മലപ്പുറം: ദുബായിയിൽ നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണം കവർച്ച ചെയ്യാൻ വന്ന വയനാട് സ്വദേശിയായ യുവതി ഉൾപ്പെടെ ഉള്ള സംഘത്തിന്റെ തലവനെ പൊലീസ് പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ചക്കരിക്കാട് പറമ്പ് വീട്ടിൽ ഷഹീർ ( 28 ) നെയാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്.

കഴിഞ്ഞ ഡിസംബർ 22ന് ദുബായിൽ നിന്നും പിടിയിലായ ഷഹീറിന്റെ സംഘത്തിൽ ഉൾപ്പെട്ട വയനാട് സ്വദേശിയായ ഡീന വത്സൻ എന്ന യുവതി അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണം യഥാർത്ഥ ഉടമക്ക് നൽകാതെ കവർച്ച ചെയ്തു കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ജംനാസ് , മുഹമ്മദ് സഹദ് , സ്വർണം കടത്തി കൊണ്ടുവന്ന ഡീന എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഷഹീർ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. ഡീനയെ സ്വർണക്കടത്ത് കാരിയറാക്കിയതിന്റെ പ്രധാനകാരണക്കാരൻ ഷഹീറാണെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യത്യസ്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ മാസമാണ് സ്വർണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് ഡീന അടക്കമുള്ള മൂന്ന് പേരെ പൊലീസ് പിടികൂടിയത്. ദുബായിൽ നിന്ന് സ്വർണ്ണമായി എത്തിയ സുല്ത്താന് ബത്തേരി സ്വദേശിനി ഡീന (30), സ്വര്ണ്ണം തട്ടിയെടുക്കാന് വിമാനത്താവളത്തിൽ എത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയായായിരുന്നു കഴിഞ്ഞ ഡിസംബർ മാസം പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി സുബൈര് എന്നയാള്ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേർ ഡീനയുടെ അറിവോടെ എത്തുകയും പിന്നീട് വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറുകയുമായിരുന്നു.

മുമ്പും സ്വർണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്ന്ന് കടത്ത് സ്വര്ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേ സമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്ണ്ണം സ്വീകരിക്കാന് എയര്പോര്ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്ച്ചാ സംഘത്തോടൊപ്പം കാറില് കയറി അതിവേഗം എയര്പോര്ട്ടിന് പുറത്തേക്ക് ഡീന പോകുകയായിരുന്നു. എന്നാൽ ഇത് മണത്തറിഞ്ഞ കേരള പൊലീസ് വാഹനത്തെ വട്ടമിട്ട് പിടിച്ചു.

കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗേജില് ഒളിപ്പിച്ച സ്വര്ണ്ണം പൊലീസിന് കണ്ടെടുക്കാനായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൊണ്ടി മുതല് സഹിതം മഞ്ചേരി കോടതിയില് ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് മഞ്ചേരി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തു. ഇതിനിടയിൽ ഡീനയുടെ ഒപ്പമുണ്ടായിരുന്ന ഒരു പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഡീന അടക്കം മൂന്ന് പേരെ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു.

അതേ സമയം കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് കാരിയർമാരാകാൻ സുന്ദരികളായ യുവതികൾക്ക് വൻ ഡിമാന്റുണ്ട്. ഇവർക്കു സാധാരണ കാരിയർമാർക്കു നൽകുന്നതിനേക്കാൾ ഇരട്ടി തുകയും പ്രതിഫലമായി നൽകും. ഒരിക്കലും പിടികൂടാൻ സാധ്യതയില്ലെന്ന മൂൻധാരണയിലാണ് ഇത്തരത്തിൽ യുവതികളെ തേടി ഏജന്റുമാർ ഗൾഫിൽ സജീവമായി വലവിരിച്ചിരിക്കുന്നത്. ഗർഫിൽനിന്നും നാട്ടിലേക്കുപോരുന്ന യുവതികളെ ബന്ധപ്പെടാൻ പ്രത്യേക ഏജന്റുമാർ തന്നെ ഗൾഫ് രാജ്യങ്ങളിലുണ്ടെന്നു പിടിയിലായ ചിലർ മൊഴി നൽകിയതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ സി പി വിജയ് ഭാരത് റെഡ്ഡി , കരിപ്പൂർ ഇൻസ്പക്ടർ ഷിബു , കൊണ്ടോട്ടി എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.