തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥി ഡോ ഷഹ്നയോട് സുഹൃത്തായിരുന്ന ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്നതിന് തെളിവായി ഡോ ഷഹ്നയുടെ ആത്മഹത്യാ കുറിപ്പ്. ആത്മഹത്യാക്കുറിപ്പിൽ റുവൈസിനെ കുറിച്ച് ഗുരുതര പരാമർശങ്ങളാണ് ഉള്ളതെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദ്യം ആത്മഹത്യാ കുറിപ്പിൽ ഒന്നുമില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. റുവൈസിനെ രക്ഷിക്കാനും ശ്രമിച്ചു.

ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന പറയുന്നു. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ ഫ്യൂച്ചർ ബ്ലാങ്ക് ആണ്. ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ല. സഹോദരി ഉമ്മയെ നന്നായി നോക്കണമെന്നും ഷെഹ്ന ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. ഈ കുറിപ്പിൽ നിറയുന്നതും സ്ത്രീധന മരണത്തിന്റെ സൂചനയാണ്. പണം ചോദിച്ചിട്ടില്ലെന്നും നേരത്തെ വിവാഹം നടത്തണമെന്ന ആവശ്യത്തിനെ മാത്രമേ എതിർത്തിട്ടുള്ളൂവെന്നുമായിരുന്നു റുവൈസിന്റെ നിലപാട്.

അതിനിടെ ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴി പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയ ചിത്രങ്ങളും പൊലിസ് കോടതിയിൽ നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളേജ് ക്യാമ്പസിൽ വച്ചാണ് റുവൈസ് ഷെഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് ഹൈക്കോടതിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇത് ഇപ്പോൾ റുവൈസ് അംഗീകരിക്കുന്നില്ല. ആത്മഹത്യാ കുറിപ്പിലെ വാചകം കോടതി ഗൗരവത്തോടെ എടുത്താൽ റുവൈസിന് അഴിക്കുള്ളിൽ തുടരേണ്ടി വരും.

ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസിന്റെ ആരോപണം. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

കുറ്റകൃത്യത്തിൽ പങ്കില്ലെന്നും സ്ത്രീധന നിരോധന നിയമം അനുസരിച്ച് തനിക്കെതിരേ ചുമത്തിയ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ റുവൈസ് വാദിച്ചത്. പൊലീസ് അറസ്റ്റ് ചെയ്തതിനാൽ തന്റെ കക്ഷിയെ കോളേജിൽനിന്ന് പുറത്താക്കിയെന്ന് റുവൈസിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, മരിച്ച പെൺകുട്ടിയും സമർഥയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് പി.ഗോപിനാഥ് ഇതിന് മറുപടി നൽകിയത്. ഒരുകാരണവശാലും സ്ത്രീധനം ആവശ്യപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ തിരുവനന്തപുരം അഡീ. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഡോ.റുവൈസ് ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി. വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹ്നയുടെ ആത്മഹത്യയിലാണ് ഡോ. ഇ.എ. റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പി.ജി. വിദ്യാർത്ഥിയായ റുവൈസിനെ കേസിൽ പ്രതിയായതിന് പിന്നാലെ സസ്‌പെൻഡ് ചെയ്തിരുന്നു. പി.ജി. മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇയാളെ നീക്കംചെയ്തു. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ റുവൈസിന്റെ പിതാവും കോൺട്രാക്ടറുമായ റഷീദും പ്രതിയാണ്. ഇയാൾ ജാമ്യം നേടിയിട്ടുണ്ട്.

ഡിസംബർ ആറാം തീയതി രാത്രിയാണ് ഷഹ്നയെ മെഡിക്കൽ കോളേജിന് സമീപത്തെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. രാത്രി ഐ.സി.യു.വിൽ ഡ്യൂട്ടിക്കെത്തേണ്ടിയിരുന്ന ഷഹ്നയെ കാണാത്തതിനാൽ സഹപാഠികൾ ഫ്‌ളാറ്റിൽ അന്വേഷിച്ചെത്തിയപ്പോളാണ് മരിച്ചനിലയിൽ കണ്ടത്. അനസ്‌തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവച്ചാണ് യുവഡോക്ടർ മരിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. മുറിയിൽനിന്ന് ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.

150 പവനും 15 ഏക്കറും ബി.എം.ഡബ്ല്യൂ. കാറുമാണ് റുവൈസും കുടുംബവും സ്ത്രീധനമായി ചോദിച്ചതെന്നായിരുന്നു ഷഹ്നയുടെ ബന്ധുക്കളുടെ ആരോപണം. ഷഹ്നയും റുവൈസും അടുപ്പത്തിലായിരുന്നു. തുടർന്ന് റുവൈസാണ് വിവാഹാലോചനയുമായി മുന്നോട്ടുവന്നത്. ഇതിന്റെ ഭാഗമായി ഇരുവീട്ടുകാരും സംസാരിച്ചിരുന്നു. എന്നാൽ, ഇത്രയും വലിയ സ്ത്രീധനം നൽകാനാകില്ലെന്ന് പറഞ്ഞു. അഞ്ചേക്കറും ഒരു കാറും നൽകാമെന്ന് അറിയിച്ചിട്ടും റുവൈസിന്റെ കുടുംബം തയ്യാറായില്ലെന്നും ഉയർന്ന സ്ത്രീധനം തന്നെ വേണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.