മലപ്പുറം: യുവതി ട്രെയിൻ ഇടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളിൽ ഷാലു മോനെ(42) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വള്ളിക്കുന്ന് അത്താണിക്കൽ നവജീവൻ സ്‌കൂളിന് സമീപം ചാലിയം വട്ടപ്പറമ്പിലെ മുടക്കയിൽ ഗംഗാധരന്റെ മകൾ ലിജിന (37) യെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.

ഭർതൃ പീഡനമാണ് ദുരൂഹ മരണത്തിന് പിന്നിലെന്നും, ഭർത്താവ് ഷാലുവും വീട്ടുകാരും സ്വർണവും പണവും ചോദിച്ച് നിരന്തരം ഉപദ്രവിച്ചിരുന്നതായി ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതിയും നൽകിയിരുന്നു. ലിജിനയെ നിരന്തരമായി ഭർത്താവ് ഷാലു ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു.

ഭർതൃ വീട്ടിലെ നിരന്തരമായ പീഡനത്തെക്കുറിച്ച് ലിജിന പലപ്പോഴായി തന്റെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അവസരത്തിലെല്ലാം സ്വന്തം വീട്ടിലേക്ക് ലിജിന എത്തുകയായിരുന്നു പതിവെന്നും സഹോദരൻ ഹരീഷ് കുമാർ എസ് പി ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

യുവതി ട്രെയിൻ തട്ടി മരിക്കുന്നതിന് മുമ്പ് എഴുതി വെച്ച പീഡനത്തെക്കുറിച്ചുള്ള പരാതിയും എസ് പി ക്ക് കൈമാറിയിരുന്നു. പരാതിയെ തുടർന്ന് താനൂർ ഡി.വൈ.എസ്‌പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഷാലുമോനെ അറസ്റ്റ് ചെയ്തത്. യുവതിയെ മാനസികമായി പീഡിപ്പിച്ചതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമെതിരെ കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.