- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ കണ്ടെത്തി
ന്യൂഡൽഹി: ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ നിന്നും കണ്ടെത്തി. മോഡലായ ദിവ്യ പഹൂജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പഞ്ചാബിലെ കനാലിലാണ് മൃതദേഹം ഉപേക്ഷിച്ചതെങ്കിലും ഇത് ഹരിയാനയിലേക്ക് ഒഴുകയെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
ജനുവരി രണ്ടിനാണ് ദിവ്യ പഹൂജ കൊല്ലപ്പെട്ടത്. ശേഷം മൃതദേഹം കൊലപാതകികൾ വലിച്ചിഴച്ച് കൊണ്ടു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 27കാരിയായ മോഡലിനെ അഞ്ച് പേർ ചേർന്നാണ് ഹോട്ടലിൽ എത്തിച്ചത്. ഹോട്ടൽ ഉടമയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മോഡൽ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമ അഭിജിത് സിങ്ങാണ് കേസിലെ ഒന്നാം പ്രതി. ചോദ്യം ചെയ്യലിനിടെ തന്റെ ചിത്രങ്ങളും വിഡിയോയും വെച്ച് പൂജ ഭീഷണിപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അഭിജിത്തിന്റെ മൊഴി കള്ളമാണെന്നാണ് പൂജയുടെ കുടുംബാംഗങ്ങൾ പറയുന്നത്.
അഭിജിത്തിന്റെ അടുത്ത അനുയായിയായ ബൽരാജ് ഗില്ലാണ് ചോദ്യം ചെയ്യലിൽ പഹൂജയുടെ മൃതദേഹം കനാലിലെറിഞ്ഞുവെന്ന് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ തന്നെ കേസിലെ അഞ്ച് പ്രതികളേയും ഗുരുഗ്രാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാനേതാവിനെ വധിച്ച കേസിൽ പ്രതിയായ മോഡലാണ് ദിവ്യ പഹുജ. ഗുരുഗ്രാം സെക്ടർ 7 ബാൽദേവ് നഗർ സ്വദേശിയായ ദിവ്യ പഹൂജയെ കഴിഞ്ഞദിവസമാണ് ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയത്.
ഗുണ്ടാ നേതാവും കാമുകനുമായ സന്ദീപ് ഗഡോളിയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിലാണ് ദിവ്യ പഹൂജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഹോട്ടലിൽവെച്ച് ഹരിയാണ പൊലീസിന്റെ ഏറ്റുമുട്ടലിൽ സന്ദീപ് ഗഡോളി കൊല്ലപ്പെട്ടത്. സംഭവസമയം സന്ദീപിന്റെ കാമുകിയായ ദിവ്യയും ഹോട്ടലിലുണ്ടായിരുന്നു. എന്നാൽ, മുംബൈയിലെ ഹോട്ടലിൽ ഹരിയാന പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ.
ഹരിയാന പൊലീസിലെ ഉദ്യോഗസ്ഥരും സന്ദീപിന്റെ എതിരാളി വിരേന്ദർ കുമാർ എന്ന ബിന്ദേർ ഗുജ്ജാറും ചേർന്നാണ് ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തതെന്നും മുംബൈ പൊലീസ് കണ്ടെത്തി. ദിവ്യ പഹൂജയെ ഉപയോഗിച്ച് സന്ദീപിനെ ഹണിട്രാപ്പിൽ കുടുക്കിയാണ് സംഘം പദ്ധതി നടപ്പാക്കിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടർന്നാണ് സന്ദീപ് കൊലക്കേസിൽ അഞ്ച് പൊലീസുകാരും ദിവ്യയും ഇവരുടെ അമ്മയും ഉൾപ്പെടെ അറസ്റ്റിലായത്.
ആരാണ് ദിവ്യ അഹൂജ?
അധോലോകവുമായുള്ള ദിവ്യയുടെ ബന്ധം 2016 ൽ തുടങ്ങുന്നു. അന്ന് അവൾക്ക് വെറും 18 വയസ് പ്രായം. ഗൂണ്ടാത്തലവൻ സന്ദീപ് ഗഡോളിയെ വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിൽ ഏഴുവർഷത്തെ ശിക്ഷയ്ക്ക് ശേഷം ജയിലിൽ നിന്ന് ജൂണിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനുശേഷം ഗുരുഗ്രാമിലെ ഹോട്ടലിൽ ഉൾപ്പെടെ ജോലിചെയ്തെന്നാണ് റിപ്പോർട്ട്.
സന്ദീപ് ഗഡോളിയുടെ കാമുകിയെന്ന നിലയിൽ ദിവ്യ ക്രിമിനലുകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. 2016 ഫെബ്രുവരി ഏഴിന് മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് സന്ദീപ് ഗഡോളി കൊല്ലപ്പെടുമ്പോൾ ദിവ്യയും ഒപ്പമുണ്ടായിരുന്നു. ഹരിയാന പൊലീസ് പദ്ധതിയിട്ട വ്യാജ ഏറ്റുമുട്ടലിൽ ഗഡോളിയുടെ വിവരങ്ങൾ ചോർത്തി നൽകിയത് ദിവ്യയായിരുന്നു.
ഇതേ തുടർന്ന് ദിവ്യ,അവരുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗഡോളിയെ ഒഴിവാക്കാൻ മറ്റൊരു ഗുണ്ടാനേതാവായ ബിന്ദർ ഗുജ്ജാർ ഹരിയാന പൊലീസുമായി ചേർന്ന് വ്യാജ ഏറ്റുമുട്ടൽ പദ്ധതി ഒരുക്കുകയായിരുന്നെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഇതിന് ദിവ്യയെ കരുവാക്കി. ഗഡോളിയെ കുരുക്കാനുള്ള ഹണി ട്രാപ്പായി ദിവ്യയെ ഉപയോഗിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദീർഘനാൾ ജയിലിൽ കഴിഞ്ഞതും, വിചാരണ നീണ്ടുപോയതും കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതി 2023 ജൂണിൽ ദിവ്യക്ക് ജാമ്യം അനുവദിച്ചത്.