- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഐയുടെ ദേഹത്ത് വീടിന്റെ മച്ചിൽ നിന്നും പെട്ടെന്ന് ഒരുപല്ലി വീണു; പല്ലിയുടെ ശരീരത്തിലെ രക്തക്കറ ശ്രദ്ധിച്ചപ്പോൾ എസ്ഐയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി; എതിർപ്പ് കാര്യമാക്കാതെ മച്ചിൻപുറത്ത് കയറി പരിശോധിച്ചപ്പോൾ ഞെട്ടി; രണ്ടുകുട്ടികൾ കൊല്ലപ്പെട്ടത് എങ്ങനെ? നരബലി കേസിനിടെ വലിയശാലയിലെ ഇരട്ടക്കൊല വീണ്ടും ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം ഏതെന്ന് ചോദിച്ചാൽ നിരവധി ഉദാഹരണങ്ങൾ മനസിൽ ഓടിയെത്തും. എന്നാൽ തിരുവനന്തപുരത്ത് വലിയശാലയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഇരട്ടക്കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. രണ്ട് കുട്ടികളാണ് അന്ന് കൊല്ലപ്പെട്ടത്. സംഭവ കഥ ഇങ്ങനെ വായിച്ചെടുക്കാം. ഇടവപ്പാതി മഴ തമിർക്കുന്ന ഒരു നട്ടുച്ചയ്ക്ക് സ്കൂളുകൾക്ക് പെട്ടെന്ന് അവധി പ്രഖ്യാപിക്കുന്നു. അയൽക്കാരായ രണ്ട് കുട്ടികൾ അപ്രതീക്ഷിത അവധിയുടെ സന്തോഷത്തിൽ വീട്ടിലേക്ക് ഓടുന്നു. വഴിയിലെ വയലുകളെല്ലാം നിറഞ്ഞ് കിടപ്പുണ്ട്. വഴുക്കലുള്ള വരമ്പിലൂടെ ഓടുന്നതിനിടെ കുട്ടികളിൽ ഒരാൾക്ക് ഒരാഗ്രഹം മീൻ പിടിക്കാം. അങ്ങനെ കുട്ടികളിൽ ഒരാൾ വയൽവക്കിലെ വീട്ടിലേക്ക് ഓടുന്നു. ബാഗും കുടയും ചെരുപ്പുമൊക്കെ വരമ്പിൽ ഉപേക്ഷിച്ചാണ് കുട്ടി വീട്ടിലേക്ക് ഓടിയത്. ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരന്റെ വീട്ടിലേക്ക് ചൂണ്ട എടുക്കാൻ പോയ കുട്ടി അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. തന്റെ കൂട്ടുകാരന്റെ അമ്മയെ ചെത്തുകാരനായ മറ്റൊരയൽക്കാരൻ ഉപദ്രവിക്കുന്നതാണ് കുട്ടിക്ക് തോന്നിയത്.( സ്ത്രീയും പുരുഷനും അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നതാണെന്ന് കുട്ടിക്ക് മനസിലായിരുന്നില്ല) അവൻ ചൂണ്ടയെടുക്കാതെ തന്നെ തിരികെ വയലിലേക്ക് ഓടി അവിടെ തന്നെ കാത്ത് നിന്ന് കൂട്ടുകാരനോട് അവന്റെ അമ്മ നേരിടുന്ന ക്രൂരതയെപ്പറ്റി അറിയിച്ചു. തുടർന്ന് ഇരുവരും കൂടി വീട്ടിലേക്ക് ഓടി.
