ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ

തിരുവനന്തപുരം: ഡോ ഷഹ്‌നയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സ്ത്രീധന മോഹിയായ ഭാരവാഹി ആരെന്ന് പറയാതെ എല്ലാം പറഞ്ഞ് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാഡ്വറ്റ്‌സ് അസോസിയേഷന്റെ പത്രക്കുറിപ്പ്. പിന്നാലെ എല്ലാം മനസ്സിലായ പോലെ പൊലീസ് നടപടിയും. ഡോ റുവൈസിനെതിരെ പൊലീസ് കേസെടുത്തു. ഡോ ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റുവൈസാണ് ഒന്നാം പ്രതി. മെഡിക്കൽ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ് ഡോ റുവൈസ്. കേസിന് പിന്നാലെ പദവിയിൽ നിന്നും സംഘടന പുറത്താക്കി. ഡോ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.

ഷഹ്നയുമായി ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഉയർന്ന സ്ത്രീധനം റുവൈസിന്റെ വീട്ടുകാർ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ ആരോപിച്ചത്. ഡോ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്.

സംഭവം വിവാദമായതിന് പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് റുവൈസിനെ മെഡിക്കൽ പിജി അസോസിയേഷൻ നീക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പിജി വിദ്യാർത്ഥിയാണ് ഇയാൾ. തങ്ങൾ ഡോ ഷഹ്നയ്ക്ക് ഒപ്പമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താക്കുറിപ്പിറക്കി. ആരോപണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, കമ്മീഷണർ എന്നിവരോട് റിപ്പോർട്ട് തേടി. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് മൂവരോടും നിർദ്ദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാർത്ഥിയായിരുന്നു ഷെഹന. കഴിഞ്ഞ ദിവസമാണ് ഷഹനയെ ഫ്‌ളാറ്റിൽ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടർ റുവൈസുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരന്റെ വീട്ടുകാർ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കൾ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാൽ വിവാഹം മുടങ്ങി. ഇതോടെ ഡോ റുവൈസും വിവാഹത്തിൽ നിന്ന് പിന്മാറി. ഇത് ഷെഹനയെ മാനസികമായ തകർത്തുവെന്നാണ് ഷഹനയുടെ അമ്മയും സഹോദരനും ഇന്ന് വെളിപ്പെടുത്തിയത്.

എന്നാൽ ഷഹന ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. സംഭവത്തിൽ ഡോ റുവൈസ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സ്ത്രീധനമാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തെ കുറിച്ച് ശിശുവികസന വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന പഠനത്തിൽ മിടുക്കിയായിരുന്നു. മെറിറ്റ് സീറ്റിലായിരുന്നു എംബിബിഎസ് പ്രവേശനം. വിദേശത്തായിരുന്ന അച്ഛൻ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെയാണ് കുടംബം സാമ്പത്തിക പ്രതിസന്ധിയിലായത്. സഹോദരൻ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുകയാണ്. ഷെഹനയുടെ അച്ഛൻ പലർക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല. ഇതും ഈ കുടുംബത്തെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

റുവൈസിന്റെ പേരു പറയാതെയായിരുന്നു പിജി അസോസിയേഷൻ പത്രക്കുറിപ്പ് ഇറക്കിയത്. സംഘടന സ്ത്രീധനമെന്ന കുറ്റകൃത്യത്തിനും സാമൂഹിക തിന്മയ്ക്കും എതിരാണെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. ഈ പത്രക്കുറിപ്പിൽ പ്രസിഡന്റ് പദവിയിൽ ആരുമില്ല. ആരോപണ വിധേയനായ ഭാരവാഹി എല്ലാ ചുമതലയിൽ നിന്നും അന്വേഷണം തീരും വരെ മാറി നിൽക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. അന്വേഷണ ഘട്ടത്തിൽ ആരും വിധി നിർണ്ണയത്തിന് ഇറങ്ങരുതെന്നും സംഘടന ഇരയ്‌ക്കൊപ്പമാണെന്നും വിശദീകരിക്കുന്നു.

അന്വേഷണവുമായി എല്ലാ അർത്ഥത്തിലും സഹകരിക്കുമെന്നും മെഡിക്കൽ പിജി അസോസിയേഷൻ വിശദീകരിക്കുന്നു. പത്രക്കുറിപ്പിൽ നിന്നും പേരൊഴിവാക്കിയതോടെ തന്നെ സംഘടനയുടെ പ്രസിഡന്റാണ് ആരോപണ വിധേയൻ എന്ന് പറയാതെ പറയുകയാണ് സംഘടന. സംഘടനയുടെ ബാക്കിയെല്ലാം ഭാരവാഹികളുടേയും പേര് ഈ പത്രക്കുറിപ്പിനൊപ്പമുണ്ട്. വനിതാ കമ്മീഷനും ആരോഗ്യമന്ത്രിയും സ്ത്രീധന വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സംഘടന പ്രസ്താവനയുമായി രംഗത്ത് വന്നത്. പ്രസിഡന്റിനെ തള്ളി പറയുന്നില്ല. പുറത്താക്കിയതായും വിശദീകരിക്കുന്നില്ല. മറിച്ച് സ്ഥാനത്ത് നിന്നും ഒഴിഞ്ഞുവെന്നാണ് വിശദീകരിക്കുന്നത്.

