- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുവൈസിനെ പൊക്കിയത് കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നും; ഫോൺ കസ്റ്റഡിയിൽ എടുത്തെങ്കിലും വാട്സാപ്പ് ചാറ്റുകളെല്ലാം അപ്രത്യക്ഷം; ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണിൽ സൈബർ പരിശോധന; തെളിവ് നശിപ്പിക്കാനും ശ്രമിച്ചു; ഡോ റുവൈസിൽ ദുരൂഹത മാത്രം
തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ഇവരുടെ ആൺസുഹൃത്ത് ഡോ. റുവൈസിന്റെ ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പൊലീസ്. റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോൾ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു. ഫോൺ പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹ്നയുടെ ഫോണും പരിശോധനയ്ക്ക് അയക്കും.
റുവൈസിന്റെ ഫോണിലെ വാട്‌സ് ആപ്പ് ചാറ്റ് ഉൾപ്പെടെയുള്ളവയിൽ വിശദമായ പരിശോധനക്കായി ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളേയും മറ്റും രക്ഷിക്കാനാണ് റുവൈസ് ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നാണ് സൂചന. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിൽനിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. റുവൈസ് ചതിക്കില്ലെന്ന് ഷഹ്ന ഉറച്ചു വിശ്വസിച്ചിരുന്നു. സ്ത്രീധനത്തിനായി വീട്ടുകാർ സമ്മർദ്ദം ചെലുത്തിയപ്പോഴും റുവൈസ് കൂടെ നിൽക്കുമെന്നായിരുന്നു പ്രതീക്ഷ. റുവൈസ് തയ്യാറായിരുന്നുവെങ്കിൽ രജിസ്റ്റർ മാരീജ് നടക്കുമായിരുന്നു. അതിനും റുവൈസ് തയ്യറായില്ല. ഈ സാഹചര്യത്തിൽ ഷഹ്ന നിരാശയായി. വിഷാദത്തിലേക്കും വീണു. അത് ആത്മഹത്യയിലേക്കും മാറി.
ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനാൽ സുഹൃത്തായ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്തെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോൾ വിവാഹത്തിൽനിന്ന് പിന്മാറുകയും ചെയ്തുവെന്നാണ് ഷഹനയുടെ മാതാവും സഹോദരിയും പൊലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരേ പൊലീസ് കേസെടുത്തത്.
വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിച്ചതിൽ റുവൈസിന്റെ കുംടുംബത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന കാര്യങ്ങളും പൊലീസ് അന്വേഷിക്കും. സംഭവത്തിന് പിന്നാലെ റുവൈയ്‌സിനെ പിജി ഡോക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് കെ.എംപി.ജി.എ സംഘടന അറിയിച്ചു.
ഷഹ്നയും റുവൈയ്‌സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, അഞ്ചേക്കർ ഭൂമിയും ഒരു കാറും നൽകാമെന്ന് ബന്ധുക്കൾ അറിയിച്ചു. അതുപോര കാർ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വർണവും വേണമെന്ന ആവശ്യത്തിൽ യുവാവിന്റെ വീട്ടുകാർ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തിൽനിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി. വിദ്യാർത്ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