പിന്നീട് നാട്ടുകാർ അറിയുന്നത് കുട്ടികളെ ഇരുവരെയും കാണാനില്ലെന്ന വാർത്തയാണ്. കാട്ടുതീ പോലെ പടർന്ന് വാർത്തയെ തുടർന്ന് നാട്ടുകാരും വീട്ടുകാരും കുട്ടികളെ അന്വേഷിക്കാൻ തുടങ്ങി. വിവരം പൊലീസും അറിഞ്ഞു. നാട്ടുകാരും പൊലീസും തകൃതിയായി അന്വേഷിച്ചു. കുട്ടികളെക്കുറിച്ച് ഒരു വിവരവും രാത്രി വൈകിയും ലഭിച്ചില്ല. ബാഗും ചെരിപ്പും കുടകളും വയൽ വരമ്പിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന സംശയവും പരന്നു. പുഴയും തോടുകളും ആളുകൾ അരിച്ചുപെറുക്കി. ഒരു തുമ്പും ലഭിച്ചില്ല. അന്വേഷണ പുരോഗതി വീട്ടുകാരെ അറിയിക്കാൻ അന്നത്തെ എസ് ഐ വീട്ടിലെത്തി. അമ്മയേയും അച്ഛനേയും കണ്ടു. കുട്ടികളെ കണ്ടെത്താനുള്ള തീവ്ര പ്രയത്നം നടത്തുകയാണെന്ന് പറഞ്ഞ് എസ് ഐ പടിയിറങ്ങാൻ തുടങ്ങി. അലറിക്കരയുന്ന അമ്മമാരെയും ബന്ധുക്കളെയും അശ്വസിപ്പിക്കാൻ കഴിയാതെ പരുങ്ങലിലായ എസ് ഐ തന്റെ ദേഹത്ത് വീടിന്റെ മച്ചിൽ നിന്ന് പെട്ടെന്ന് വീണ പല്ലിയുടെ ശരീരത്തിലെ രക്തക്കറ ശ്രദ്ധിച്ചു. മറ്റേതെങ്കിലും ചെറു പ്രാണിയുടെ ചോരയാകാം പല്ലിയുടെ ശരീരത്തിൽ കണ്ടതെന്ന് ആദ്യം കരുതിയ എസ് ഐ മച്ചിലേക്ക് നോക്കി, അവിടെ ഒരു വിടവിൽ രക്തത്തുള്ളി കനം തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. തുടർന്ന് മച്ചിൻ പുറം പരിശോധിക്കാൻ തീരുമാനിച്ചു.
അവിടെ ഒന്നുമില്ലെന്നും പഴയ പാത്രങ്ങളും തേങ്ങയുമൊക്കെ കൂട്ടിയിട്ടിരിക്കുകയാണെന്നും വീട്ടമ്മ പറഞ്ഞത് മുഖവിലയ്ക്കെടുക്കാതെ എസ് ഐ അയൽ വീട്ടിൽ നിന്ന് ഏണിയൊക്കെ എടുപ്പിച്ച് മച്ചിൻ മുകളിലേക്ക് കയറി, ടോർച്ച് വെളിച്ചത്തിൽ അവിടം പരിശോധിച്ചു. പ്രത്യേക രീതിയിൽ ഒന്നിനു മുകളിൽ ഒന്നായി കമഴ്ത്തി വച്ചിരുന്ന ഉരുളികൾ എടുത്ത്് നോക്കിയ എസ് ഐയും പാർട്ടിയും ഞെട്ടിത്തരിച്ചു. കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കി പാത്രത്തിൽ ആക്കിയിരിക്കുന്ന കാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടത്.
തുടർന്ന് കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ അമ്മയേയും അയൽക്കാരനായ ചെത്തുകാരനെയും കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പറഞ്ഞത് കേരളത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഇരട്ടക്കൊലയെക്കുറിച്ചാണ്. കഴിഞ്ഞ ആഴ്ച കേരളത്തെ നടുക്കിയ ഇരട്ടക്കൊലയുടെ വിശേഷങ്ങൾ ഇപ്പോഴും അവസാനിക്കാതെ കേരളത്തിന്റെ മനസ്സാക്ഷിയെ ഞെക്കിപ്പിഴിയുന്നുണ്ട്. ഈ അവസരത്തിലാണ് അന്ധവിശ്വാസവും അനാചാരവും ഇല്ലായ്മ ചെയ്യാൻ നമുക്കൊരു ശക്തമായ നിയമം ഇല്ലെന്ന് അധികാരികൾക്ക് ബോധ്യം വരുന്നത്.
