- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകത്തിന് ശേഷവും ഒരു സൈക്കോയെ പോലെ എല്ലാദിവസവും ഫ്രിഡ്ജിൽ നിന്ന് ശ്രദ്ധയുടെ മുഖം എടുത്തുനോക്കി; രക്തക്കറ നീക്കി ഫോറൻസിക്കിനെ പറ്റിക്കാൻ ഉപയോഗിച്ചത് സൾഫർ ഹൈപോക്ലോറൈറ്റ്; കൊലയ്ക്ക് ശേഷം അഫ്തബിന്റെ കുടുംബം മുംബൈക്ക് അടുത്തുള്ള വസതി വിട്ടുപോയി; മെഹ്രോളിയിലെ കാട്ടിൽ നിന്ന് ശ്രദ്ധയുടെ 10 മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു
ന്യൂഡൽഹി: ഡൽഹിയിലെ കൊലപാതകത്തിൽ, ശ്രദ്ധ വാൽക്കറുടെ 10 മൃതദേഹവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതി അഫ്തബിനെ മെഹ്രോളിയിലെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരച്ചിൽ മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.
തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ വാശി പിടിച്ചതോടെയാണ് അഫ്താബിന്റെ നിറം മാറിയത്. മെയ് 18 ന് ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന് നിയന്ത്രണം വിട്ട അഫ്തബ് ശ്രദ്ധയുടെ നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തന്റെ ലിവ് ഇൻ പങ്കാളിയുടെ ശരീരം 35 കഷ്ണമായി മുറിച്ച അതേ മുറിയിലായിരുന്നു അഫ്തബിന്റെ ഉറക്കം. ഫ്രിഡ്ജിൽ മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ച ശേഷം എല്ലാ ദിവസവും ശ്രദ്ധയുടെ മുഖം എടുത്ത് നോക്കിയിരുന്നു.
കൊലപാതകത്തിന് ശേഷം താൻ സൾഫർ ഹൈപോക്ലോറൈറ്റ് ഉപയോഗിച്ചാണ് രക്തക്കറ തുടച്ചുനീക്കിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ ഡിഎൻഎ കണ്ടെത്താതിരിക്കാൻ വേണ്ടിയായിരുന്നു ഈ സാഹസം. ശ്രദ്ധയുടെ ചോര പുരണ്ട വസ്ത്രങ്ങൾ ഇയാൾ ഒരു മാലിന്യ വണ്ടിയിൽ തള്ളി.
മൃതദേഹാവശിഷ്ടങ്ങൾ കാട്ടിൽ തള്ളിയ ശേഷം അഫ്തബ് ഫ്രിഡജ് നന്നായി വൃത്തിയാക്കുകയും ചെയ്തു. ശ്രദ്ധയുടെ മൃതശരീരം മുറിക്കാൻ ഉപയോഗിച്ച കത്തിയും മറ്റും വാങ്ങിയ കടയിലും പൊലീസ് അഫ്തബിനെ തെളിവെടുപ്പിനായി കൊണ്ടുപോയി. എന്നാൽ, അഫ്തബ് കടയിൽ നിന്ന് കത്തി വാങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമല്ല. മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിക്കാനുള്ള ഗാർബേജ് ബാഗുകൾക്കൊപ്പമാണ് ഇയാൾ കത്തിയും വാങ്ങിയത്.
അഫ്തബ് ധാരാളം പെൺകുട്ടികളുമായി അപ്പാർട്ട്മെന്റിൽ വന്നിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്. ശ്രദ്ധയും അഫ്തബും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ആരുമായും ഇടപെടുകയും ചെയ്യാതിരുന്നതുകൊണ്ട് ആരും ഇവരുടെ കാര്യത്തിൽ തലയിടാൻ പോയില്ല. അതും അഫ്തബിന് കൊലപാതകം ഒളിപ്പിക്കാൻ സഹായകമായി.
