മുംബൈ: കൃഷ്ണ മൃഗവേട്ടകേസ് മുതൽ ബോളിവുഡ് നടൻ സല്മാൻഖാൻ അധോലോക സംഘത്തിന്റെ നോട്ടപ്പുള്ളിയാണ്. ലോറൻസ് ബിഷ്‌ണോയി സംഘം അദ്ദേഹത്തെ വധിക്കുമെന്ന് നിരവധി തവണ ഭീഷണികൾ മുഴക്കിയിരുന്നു. ഇപ്പോൾ വീണ്ടും സൽമാന് ഭീഷണി ഉയർന്നതോടെ അദ്ദേഹത്തിന്റെ സുരക്ഷയും മുംബൈ പൊലീസ് വർധിപ്പിച്ചു. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ഭീഷണിക്ക് പിന്നിൽ. നിലവിൽ സൽമാന് വൈ പ്ലസ് സുരക്ഷ നൽകി വരുന്നുണ്ട്.

പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനെ സംബോധന ചെയ്ത് ലോറൻസ് ബിഷ്‌ണോയി എന്ന പേരിലുള്ള ഒരു അക്കൗണ്ടിൽ നിന്നുമാണ് ഭീഷണി ഉയർന്നത്.

''നിങ്ങൾ സൽമാൻ ഖാനെ ഒരു സഹോദരനായി കണക്കാക്കുന്നുണ്ടല്ലോ. അതിനാൽ ഇപ്പോൾ നിങ്ങളുടെ 'സഹോദരന്' നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സൽമാൻ ഖാന് വേണ്ടിയുമാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന് വ്യാമോഹിക്കരുത്. നിങ്ങളെ രക്ഷിക്കാൻ ആർക്കും സാധിക്കില്ല. സിദ്ധു മൂസേവാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അയാൾ എങ്ങിനെയുള്ളയാളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കരുതുക. മുഴുവൻ പടവും ഉടൻ പുറത്തിറങ്ങും. നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് ഓടിപ്പോവുക. എന്നാൽ ഓർക്കുക മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരും' - എന്നായിരുന്നു ആ കുറിപ്പ്.

കാനഡയിലെ വാൻകൂവറിലെ തന്റെ വീടിന് പുറത്ത് ഒരാൾ വെടിവച്ചതായി ഗ്രെവാൾ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് നേരത്തെ ഏറ്റെടുത്തിരുന്നു. സൽമാനുമായി തനിക്ക് സൗഹൃദമില്ലെന്നും രണ്ട് തവണ മാത്രമേ താരത്തെ കണ്ടിട്ടുള്ളൂവെന്നും വെടിവെപ്പ് സംഭവത്തിന് ശേഷം ഗ്രെവാൾ പറഞ്ഞിരുന്നു.

സൽമാനെതിരെ പുതിയ ഭീഷണി വന്നതിന് പിന്നാലെ മുംബൈ പൊലീസ് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകുകയും അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കുകയും ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യഥാർത്ഥമാണോയെന്നും ബിഷ്‌ണോയി ജയിലിലായതിനാൽ ആരാണ് അത് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.

സൽമാന് നേരെ നേരത്തെയും ഭീഷണി ഉയർന്നിരുന്നു. താരത്തിനുനേരെ വധശ്രമം ഉണ്ടാകുയും ചെയ്തിരുന്നു. മുംബൈ പൻവേലിലെ സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപത്തുവെച്ച് കൊല നടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു. ഗായകൻ സിദ്ദു മൂസ് വാലയുടെ ഗതി വരുമെന്നായിരുന്നു മുമ്പ് പുറത്തുവന്ന സന്ദേശത്തിൽ ഉമ്ടായിരുന്നത്.

ഗോൾഡി ബ്രാറും ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് അടുത്തിടെ അറസ്റ്റിലായ ലോറൻസ് നിഷ്‌നോയ് സംഘത്തിന്റെ ഷൂട്ടർ കപിൽ പണ്ഡിറ്റുമായിരുന്നു ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്. ഇതിനായി കപിൽ പണ്ഡിറ്റ്, സന്തോഷ് ജാദവ്, ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടർമാരും മുംബൈയിലെ വാസെ ഏരിയയിലെ പൻവേലിൽ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. സൽമാൻ ഖാന്റെ പൻവേലിലുള്ള ഫാം ഹൗസിന് സമീപത്തായിരുന്നു ഇത്.

അക്രമി സംഘത്തിലെ ഒരാൾ സൽമാൻ ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയിലെ വീട്ടിൽ ഒന്നര മാസത്തോളം വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നു. താരത്തെ ആക്രമിക്കാൻ ഈ ഷൂട്ടർമാരുടെ പക്കൽ ചെറിയ ആയുധങ്ങളും ഉണ്ടായിരുന്നു. ഹിറ്റ് ആൻഡ് റൺ കേസിൽ ഉൾപ്പെട്ടതു മുതൽ താരം കാറിന്റെ വേഗതയിൽ വളരെ ശ്രദ്ധാലുവായിരുന്നുവെന്ന് ഷൂട്ടർമാർ മനസ്സിലാക്കി. പൻവേലിലെ ഫാം ഹൗസിലേക്ക് പോകുമ്പോൾ സൽമാൻ ഖാന്റെ കാർ വളരെ കുറഞ്ഞ വേഗതയിലാണ് ഓടിച്ചിരുന്നത്. മിക്ക സമയത്തും സ്വകാര്യ അംഗരക്ഷകൻ ഷെറയോടൊപ്പമുണ്ടായിരുന്നു സൽമാന്റെ യാത്ര.

ഇതിനുപുറമെ, ഫാംഹൗസിലേക്കുള്ള വഴിയിലെ കുഴികളുടെ എണ്ണവും ഷൂട്ടർമാർ മനസ്സിലാക്കി. ഇവിടെ കാറിന്റെ വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി കുറയുമായിരുന്നു. സൽമാൻ ഖാന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ ലോറൻസ് ബിഷ്‌ണോയി സംഘം ഫാം ഹൗസിന് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആരാധകരാണെന്ന വ്യാജേനയും ഇവർ താരത്തിന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു.സൽമാൻ ഖാൻ രണ്ട് തവണ ഫാം ഹൗസ് സന്ദർശിച്ചിരുന്നുവെങ്കിലും സംഘാംഗങ്ങൾ ആക്രമിക്കാനുള്ള അവസരം ലഭിച്ചില്ല. സംഘാംഗങ്ങളിൽ ചിലർ അടുത്തിടെ പിടിയിലായതോടെയാണ് ഗൂഢാലോചനയെ കുറിച്ച് പൊലീസിന് മനസ്സിലായത്. ഇതോടെ അടിക്കടി വീടുകൾ മാറിയൊക്കെ പൂർണ്ണമായും രഹസ്യജീവിതമാണ് നയിക്കുന്നത്. പൊതുരംഗത്തും ഇപ്പോൾ അധികം പ്രത്യക്ഷപ്പെടുന്നില്ല.