- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബിബിഎസ് റഷ്യയിൽ പഠിച്ചു; വിവാഹത്തിന് പിന്നലെ യുകെയിലെ ഡോക്ടർ അഴിക്കുള്ളിൽ; ദ്രോണി ആയുർവേദാസിൽ അമ്മയും മകളും നടത്തിയത് ആസൂത്രിത സാമ്പത്തിക മോഷണം; ഡോ ലക്ഷ്മി നായരേയും അമ്മ രാജശ്രീയേയും കുടുക്കിയത് ആഴ്ചകൾ നീണ്ട നിരീക്ഷണം
മൂവാറ്റുപുഴ: വ്യാജ ഡിജിറ്റൽ രേഖകൾ സൃഷ്ടിച്ചും സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയും ആയുർവേദ ഉപകരണ നിർമ്മാണ കമ്പനിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന പരാതിയിൽ കമ്പനിയിലെ ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റിലാകുന്നത് പൊലീസിന്റെ അന്വേഷണ മികവിൽ. ആഴ്ചകളോളം നീണ്ട സൂക്ഷ്മ പരിശോധനയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആണ് നിർണ്ണായകമായത്.
ആയുർവേദ ഉപകരണങ്ങൾ നിർമ്മിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപന നടത്തുന്ന ദ്രോണി ആയുർവേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫിസിലാണു കൃത്രിമം നടത്തി പണം തട്ടിയത്. കമ്പനിയിലെ അക്കൗണ്ട്‌സ് കം ടെലി മാർക്കറ്റിങ് ജീവനക്കാരി കോതമംഗലം തൃക്കാരിയൂർ വെളിയത്ത് വിനായകം രാജശ്രീ എസ്. പിള്ള (52), മകൾ ഡോ. ലക്ഷ്മി നായർ (25) എന്നിവരാണ് പിടിയിലായത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. റഷ്യയിലെ വൈദ്യശാസ്ത്ര പഠനത്തിനു ശേഷം യുകെയിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബർ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനാണ് നാട്ടിൽ എത്തിയത്. വിവാഹം നടന്ന് ആഴ്ചകൾക്കുള്ളിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായി.
കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപന നടത്തിയുമാണു വൻതുക തട്ടിയത്. രാജശ്രീ മകൾ ലക്ഷ്മി നായരുടെ സഹായത്തോടെയാണു തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തൽ. പുതുതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുർവേദ ഉപകരണ നിർമ്മാണ കമ്പനിയിലെ ഉടമസ്ഥരും പങ്കാളിയാണെന്നു കമ്പനി മാനേജ്‌മെന്റ് നൽകിയ പരാതിയിൽ ഉണ്ട്. ഇത് സംബന്ധിച്ച ഡിജിറ്റൽ രേഖകളും പൊലീസിനു കൈമാറിയിട്ടുണ്ട്.
ലാഭത്തിലായിരുന്ന കമ്പനി മാസങ്ങളായി നഷ്ടത്തിലായതോടെ വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ വരെ പിരിച്ചു വിട്ടിരുന്നു. ഇതിനിടയിലും ഇവർ തട്ടിപ്പു തുടർന്നുവെന്നു കമ്പനി അധികൃതർ പറയുന്നു. രാജശ്രീ എസ്എസ്എൽസി ബുക്ക് കൃത്രിമമായി നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ ദ്രോണി ആയുർവേദാസ് എന്ന സ്ഥാപനത്തിൽനിന്നാണ് പണം തട്ടിയത്. 2021 മുതൽ രാജശ്രീ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്തുവരുകയാണ്.
ഉത്പന്നങ്ങൾ വിറ്റു ലഭിക്കുന്ന തുക രാജശ്രീ തന്റെയും മകളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് ചിലരുടെ അക്കൗണ്ടിലേക്കും പണം പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങൾ സ്വന്തം നിലയിൽ വിറ്റ് പണം സ്വന്തം അക്കൗണ്ടിലേക്കും മകളുടെ അക്കൗണ്ടിലേക്കും വാങ്ങിയതായും കമ്പനിയുടെ സോഫ്റ്റ്‌വേറിൽ വരെ കൃത്രിമം കാണിച്ചതായും കണ്ടെത്തി. രാജശ്രീയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിൽ കഴിഞ്ഞ രണ്ട് വർഷമായി ഇവർ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളും ചാറ്റ് ഹിസ്റ്ററിയും പൊലീസ് കണ്ടെടുത്തു.
കമ്പനി പ്രവർത്തന നഷ്ടം കാണിച്ചു തുടങ്ങിയതോടെയാണ് ഉടമ രഹസ്യമായി ജീവനക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും നിരീക്ഷിച്ചു തുടങ്ങിയത്. ഡിസംബറിലാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.