ബംഗളൂരു: മണ്ഡ്യയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്‌കൂൾ ടീച്ചറുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം തുടരും. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് മറവു ചെയ്ത നിലയിൽ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറിൽ സ്‌കൂളിലേക്കു പോയ ഇവർ മടങ്ങിയെത്തിയില്ലെന്നു ഭർത്താവ് ലോകേഷ് നൽകിയ പരാതിയിലുണ്ട്. കാണാതായി രണ്ടു ദിവസത്തിന് ശേഷമാണ് മൃതദേഹം കിട്ടിയത്.

പ്രദേശവാസിയായ നിതീഷ് എന്നയാളാണ് ദീപികയെ അവസാനം വിളിച്ചതെന്നും നിതീഷാണ് കൊന്നതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയതിനുശേഷം നിതീഷ് ഒളിവിലാണ്. നിതീഷ് ഒളിവിൽ പോയതു കൊണ്ട് തന്നെ ഈ വാദം പൊലീസും ഗൗരവത്തോടെ കാണുന്നു. നിതീഷിനെ കണ്ടെത്തിയാൽ മാത്രമേ വസ്തുത പുറത്തുവരൂ. നിതീഷിന് വേണ്ടിയാണ് അന്വേഷണം നടക്കുന്നത്.

മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ നിന്ന് സ്‌കൂട്ടർ കണ്ടെടുത്തതോടെയാണ് ഈ പ്രദേശത്ത് കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയത്. ഇളകിക്കിടന്ന മണ്ണിനിടയിൽ നിന്ന് തുടർന്നു ദീപികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ദീപികയുമായി അടുപ്പത്തിലായിരുന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഒളിവിലുള്ള ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് 2 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഭർത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു അദ്ധ്യാപികയുടെ താമസം.

ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോയതാണ് ദീപിക. സ്‌കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. കാണാത്തതിനെത്തുടർന്ന് ഭർത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സ്‌കൂളിലെത്തി അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് 12-ന് ദീപിക സ്‌കൂട്ടറിൽ മടങ്ങിയതായി മനസ്സിലാക്കി. ഇതിനിടെയാണ് സ്‌കൂട്ടർ കിട്ടിയത്.

പൊലീസ് ദീപികയുടെ പിതാവിനെ വിളിച്ച് വാഹനം കണ്ടെത്തിയകാര്യം അറിയിച്ചു. സ്‌കൂട്ടർ കണ്ടെത്തിയ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ദീപികയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് വീണ്ടും പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ സംശയംതോന്നിയ സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് രണ്ട് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയാണ് ഇപ്പോൾ.

സ്‌കൂട്ടർ കണ്ടെത്തിയ സ്ഥലത്ത് രണ്ടു ദിവസമായപ്പോഴേക്കും അഴുകിയതിന്റെ ഗന്ധം എത്തി. ഇതേ തുടർന്നാണ് ബന്ധുക്കൾ മണ്ണു മാറ്റി പരിശോധിച്ചത്. പരിചയക്കാരനായ നതീഷ് ഇവരെ കൊന്നു കുഴിച്ചു മൂടിയെന്നാണ് നിഗമനം. മൃതദേഹത്തിൽ പ്രാഥമികമായി മുറിവുകളൊന്നും കണ്ടെത്താനായില്ല. അഴുകി തുടങ്ങിയതിനാൽ പോസ്റ്റ്‌മോർട്ടം നിർണ്ണായകമാകും.