- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൊലീസ് നീക്കം പ്രതികൾക്ക് ചോർത്തി നൽകി; പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ
തിരുവനന്തപുരം: തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക് ശുപാർശ. പ്രതികളെ രക്ഷപെടാൻ സഹായിക്കും വിധത്തിൽ വിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്നാണ് പൊലീസുകാരനെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്. കേസിൽ പ്രതികളായ യുവതിയുടെ ഭർതൃവീട്ടുകാർക്ക് പൊലീസിന്റെ നീക്കങ്ങൾ നവാസ് ചോർത്തി നൽകിയതായി തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.
നവാസിന്റെ നീക്കങ്ങൾ അറിയിച്ചതോടെയാണ് പ്രതികൾ സംസ്ഥാനം വിട്ടതും. മരിച്ച ഷെഹ്നയുടെ ഭർത്താവിന്റെ ബന്ധുവാണ് നവാസ്. നവാസിനെതിരെ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ഫോർട്ട് അസി. കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 26ന് രാത്രിയാണ് ഷെഹ്നയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും സ്ത്രീധനം ആവശ്യപ്പെട്ട് കൊണ്ടുള്ള ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
സംഭവദിവസം രാത്രി തന്നെ ഭർത്താവ് നൗഫലും നൗഫലിന്റെയും അമ്മയും കാട്ടാക്കടയിലെ വീട്ടിൽ നിന്ന് ഒളിവിൽ പോയിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ഇവർ കടയ്ക്കലുള്ള ഒരു ബന്ധുവീട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ തന്നെ പിടികൂടണമെന്ന് കടയ്ക്കൽ പൊലീസിനോട് തിരുവല്ലം പൊലീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇവരെ പിടികൂടാനായി കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി.
അതിനിടെ കടയ്ക്കൽ സ്റ്റേഷനിലെ റൈറ്റർ കൂടിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ നവാസ് ഈ വിവരം പ്രതികൾക്ക് ചോർത്തി നൽകിയത് മൂലമാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് ഫോർട്ട് അസി. കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ അവിടെ നിന്ന് മുങ്ങാൻ പ്രതികൾക്ക് നവാസ് നിർദ്ദേശം നൽകിയതായുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പൊലീസ് അവിടെ എത്തുമ്പോഴേക്കും പ്രതികൾ കടയ്ക്കലുള്ള വീട്ടിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. പ്രതികൾ സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് പിടികൂടുന്നതിൽ നിന്ന് പ്രതികളെ രക്ഷിക്കുകയും കേരളം വിടാൻ സഹായിക്കുകയും ചെയ്തത് നവാസ് ആണ് എന്നാണ് ഫോർട്ട് അസി. കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രതികളുടെ ഒളിയിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.