ആദ്യം വിവരിച്ച ഇരട്ടക്കൊലക്കേസിന് നിലവിലെ കേസുമായോ നിയമ നിർമ്മാണവുമായോ യാതൊരു ബന്ധവുമില്ലെങ്കിലും ഇരട്ടക്കൊലകളുടെ നടുക്കം കേരളത്തിൽ എന്നും എപ്പോഴും സംഭവിക്കുന്നതാണെന്ന് ഓർമപ്പെടുത്തലിന് ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല
ആൾദൈവങ്ങൾക്കും ആഭിചാരങ്ങൾക്കും പിന്നാലെ പായുന്ന മലയാളിയെ തളയ്ക്കാൻ നിയമത്തിലൂടെ സാധിക്കുമോ എന്ന് ചോദ്യവും പ്രസ്കതാണ്.
സന്തോഷ് മാധവനും ഹിമവൽ ഭദ്രാനന്ദനും കഴിഞ്ഞ് അവർക്ക് പിന്നാലെ എത്തിയ തട്ടിപ്പുകാരായ ആൾ ദൈവങ്ങളുടെ എണ്ണം എത്രയോ വലുതാണ്. കേരളത്തിന്റെ മലയോര മേഖലകളിൽ മാത്രമല്ല തെക്ക് വടക്കെന്നോ മധ്യ കേരളമെന്നോ വ്യത്യാസമില്ലാതെ ധാരാളം ആൾ ദൈവങ്ങളും കപട വൈദ്യന്മാരും ചാത്തൻ സേവക്കാരും വിഹരിക്കുന്നുണ്ട്.
ഇവരെയൊക്കെ തടയാനും അഴിക്കുള്ളിലാക്കാനും നിയമം വേണമെന്ന കാര്യത്തിൽ തർക്കമില്ല. 2019 ലാണ് ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ സമിതി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ കരട് സർക്കാരിന് സമർപ്പിച്ചത്. നാളിതുവരെ അതൊന്നും നിയമം ആക്കാൻ സർക്കാരിന് കഴിയാതെ പോയതാണ് പ്രശ്്നം. ഏതായാലും ഇലന്തൂർ പശ്ചാത്തലത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിർമ്മാണം ഉടൻ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി ഒരു ഉപസിമിതിയെ ഇതിനകം രൂപീകരിച്ചെന്നാണ് വിവരം.
ഉപസമിതി സർവകക്ഷി യോഗം ഉടൻ വിളിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ മതമേലധ്യക്ഷന്മാരുമായും സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തെ നടക്കുന്ന അനാചാരങ്ങൾ എന്തൊക്കെയാണ്, വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരങ്ങൾ എന്തൊക്കെയാണ് എന്ന് പഠിക്കുകയാണ് ആദ്യ പടി. ശബരിമലയിലെ ആചാര ധ്വംസനത്തിലൂടെ തിരിച്ചടി കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ആഭ്യന്തരവകുപ്പ് വളരെ ജാഗ്രതയോടെയാണ് ഇക്കാര്യം പരിഗണിക്കുന്നത്.1957 ന് ശേഷം കേരളത്തിൽ പുരോഗമന പരമായ ഒരു വസ്തുതയും നടന്നിട്ടില്ലെന്ന വിമർശനം സർക്കാരിനെയും ബുദ്ധികേന്ദ്രങ്ങളെയും ചിന്തിപ്പിക്കുന്നുണ്ട്.
മതസ്ഥാപനങ്ങളിൽ നടക്കുന്ന ആചാരങ്ങൾ പരിശോധിക്കാനും ധാരണയായിട്ടുണ്ട്. ഹിംസാത്മകമായ പ്രവർത്തനങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് വളരെ ഗൗരവ ബുദ്ധിയോടെയാകും ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്തുക. ഏതായാലും നിയമം ഉടനെ വരുമെന്ന കണക്ക് കൂട്ടലിലാണ് ജനം.