കൊലപാതകത്തിന് ശേഷം അഫ്തബ് 6-7 മണിയോടെ വീട്ടിലെത്തിയിരുന്നു. രാത്രി രണ്ടുമണിയോടെ പുറത്തിറങ്ങി മൃതദേഹങ്ങൾ കറുത്ത ഫോയിലിൽ പൊചതിഞ്ഞ് കൊണ്ടുപോയ ശേഷം ഫോയിൽ ഇല്ലാതെ കാട്ടിൽ ഉപേക്ഷിച്ചു. ഫോയിൽ വേണ്ടെന്ന് വച്ചത് ആരും അത് കണ്ട് സംശയിക്കാതിരിക്കാൻ ആയിരുന്നു.
സോഷ്യൽ മീഡിയ പരിശോധിക്കുമ്പോൾ, അഫ്തബ് കുറച്ചുനാൾ ഫുഡ് ബ്ലോഗിങ് ചെയ്തിരുന്നു. എന്നാൽ, കുറച്ചുനാളായി വീഡിയോകൾ ഒന്നുമില്ല. അവസാന പോസ്റ്റ് ഫെബ്രുവരിയിലായിരുന്നു. ഇയാൾക്ക് ഇൻസ്റ്റയിൽ 28,000 ത്തിലേറെ ഫോളോവേഴ്സുണ്ട്.
അഫ്തബ് അമീൻ പൂണെവാലയുടെ കുടുംബം രണ്ടാഴ്ച മുമ്പാണ് മുംബൈക്ക് അടുത്തുള്ള വസതി വിട്ടത്. കുടുംബത്തെ യാത്രയക്കാൻ അഫ്തബ് അവിടെ എത്തിയിരുന്നു. അടുത്തിടെ വീട്ടീൽ എത്തിയപ്പോഴും, വളരെ സാധാരണമായാണ് അഫ്തബ് പെരുമാറിയതെന്ന് ഇയാളുടെ കുടുംബം താമസിച്ചിരുന്ന സ്ഥലത്തെ അയൽക്കാർ പറഞ്ഞു. അവിടെ ജനിച്ചുവളർന്ന പയ്യൻസ് ഇങ്ങനെ കാട്ടിക്കൂട്ടിയതിന്റെ ഞെട്ടലിലാണ് അവരെല്ലാം. അഫ്തബിന്റെ പിതാവിന് മുംബൈയിലാണ് ജോലി. വീട് വിടുന്നത് എന്തിനെന്ന് ചോദിച്ചപ്പോൾ മുംബൈയിലേക്ക് മാറുകയാണ് എന്നായിരുന്നു കുടുംബത്തിന്റെ മറുപടി. അഫ്തബിന്റെ ഇളയ സഹോദരനും മുംബൈയിൽ അടുത്തിടെ ജോലി കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ വീട് മാറ്റം അസ്വാഭാവികമായി തോന്നിയില്ല.
കൊലപാതകത്തിന് ശേഷം പുതിയ കാമുകി
അഫ്തബ് അമീൻ പൂനവാല കൊലപാതകത്തിന് ശേഷം തന്റെ മറ്റൊരു കാമുകിയെ അപ്പാർട്ട്മെന്റിൽ കൊണ്ടുവന്നിരുന്നു. പുതിയ കാമുകി വന്നപ്പോഴും ശരീരാവശിഷ്ടങ്ങൾ അഫ്തബ് പുതുതായി വാങ്ങിയ 300 ലിറ്ററിന്റെ ഫ്രിഡ്ജിൽ ഉണ്ടായിരുന്നു. കൂടുതൽ പെൺകുട്ടികളെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുവന്നുവോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു. ഇവരിലാരെങ്കിലും, കൊലപാതകത്തിന് പ്രേരണയായോ എന്നും കണ്ടെത്തേണ്ടതുണ്ട്.
