- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു മാസമായി തീപിടിത്തമുണ്ടായപ്പോഴുള്ള അതേനിലയിൽ വീട് ബന്ധുക്കൾ സൂക്ഷിച്ചിരിക്കുന്നതുകൊലപാതക സംശയത്തിൽ; തീ പടർന്നതിന്റെ കാരണം ദുരൂഹമായി തുടരുന്നു; വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഇനി ക്രൈംബ്രാഞ്ച് അന്വേഷണം; ധളവാപുരത്ത് അന്ന് സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹത സംശയിച്ച് അന്വേഷണം. പത്ത് മാസങ്ങൾക്ക് മുൻപാണ് നടിനെ നടുക്കിയ കൂട്ടമരണം വർക്കലയിൽ നടന്നത്. പൊലീസ് അന്വേഷണത്തിൽ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
വർക്കലയിൽ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപൻ, ഭാര്യ ഷേർളി, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാൻ, പ്രതാപന്റെ ഇളയമകൻ അഹിൽ എന്നിവരാണ് മരിച്ചത്. മൂത്തമകൻ നിഹിൽ മാത്രം ഗുരുതര പൊള്ളലോടെ അവശേഷിച്ചു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിന് പിന്നാലെയാണ് വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് പ്രതാപന്റെ മൂത്ത മകൻ രാഹുൽ ഒന്നരമാസം മുമ്പ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്ന വിലയിരുത്തൽ ആണ് പൊലീസിന്റേയും ഫയർഫോഴ്സിന്റേയും. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നാണ് വൈദ്യുതി വകുപ്പിന്റെ റിപ്പോർട്ട്. ഇതാണ് ദുരൂഹത കൂട്ടുന്നത്.
2022 മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് പേരാണ് അഗ്‌നിക്കിരയായത്. തീപിടുത്തത്തിൽ ഇരുനില വീട് ഭാഗികമായും കാർപോർച്ചിലുണ്ടായിരുന്ന ബൈക്കുകൾ പൂർണമായും കത്തി നശിച്ചിരുന്നു. അതേസമയം തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നിഗമനം. എന്നാൽ തീ എങ്ങിനെ വന്നു, എവിടെ നിന്നെത്തി എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.
കാർപോർച്ചിലെ സ്വിച്ച് ബോർഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോർഡിൽ തീപ്പൊരിയുണ്ടാവുകയും അത് കേബിൾ വഴി ഹാളിലേക്ക് പടരുകയായിരുന്നൂവെന്നുമാണ് ഫയർ ഫോഴ്‌സ് റിപ്പോർട്ട് നൽകിയത്. പക്ഷെ ഫൊറൻസിക് പരിശോധനകളിൽ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ അധികമായി കണ്ടെത്താനാകാത്തതോടെ അന്വേഷണ സംഘം ഇരുട്ടിലായി.
പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തപ്പെട്ടത്. മരിച്ചവർക്കൊന്നും കാര്യമായ പൊള്ളൽ ഏൽക്കാത്തതും വസ്ത്രങ്ങളിൽ തീപടരാത്തതുമാണ് ഈ നിഗമനത്തിനു പിന്നിൽ. വീട്ടിലെ ഹാളിലെ സാധനങ്ങൾ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകൾ നിലയിലേക്കും മറ്റും പുക നിറഞ്ഞതായാണ് പ്രാഥമിക നിഗമനം.
വീടിനുള്ളിൽ ഇന്റീരിയൽ വർക്കുകൾ നടത്തിയിരിക്കുന്നത് ജിപ്സം ഉപയോഗിച്ചാണ്. ഇത് തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയെന്നും പൊലീസ് പറയുന്നുണ്ട്. എസി പ്രവർത്തിച്ചുവന്ന മുറികൾ അടച്ചനിലയിലായതിനാൽ പുക ഉള്ളിൽ പടർന്നപ്പോൾ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും പൊലീസ് കരുതുന്നു.
തീപ്പൊരി വീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും വിടിനുള്ളിൽ ഉറങ്ങിയവരോ അയൽവീടുകളിലുള്ളവരോ ആ ശബ്ദം കേൾക്കാത്തത് എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല പുറത്ത് കത്തിപ്പിടിച്ച തീ വീടിനുള്ളിലേക്ക് കയറി ഇത്രത്തോളം നാശനഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത കൈവരാനുണ്ട്.
സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേസിൽ കുറ്റപത്രം നൽകേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ പ്രതാപന്റെ കുടുംബം മരണങ്ങളിൽ സംശയമുന്നയിച്ച് പരാതിയും നൽകിയതോടെയാണ് കേസ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തത്. എസ് പി സുനിൽകുമാറിനാണ് അന്വേഷണച്ചുമതല. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് അന്വേഷണ സംഘം തീപിടിച്ച വീട്ടിലെത്തി പരിശോധന നടത്തിയത്. തീപിടിത്തമുണ്ടായപ്പോഴുള്ള അതേനിലയിൽ ബന്ധുക്കൾ സൂക്ഷിച്ചിരിക്കുകയാണ് വീട്.
മറുനാടന്‍ മലയാളി ബ്യൂറോ