- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു; വർഷങ്ങളായി പക മനസ്സിൽ കൊണ്ടു നടന്നു; വിദേശത്തു നിന്നും മടങ്ങിയെത്തിയത് മനസ്സിൽ കൃത്യമായ പ്ലാനിങ്ങോടെ; ആ പ്ലാനിങ്ങാണ് നടപ്പാക്കിയത്; സ്ഫോടനത്തിനു പിന്നിൽ താൻ മാത്രം: ഡൊമിനിക് മാർട്ടിന്റെ മൊഴി
കൊച്ചി: കളമശ്ശേരി യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്ന് ആവർത്തിച്ച് പ്രതി ഡൊമിനിക് മാർട്ടിൻ. ബാഹ്യമായി ഗൂഢാലോചനകൾ ഇല്ലെന്നും മാർട്ടിൻ വ്യക്തമാക്കി. എല്ലാം തനിച്ചാണ് ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാൻ വർഷങ്ങളായി പക മനസ്സിൽ കൊണ്ടു നടന്നു. അതിനുവേണ്ടിയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയത്. മനസ്സിൽ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ആ പ്ലാനിങ്ങാണ് നടപ്പാക്കിയതെന്നും മാർട്ടിൻ പൊലീസിനോട് പറഞ്ഞു.
ഹാളിൽ പലയിടത്തായി ബോംബുകൾ വെച്ചത് നാശനഷ്ടം ഉറപ്പാക്കാനാണ്. സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും പോകാതിരിക്കാനാണ് എല്ലാ തെളിവുകളും സൂക്ഷിച്ചത്. ഇതിനുവേണ്ടിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്കിൽ വീഡിയോ ഇട്ടതെന്നും മാർട്ടിൻ പൊലീസിനോട് പറഞ്ഞു.
പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അടക്കം അന്വേഷിക്കണമെന്നു പൊലീസ് നേരത്തെ മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങുന്ന വേളയിൽ കോടതിയെ അറിയിച്ചിരുന്നു. അതിനിടയിൽ, സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ കുമാരി (53), മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. കുമാരിയും ലിബിനയും ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.
ഒക്ടോബർ 29 ന് രാവിലെ 9.30 ഓടെയാണ് കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായത്. 18 പേരാണ് സ്ഫോടനത്തെ തുടർന്ന് പരിക്കേറ്റ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കളമശേരി സ്ഫോടനത്തിൽ സംഭവ സ്ഥലത്തു മരിച്ചത് പെരുമ്പാവൂരിനു സമീപം ഇരിങ്ങോൾ പുളിയൻ വീട്ടിൽ ലിയോണ (60) ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ ശാസ്ത്രീയമായി സ്ഥിരീകരിച്ചികുന്നു. ഇവരുടെ സംസ്ക്കാരം ഇന്ന് നടന്നു. പരേതനായ പൗലോസിന്റെ ഭാര്യയാണ് ലിയോണ. മകൻ ബാബു പോൾ. മരുമകൾ: ആഷ്ലി.
സ്ഫോടനത്തിൽ ആദ്യം മരിച്ചതു ലിയോണയാണെങ്കിലും തിരിച്ചറിഞ്ഞതു 14 മണിക്കൂറിനു ശേഷമാണ്. സ്ഥിരമായി ധരിക്കുന്ന പാദസരമാണു തിരിച്ചറിയാൻ സഹായിച്ചത്. എന്നാൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം എന്നതു കൊണ്ടു ഡിഎൻഎ പരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്താൽ മതിയെന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