ഡേറ്റിങ് ആപ്പായ ബംബിളിനോട് അഫ്തബിന്റെ പ്രൊഫൈൽ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടു. ശ്രദ്ധയും, അഫ്തബും പരിചയപ്പെട്ടത് ബംബിൾ വഴിയാണ്. മൂന്നുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ലിവ് ഇൻ റിലേഷനിലേക്ക് നീങ്ങിയതും ദുരന്തത്തിൽ കലാശിച്ചതും. ശ്രദ്ധയെ വകവരുത്തി ഏകദേശം 15-20 ദിവസം കഴിഞ്ഞപ്പോൾ, അഫ്തബ് മറ്റൊരു യുവതിയെ ഇതേ ആപ്പിൽ പരിചയപ്പെടുകയും ഡേറ്റിങ്ങിലേക്ക് നീങ്ങുകയും ചെയ്തു. ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങൾ അപ്പാർട്ട്മെന്റിലെ ഫ്രിഡ്ജിൽ ഉള്ളപ്പോൾ തന്നെ ഈ യുവതിയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. പുതിയ കാമുകിയെ കൂട്ടിക്കൊണ്ടുവന്നപ്പോൾ, മൃതദേഹാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ നിന്ന് ഒരു അലമാരയിലേക്ക് മാറ്റിയെന്നാണ് പൊലീസ് പറയുന്നത്.
ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്താൻ, അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുകയും, കൂട്ടുകാരുടെ മുന്നിൽ സജീവമായി നിൽക്കുകയും ചെയ്തു. എന്നാൽ, രണ്ടുമാസത്തിലേറെയായി ഫോൺ സ്വിച്ച് ഓഫായത് ശ്രദ്ധിച്ച സുഹൃത്തുക്കളാണ് സംശയം തോന്നി ശ്രദ്ധയുടെ വീട്ടുകാരെ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് അഫ്താബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ അഫ്താബ് ഗൂഗിളിലും സെർച്ച് ചെയ്തതയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രക്തക്കറ നീക്കം ചെയ്യാനുള്ള മാർഗങ്ങളും മനുഷ്യശരീരത്തിന്റെ ഘടനയെ കുറിച്ചുമെല്ലാം ഇയാൾ ഗൂഗിൾ തിരഞ്ഞിട്ടുണ്ട്. ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
നിരവധി ക്രൈം സീരീസുകൾ ഇയാൾ കണ്ടിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ പ്രധാനപ്പെട്ടത് അമേരിക്കൻ ക്രൈം സീരീസായ ഡെക്സ്റ്റർ ആണ്. ഒഴിവുവേളകളിൽ ഇരകളെ കണ്ടെത്തി കൊല്ലുന്ന സീരിയൽ കില്ലറുടെ കഥയാണ് ഈ സീരീസ് പറയുന്നത്. ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന് മുമ്പ് മനുഷ്യശരീരഘടനയെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു. അഫ്താബ് ഉപയോഗിച്ച ഗാഡ്ജറ്റുകളും പൊലീസ് പിടിച്ചെടുത്തു. ഇൻസ്റ്റാഗ്രാം കൊലയ്ക്ക് ശേഷവും സജീവമാക്കിയതിന് പിന്നിൽ ശ്രദ്ധ ജീവനോടെയുണ്ടെന്ന് വരുത്താനായിരുന്നു ശ്രമം. രണ്ടു പേരുടേയും പൊതു സുഹൃത്തിന്റെ സംശയമാണ് കൊല തെളിയിച്ചത്.
മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇരുവരും ഹിമാചലിൽ കറങ്ങിയ ശേഷമാണ് ഡൽഹിയിൽ എത്തുന്നത്. പൊതു സുഹൃത്തിന്റെ ഇടത്തായിരുന്നു ആദ്യം താമസം. പിന്നീട് പുതിയ ഫ്ളാറ്റിലേക്ക് മാറ്റി. പിന്നാലെ കൊലയും നടന്നു. കൊലപ്പെടുത്താൻ വേണ്ടിയാണോ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലയിൽ തനിക്ക് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രതി പറയുന്നത്. എന്നാൽ പൊലീസ് അത് വിശ്വസിച്ചിട്ടില്ല. അതിനിടെ ലൗ ജിഹാദാണ് തന്റെ മകളുടെ കൊലയ്ക്ക് കാരണമെന്ന ആരോപണം ശ്രദ്ധയുടെ അച്ഛൻ ഉന്നയിച്ചിട്ടുണ്ട്.
