ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് മുമ്പ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കൊലപാതകക്കേസ് പ്രതിയെ അന്വേഷണത്തിലൂടെ കണ്ടെത്തി ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. 1997ൽ കിഷൻ ലാൽ എന്ന വ്യക്തിയെ പണത്തിനായി കൊലപ്പെടുത്തി നാടുവിട്ട രാമു എന്നയാളെയാണു കഴിഞ്ഞ ദിവസം ലഖ്നൗവിലെ ജാൻകിപുരത്ത് നിന്നും ഡൽഹി പൊലീസ് കണ്ടെത്തിയത്. ഇൻഷുറൻസ് എജന്റുമാരായി വേഷംമാറി നടത്തിയ അന്വേഷണമാണു പ്രതിയെ വർഷങ്ങൾക്ക് ശേഷം കണ്ടെത്താൻ സഹായിച്ചത്.

1997 ഫെബ്രുവരി രാത്രിയാണ് ഡൽഹിക്കു സമീപമുള്ള തുഗ്ലകബാദിൽ താമസിച്ചിരുന്ന കിഷൻ ലാൽ എന്ന വ്യക്തി കൊല്ലപ്പെടുന്നത്. വിവിധ ജോലികൾ ചെയ്തു ജീവിച്ചിരുന്ന കിഷൻ ലാൽ തന്റെ ഭാര്യ സുനിത ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെയാണു കൊല്ലപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് കിഷൻ ലാലിന്റെ അയൽവാസിയായ രാമുവാണു കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തി. എന്നാൽ കൊലപാതകത്തിനു പിന്നാലെ നാടുവിട്ട രാമുവിനെ പൊലീസിനു കണ്ടെത്താനായില്ല. കേസ് പട്യാല കോടതിക്ക് മുന്നിലെത്തി. രാമുവിനെ കണ്ടെത്താൻ പൊലീസിന് കഴിയാതിരുന്നതിനാൽ പ്രതിയെ പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ചു.

രണ്ടു പതിറ്റാണ്ടോളം പൊടിപിടിച്ചു കിടന്ന കേസ് ഫയലാണ് 2021 ഓഗസ്റ്റിൽ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പൊടിതട്ടിയെടുത്തത്. പഴയ കേസുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ഓഫിസർമാരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടത്. കൃത്യം ഒരു വർഷമായപ്പോൾ രാമുവിനെ കണ്ടെത്തിയ ഇവർ കിഷൻ ലാലിന്റെ ഭാര്യ സുനിതയെ വിളിച്ചുവരുത്തി. 24 വയസ്സുള്ള മകൻ സണ്ണിക്കൊപ്പം എത്തിയ സുനിത പൊലീസ് കണ്ടെത്തിയ ആൾ രാമു തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഭർത്താവിന്റെ കൊലയാളിയെ ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്നും ഒരിക്കലും നീതി ലഭിക്കില്ലെന്നും കരുതി ജീവിച്ച സുനിത 25 വർഷങ്ങൾക്കിപ്പുറം അയാളെ കണ്ടതും ബോധരഹിതയായി വീണു. ഇൻസ്‌പെക്ടർ സുരേന്ദ്ര സിങ്, സബ് ഇൻസ്‌പെക്ടർ യോഗേന്ദർ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ പുനീത് മാലിക്, ഓംപ്രകാശ് ദാഗർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. എസിപി ധർമേന്ദർ കുമാറാണ് ഇവരെ നയിച്ചിരുന്നത്. തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ ഒരിക്കലും നീതി കിട്ടാൻ പോകുന്നില്ലെന്നായിരുന്നു ആ പാവം സ്ത്രീയുടെ വിശ്വാസമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സാഗർ സിങ് കൽസി പറഞ്ഞു.

2021- ഓഗസ്റ്റിൽ പ്രത്യേക പൊലീസ് സംഘം കേസേറ്റെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണസംഘത്തിന് വേണ്ട നിർദേശങ്ങൾ നൽകിയത് അസിസ്റ്റന്റ് കമ്മിഷണർ ധർമേന്ദർ കുമാറും. കൊലപാതകത്തിന് ദൃക്സാക്ഷികളോ പ്രതിയായ രാമുവിന്റെ ഫോട്ടോയോ അയാളെ കുറിച്ചുള്ള മറ്റുവിവരങ്ങളോ ലഭ്യമായിരുന്നില്ല.

