വീട്ടീൽ നിന്ന് മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചതിനുശേഷമേ പറയാൻ കഴിയുകയുള്ളൂ.
വീട്ടിൽ നിന്നെടുത്ത പുതപ്പിൽ കിടത്തിയശേഷം മറ്റു തുണികൾ മുകളിലിട്ട് ഗ്യാസ് ട്യൂബ് ഊരിവിട്ട് കത്തിച്ചതാകാമെന്നാണ് സംശയം. മൃതശരീരം കിടന്നഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. കിടത്തിയിരുന്ന പുതപ്പിന്റെ ബാക്കിഭാഗം കത്താതെ കിടന്നതിലും ദുരൂഹതയുണ്ട്. പൊലീസ് സർജന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ പോസ്റ്റുമാർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ വൈകിട്ടോടെ നാരകക്കാനം പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. സംഭവത്തിൽ ദുരൂഹത ബോധ്യപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച തന്നെ വീടുപൂട്ടി സീൽ ചെയ്തിരുന്നു.
സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് പരിശോധന നടത്തുകയും കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുൾപ്പെടെ സമീപ വാസികളേയും സംശയ നിഴലിലുള്ളവരേയും ചോദ്യം ചെയ്ത് പ്രതികളെ കണ്ടെത്താൻ ഉർജിതമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. വീട്ടിൽ നിന്ന് മണം പിടിച്ച പൊലീസ് നായ സമീപത്തുള്ള മറ്റൊരു വീടുവരെയെത്തി മടങ്ങി.
മറുനാടന് മലയാളി ലേഖകന്.