ആറ് മാസം മുമ്പാണ് ഇരുപത്തിയെട്ടുകാരിയായ ശ്രദ്ധ കൊല്ലപ്പെടുന്നത്. പ്രതി അഫ്താബ് അമീനൊപ്പമായിരുന്നു ശ്രദ്ധ താമസിച്ചിരുന്നത്. വിവാഹ ആവശ്യമുന്നയിച്ചതോടെ അഫ്താബ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീരാവശിഷ്ടങ്ങൾ സൂക്ഷിക്കാനായി ഇയാൾ ഒരു ഫ്രിഡ്ജും വാങ്ങി. 18 ദിവസമെടുത്ത് 18 ഇടങ്ങളിലായാണ് അഫ്താബ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചത്. സൈക്കോ കൊലയാളിക്ക് സമാനമായാണ് ഇയാളും പ്രവർത്തിച്ചിരിക്കുന്നത്.
കൊലയ്ക്ക് ശേഷം അടുത്ത 18 ദിവസവും മൃതശരീരത്തിന്റെ ഓരോ അവശിഷ്ടവുമായി പുലർച്ചെ രണ്ടുമണിക്കാണ് ഇയാൾ പുറത്തിറങ്ങുക. എല്ലാവരും നല്ല ഉറക്കം പിടിക്കുന്ന സമയം. മെഹ്്റ്രോളി കാട്ടിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചത്. അഫ്തബിന് കൊലപാതകത്തിന് മാത്രമല്ല, കൊല മറയ്ക്കാനും പ്രചോദനമായത്. അമേരിക്കൻ ക്രൈം ത്രില്ലർ ഷോയായ ഡെക്സ്റ്റർ ആണ്. അഫ്താബാകട്ടെ ഷെഫായി പരിശീലനം കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ ഇറച്ചി മുറിക്കുന്നതിൽ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു. മുംബൈയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്താണ് ഇരുവരും ഇഷ്ടത്തിലായത്. വ്യത്യസ്ത മതത്തിൽ പെട്ടവർ തമ്മിലെ ബന്ധം യുവതിയുടെ വീട്ടുകാർ അംഗീകരിക്കാതെ വന്നതോടെ, അഫ്തബും, ശ്രദ്ധയും ഈ വർഷമാദ്യം ഡൽഹിയിലേക്ക് മാറുകയായിരുന്നു. ഒരു അന്താരാഷ്ട്ര കമ്പനിക്ക് വേണ്ടി കോൾ സെന്ററിൽ ജോലി നോക്കുകയായിരുന്നു. മെഹ്റ്രോളിയിലെ വാടക അപ്പാർട്ട്മെന്റിലായിരുന്നു താമസം.
ശ്രദ്ധയുടെ ഒരു കൂട്ടുകാരി മാതാപിതാക്കളെ ഫോണിൽ വിളിച്ച് അവളുടെ ഫോൺ ആഴ്ചകളോളമായി സ്വിച്ച് ഓഫ് ആണെന്ന് അറിയിച്ചതോടെയാണ് മുംബൈയിലെ വസായിയിൽ നിന്ന് പിതാവ് ഡൽഹിയിലെത്തിയത്. ഏറെ നാളായി യുവതിയും മാതാപിതാക്കളും തമ്മിൽ ഫോണിൽ പോലും സംസാരിച്ചിരുന്നില്ല. പിതാവ് നവംബർ എട്ടിന് ഡൽഹിയിൽ മകളെ കാണാൻ ഇവരുടെ ഫ്ളാറ്റിൽ എത്തി. എന്നാൽ ഫ്ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മകളെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ഇതേ തുടർന്ന് പൊലീസ് അഫ്താബ് അഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മെയ് 18-നാണ് സംഭവം നടന്നത്. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നെന്നും അഫ്താബ് പൊലീസിന് മൊഴി നൽകി.തുടർന്ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് അഫ്താബിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
മറുനാടന് മലയാളി ബ്യൂറോ