തിരുവനന്തപുരം: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സീരിയൽ നടിയുടെ വെളിപ്പെടുത്തൽ ചർച്ചകളിൽ. തിരുവനന്തപുരം നേമം സ്വദേശിനിയായ നടിയാണ് വെള്ളായണി സ്വദേശിയായ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുന്നതായി സീരിയൽ താരം ദിവ്യയാണ ്‌വെളിപ്പെടുത്തുന്നത്. തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ അഭിനേതാവാണ് പരാതിയുമായി രംഗത്തെത്തിയത്. വെള്ളായണി സ്വദേശിയായ ഭർത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ആരോപണം. പൊലീസിൽ സീരിയൽ താരം പരാതി കൊടുത്തേക്കും. പൊലീസ് കേസ് അന്വേഷിച്ചാൽ അത് നിർണ്ണായകമായി മാറും.

തന്നെയും ആറ് വയസുകാരിയായ മകളെയും ദുർമന്ത്രവാദത്തിനായി നിരന്തരം പ്രേരിപ്പിക്കുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഭർത്താവിന്റെ ദോഷം മാറുന്നതിനായി യുവതിയോട് കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്ത്രീധനം നൽകാത്തതിനാൽ അന്ധവിശ്വാസം മറയാക്കുന്നുവെന്ന് യുവതി ആരോപിച്ചു. നടിയും യുവാവുമായുള്ള വിവാഹം ആറ് വർഷങ്ങൾക്ക് മുൻപാണ് നടന്നത്. എന്നാൽ ആറ് വർഷക്കാലവും ദുർമന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്നങ്ങളാണെന്നാണ് ആക്ഷേപം.

ഒരുവിധത്തിലും ജീവിക്കാൻ പറ്റുന്നില്ലെന്ന് യുവതി പറഞ്ഞു.'എന്നെയും മകളേയും ഇതിനായി നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരും. പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി.

ഇതോടെ എന്റെ ഭർത്താവുമായി ഞാൻ വിട്ട് നിൽക്കുകയാണ്. ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെയും മകളെയും എങ്ങനെയെങ്കിലും ഭർത്താവിന്റെ അടുത്ത് നിന്ന് വേർപ്പെടുത്തണമെന്നാണ്' നടി ആരോപിക്കുന്നു.