- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ
കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ. യുവതി ചികിത്സ തേടിയ ഡോക്ടറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. യുവതി മർദ്ദനത്തിന് ഇരയായെന്നും സ്‌കാനിങ് നടത്താൻ നിർദേശിച്ചിരുന്നതായും പറവൂർ താലൂക് ആശുപത്രിയിലെ ഡോക്ടർ മൊഴി നൽകി.
അതേസമയം കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടിസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം. ജർമ്മനിയിലേക്ക് കടന്ന പ്രതിയെ കുറിച്ച് കാര്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനായി ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകി. അപേക്ഷ സിബിഐ ഡയറക്ടർ വ്യാഴാഴ്ച ഇന്റർപോളിന് കൈമാറും. രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു.
രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചതിൽ ഫലമില്ലാത്ത അവസ്ഥയാണ്. ഇതോടെയാണ് പുതിയ നീക്കം തുടങ്ങിയത്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കൂ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതിനിടെ കേസിൽ ബന്ധുക്കളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. 27നാണ് കേസ് വീണ്ടും പരിഗണിക്കുക. പൊലീസ് റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികൾക്കെതിരെ 448 എ, 324 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കോടതി ഹർജി പരിഗണിക്കുന്നുണ്ടെങ്കിലും പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഉടൻ ചോദ്യം ചെയ്യാൻ പൊലീസ് നിക്കം ആരംഭിച്ചതിന്റെ ഭാഗമായി രണ്ട് തവണ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ അഡ്‌മിറ്റായതോടെ ഇവർ അന്വേഷണ സംഘത്തിന്റെ മുന്നിൽ എത്തിയിരുന്നില്ല.
അതേസമയം, രാഹുലിന്റെ കാറിൽ നിന്നും കണ്ടെത്തിയ രക്തക്കറ പരിശോധനയിൽ ഭാര്യയുടേതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കേസിൽ പ്രധാന തെളിവായി മാറും. ബന്ധുക്കളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ രാഹുലിനെ തിരികെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമർപ്പിക്കും. രാഹുലിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.
പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സൽക്കാര ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടത്. വീട്ടുകാർ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം.
രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിനു സസ്‌പെൻഷനിലായ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിപിഒ ശരത്ലാലിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. പരാതിയുമായി യുവതിയും ബന്ധുക്കളും എത്തിയ സമയത്ത് ശരത്ലാൽ ഉൾപ്പെടെ 11 പൊലീസുകാർ പന്തീരാങ്കാവ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടത് ശരത്ലാൽ മാത്രമാണെന്നാണു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.