തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഡോ. ഇ.എ. റുവൈസിനെ പൊലീസ് പ്രതി ചേർത്തത് കുടുംബത്തിന്റെ പരാതിയെ തുടർന്ന്. ആദ്യം പൊലീസിന് രേഖാമൂലമുള്ള പരാതി നൽകിയില്ല. എന്നാൽ വാർത്തകളിൽ വിവാദമെത്തിയപ്പോൾ എല്ലാം അവർ തുറന്നു പറഞ്ഞു. ഇതാണ് റുവൈസിന്റെ അറസ്റ്റായത്. റുവൈസ് പൊലീസിനോട് കുറ്റസമ്മതം നടത്തിയെന്നും സൂചനയുണ്ട്.

ഇതേ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഷഹനയുടെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി റുവൈസിനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനാൽ സുഹൃത്തായ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്തെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. പ്രാഥമിക തെളിവുകളും പൊലീസിന് കിട്ടി. കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. എല്ലാ വശവും പൊലീസ് തിരക്കുകയാണ്.

വിവാഹം ഉറപ്പിച്ചതിന് നിരവധി തെളിവുകളുണ്ട്. എന്നാൽ അത് നടക്കാതെ പോയതിന് സ്ത്രീധനമാണ് കാരണമെന്ന് കണ്ടത്തേണ്ടത് പൊലീസാണ്. നിലവിൽ ഡോ റുവൈസ് കുറ്റസമ്മതം നടത്തിയെങ്കിലും കോടതിയിൽ അതുണ്ടാകില്ല. അതിനാൽ അതിശക്തമായ തെളിവുകൾ അനിവാര്യമാണ്. വിസ്മയ കേസിൽ കിരൺ കുമാറിനെ ജയിലിൽ അടച്ചതിന് സമാനമായ ശാസ്ത്രീയ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോൾ വിവാഹത്തിൽനിന്ന് പിന്മാറുകയും ചെയ്തുവെന്നാണ് ഷഹ്നയുടെ മാതാവും സഹോദരിയും പൊലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരേ പൊലീസ് കേസെടുത്തത്. വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിച്ചതിൽ റുവൈസിന്റെ കുംടുംബത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന കാര്യങ്ങളും പൊലീസ് അന്വേഷിക്കും. അതിനിടെ കുടുംബത്തെ രക്ഷിക്കുന്ന പ്രാഥമിക മൊഴിയാണ് റുവൈസ് നൽകുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ തെളിവ് പൊലീസിന് അനിവാര്യമാണ്.

സംഭവത്തിന് പിന്നാലെ റുവൈയ്‌സിനെ പിജി ഡോക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് കെ.എംപി.ജി.എ സംഘടന അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാരിൽ ബഹുഭൂരിഭാഗവും റുവൈസിനെതിരെ കടുത്ത അമർഷത്തിലാണ്. ഇത്ു മനസ്സിലാക്കിയാണ് റുവൈസിനെതിരെ നടപടി എടുത്തത്. അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന സൂചന സിപിഎം ഉന്നതരും അറിയിച്ചു. ഇതോടെ സംഘടന ഉറച്ച നിലപാട് എടുത്തു.

ഷഹ്നയും റുവൈയ്‌സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, അഞ്ചേക്കർ ഭൂമിയും ഒരു കാറും നൽകാമെന്ന് ബന്ധുക്കൾ അറിയിച്ചു. അതുപോര കാർ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വർണവും വേണമെന്ന ആവശ്യത്തിൽ യുവാവിന്റെ വീട്ടുകാർ ഉറച്ചുനിന്നു.

പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തിൽനിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി. വിദ്യാർത്ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിയിരുന്നു.