ഡോ ഷഹ്നയെ വിവാഹ വാഗ്ദാനത്തിൽ ചതിച്ചത് എല്ലുരോഗ വിഭാഗത്തിലെ 'സഖാവായ' വിദ്യാർത്ഥി നേതാവാണെന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു. വിപ്ലവം മാത്രം വാക്കുകളിൽ നിറയ്ക്കുന്ന സഖാവാണ് ഡോക്ടർ. ഈ ഡോക്ടറുടെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. എസ് എഫ് ഐ രാഷ്ട്രീയത്തിന്റെ ഭാഗമായ ഈ നേതാവിനെതിരെ പൊലീസും ചെറുവിരൽ അനക്കാൻ ഇടയില്ലെന്നും വിശദീകരിച്ചു. ആ ഘട്ടത്തിൽ ഡോ ഷഹ്നയുടെ വീട്ടുകാരും സ്ത്രീധന ആരോപണത്തിൽ പരാതി നൽകിയിട്ടില്ല. മാധ്യമങ്ങളോട് അനൗദ്യോഗികമായി പങ്കുവച്ച വിവരങ്ങളാണ് പൊതു മണ്ഡലത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഷഹ്നയുടെ മാതാവ് തന്നെ വനിതാ കമ്മീഷനോട് കാര്യങ്ങൾ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് കേസെടുക്കുന്നത്.

ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തിന്റെ സൂചനകളുണ്ട്. സാമ്പത്തിക ആരോപണത്തിന്റെ വസ്തുതകളും. ഇതിലേക്ക് അന്വേഷണമെത്തിയാൽ ഡോ ഷ്ഹനയുടെ മരണത്തിന് കാരണക്കാരൻ അഴിക്കുള്ളിലാകും. കൊല്ലത്ത് വിസ്മയയെ കൊന്നതിന് സമാനമാണ് ഈ കേസും. ഇവിടെ വിവാഹം കഴിഞ്ഞില്ല. പ്രണയിച്ച കുട്ടിയെ വിവാഹം കഴിക്കാൻ സ്ത്രീധനം ചോദിച്ചതാണ് ഡോ ഷഹ്നയെ തളർത്തിയത്. അമ്പതു ലക്ഷവും അമ്പതു പവനും ഒരു കാറും നൽകാമെന്ന് ഡോക്ടറായ പയ്യന് ഷഹ്നയുടെ വീട്ടുകാർ ഉറപ്പു നൽകി.

എന്നാൽ വിപ്ലവകാരിയെന്ന് സ്വയം അവകാശപ്പെടുന്ന നേതാവിന് കെട്ടാൻ പോകുന്ന കുട്ടിയുടെ വീട്ടിൽ നിന്നും ഫ്ളാറ്റും ബിഎംഡബ്ല്യൂവും കൂടിയേ തീരു. 150 പവനും ചോദിച്ചതായാണ് സൂചന. കല്യാണമെല്ലാം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. ഷഹ്നയുടെ വീട്ടിൽ പെയിന്റു ചെയ്യാനും തുടങ്ങി. പിന്നാലെയായിരുന്നു പ്രതിസന്ധി എത്തിയത്. ഇതോടെ ഷഹ്ന വിഷാദത്തിലായി. ഈ ദുഃഖമാണ് ആ കുട്ടിയുടെ ജീവനെടുത്തത്. അതുകൊണ്ട് തന്നെ സ്ത്രീധന നിരോധന നിയമ പ്രകാരം അത് ചോദിച്ചവരെ അകത്തിടേണ്ട കേസുമാണ്.

പ്രസ്തുത ഡോക്ടരുടെ ഫോൺ ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഇയാൾ മുങ്ങിയെന്നാണ് സൂചന. അതിനിടെ ഇയാൾ കുറ്റം നിഷേധിച്ചിട്ടുമുണ്ട്. പിജി ഡോക്ടർമാരുടെ അവകാശ പോരാട്ടങ്ങൾക്ക് മുന്നിൽ നിൽക്കുന്ന നേതാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എംബിബിഎസും പഠിച്ചത്. മെഡിക്കൽ എൻട്രൻസിൽ ഏഴാം റാങ്കുകാരനായിരുന്നു. ഫസ്റ്റ് ക്ലാസിലാണ് എംബിബിഎസും പൂർത്തിയാക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് പിജിക്കും കിട്ടി. എല്ലു രോഗത്തിലാണ് തുടർ പഠനം. ഇതിനിടെയാണ് വഞ്ചന.

വിവാഹത്തിന് സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടതിന് പിന്നാലെ വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ യുവഡോക്ടർ ജീവനൊടുക്കിയതിൽ അന്വേഷണം തുടരുന്നതിനിടെ വനിതാ കമ്മിഷനോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തി ഷഹാനയുടെ ഉമ്മയും രംഗത്തു വന്നു. പിന്നാലെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു. ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തി.