കൊല്ലം: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) അന്വേഷണത്തിന് ഉത്തരവിട്ടു. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബയാണ് അന്വേഷിക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശം. കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ചയാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷൻ പ്രശാന്തിയിൽ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന ശബ്ദരേഖകൾ ഇന്നലെ പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ ശബ്ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്.

കേസുകളിൽനിന്നു വിട്ടു നിൽക്കാനായി അവധിയെടുക്കാൻ സഹപ്രവർത്തകരിൽനിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്.

മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം നൽകിയതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും അനീഷ്യക്ക് ഭീഷണികൾ ഉയർന്നിരുന്നു. ഈ വിവരാവകാശ അപേക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ് ആണ് പുറത്തുവന്നത്.

ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത് എന്ന് ഡയറിക്കുറിപ്പിൽ പറയുന്നു. 'ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും'- എന്നായിരുന്നു അഭിഭാഷകന്റെ ഭീഷണിയെന്നും ഡയറിക്കുറിപ്പിൽ പറയുന്നത്. ജോലി ചെയ്യാൻ സമ്മതിക്കില്ലെന്ന ഭീഷണി അനീഷ്യയെ മാനസികമായി തളർത്തിയെന്ന് ഡയറിക്കുറിപ്പിൽ നിന്ന് വ്യക്തമായതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അനീഷ്യയുടെ ഡയറി കുറിപ്പിലുള്ളത് കൂടുതൽ കാര്യങ്ങളുണ്ട്. കഴിഞ്ഞവർഷം നവംബറിന് ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നതെന്നും പൊലീസിന് ലഭിച്ച 50 പേജുള്ള കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകൻ കൃത്യമായി ജോലിയിൽ ഹാജരാകാതിരുന്നതാണ് പ്രശ്‌നങ്ങൾക്കുള്ള തുടക്കം. ഇതിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. പലപ്പോഴും സഹപ്രവർത്തകന് വേണ്ടി അനീഷ്യയാണ് കോടതിയിൽ ഹാജരായിരുന്നത്. സഹപ്രവർത്തകൻ അവധിയെടുക്കാതെയായിരുന്നു ജോലിയിൽ ഹാജരാകാതിരുന്നതെന്നും അനീഷ്യ ആരോപിക്കുന്നു. സഹപ്രവർത്തകൻ എത്രനാൾ ജോലിക്ക് ഹാജരായി എന്ന് അറിയാൻ മറ്റൊരു അഭിഭാഷകൻ വഴിയാണ് അനീഷ്യ വിവരാവകാശം നൽകിയത്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായതെന്നും ഡയറിക്കുറിപ്പിൽ പറയുന്നു.

ജോലി സംബന്ധമായ മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന അനീഷ്യയുടെ ഫോൺ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചത്. കഴിഞ്ഞദിവസമാണ് അനീഷ്യയെ വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണങ്ങളാണ് പുറത്ത് വന്നത്.

കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചുവെന്നാണ് ശബ്ദരേഖയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോൺ സംഭാഷണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മരണത്തിന് കാരണം ജോലി സംബന്ധമായ സമ്മർദമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭർത്താവ് അജിത് കുമാർ മാവേലിക്കര കോടതി ജഡ്ജിയാണ്. ഒരു ജഡ്ജിയുടെ ഭാര്യയായിരുന്നിട്ടു കൂടി അനീഷ്യയെ പലരും ഭീഷണിപ്പെടിത്തിയിരുന്നു എന്നാണ് വ്യക്തമാകുന്ന കാര്യം.