മാസങ്ങളോളം വെള്ളത്തിൽ വരച്ച വരപോലെയായിരുന്നു അന്വേഷണം മുന്നോട്ടുപോയത്. ഡൽഹിയിലും ഉത്തർപ്രദേശിലും സംഘം വേഷം മാറി പലതരത്തിൽ പ്രതിക്കായി തിരച്ചിൽ നടത്തി. പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘം വിവിധ മാർഗങ്ങൾ കൈക്കൊണ്ടു. ഒടുവിൽ ഇൻഷുറൻസ് ഏജന്റുമാരായി ഡൽഹിയിലെ ഉത്തംനഗറിലെത്തിയ സംഘം രാമുവിന്റെ ഒരു ബന്ധുവിനെ കണ്ടെത്തി. അതേ രീതിയിൽ തന്നെ ഉത്തർപ്രദേശിലെ ഫറൂഖാബാദിലും രാമുവിന്റെ ബന്ധുക്കളെ അന്വേഷണസംഘത്തിന് കണ്ടെത്താനായി.

ഫറൂഖാബാദിൽ നിന്ന് രാമുവിന്റെ മകൻ ആകാശിന്റെ മൊബൈൽ നമ്പർ സംഘടിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. ഫേസ്‌ബുക്കിലൂടെ ലഖ്നൗവിലെ കപൂർത്തലയിലുള്ള ആകാശിന്റെ അരികിലെത്താനും സംഘത്തിനായി. ആകാശിൽ നിന്ന് രാമു അശോക് യാദവ് എന്ന പേരിൽ ലഖ്നൗവിലെ ജാൻകിപുരത്ത് ഇ-ഓട്ടോറിക്ഷ ഡ്രൈവറായി താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.

പൊലീസ് സംഘത്തിന്റെ അന്വേഷണം ഏകദേശം ഒരുകൊല്ലത്തോളം പിന്നിട്ടപ്പോഴാണ് അവർ പ്രതിയിലേക്കെത്തിയത്. തന്നേക്കുറിച്ച് അന്വേഷിക്കുന്നതായി വിവരം ലഭിച്ചാൽ രാമു വീണ്ടും മുങ്ങാനിടയുണ്ടെന്നറിയാമായിരുന്ന പൊലീസ് ഇ- ഓട്ടോറിക്ഷ കമ്പനിയുടെ ഏജന്റുമാരെന്ന് ധരിപ്പിച്ച് രാമുവിന്റെ അരികിലെത്താൻ ശ്രമം തുടർന്നു. ഇതിനായി ആ പ്രദേശത്തെ നിരവധി ഇ-ഓട്ടോറിക്ഷാ ഡ്രൈവർമാരെ ബന്ധപ്പെട്ടു. അവസാനം സെപ്റ്റംബർ 14-ന് റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന അശോക് യാദവ് എന്ന രാമുവിനരികിൽ പൊലീസെത്തി. എന്നാൽ താനൊരിക്കലും ഡൽഹിയിൽ താമസിച്ചിട്ടില്ലെന്നും താൻ രാമുവല്ലെന്നുമുള്ള മൊഴിയിൽ അശോക് യാദവ് ഉറച്ചുനിന്നു.

രാമുവിന്റെ ബന്ധുക്കളേയും സുനിതയേയും പൊലീസ് വിളിച്ചുവരുത്തി. അവരൊക്കെ രാമുവിനെ തിരിച്ചറിഞ്ഞതോടെ അയാൾ കുറ്റം സമ്മതിച്ചു. ചിട്ടിപ്പണം തട്ടിയെടുക്കാൻ കിഷൻ ലാലിനെ കൊന്നതാണെന്ന് രാമു പൊലീസിന് മൊഴി നൽകി. കിഷൻ ലാലിന് ഒരു സത്കാരം ഒരുക്കുകയും അവിടെയെത്തിയ കിഷൻ ലാലിനെ കുത്തിക്കൊന്ന ശേഷം പണവുമായി നാടുവിടുകയുമായിരുന്നെന്ന് അയാൾ പറഞ്ഞു.

തന്റെ ഒളിവുജീവിതത്തിനിടയിൽ അശോക് യാദവ് എന്ന പേരിൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡുകൾ ഇയാൾ സ്വന്തമാക്കിയിരുന്നു. രാമു ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തിമർപുർ പൊലീസ് സ്റ്റേഷനിൽ 25 കൊല്ലം പഴക്കമുള്ള കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.