കൊല്ലം: യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് ഡോക്ടർ ഇ എ റുവൈസ് കോടികളുടെ സാമ്പത്തിക ഭദ്രതയുള്ള കുടുംബാംഗം. കരുനാഗപ്പള്ളിക്ക് അടുത്ത് കോഴിക്കോട് എന്നൊരു സ്ഥലമുണ്ട്. ഇതിന് അടുത്താണ് റുവൈസിന്റെ വീട്. ശക്തികുളങ്ങരാണ് വീടെന്ന വാദം ശരിയല്ല.

അതിനിടെ ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ പോയെന്നാണ് സൂചന. കേസിൽ പിതാവിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. റുവൈസിന്റെ പിതാവിനെ വൈകാതെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഷഹനയുടെയും റുവൈസിന്റെയും സുഹൃത്തുകളുടെ മൊഴിയും മെഡിക്കൽ കോളജ് പൊലീസ് രേഖപ്പെടുത്തും. അച്ഛനാണ് സ്ത്രീധനം ചോദിച്ചതെന്ന് റുവൈസും സമ്മതിച്ചിട്ടുണ്ട്.

റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദ് പ്രവാസിയായിരുന്നു. നിലവിൽ കരാർ പണികൾ ഏറ്റെടുത്ത് നടത്തുകയാണ്. ഏറെയും സർക്കാരിന്റെ നിർമ്മാണപ്രവൃത്തികളാണ്. റഷീദിന്റെ പേരിൽ ധാരാളം സ്വത്തുണ്ട്. അബ്ദുൾ റഷീദും സഹോദരനുമായി സ്വത്ത് തർക്കങ്ങളുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതേത്തുടർന്ന് തൊട്ടടുത്തു താമസിക്കുന്ന സഹോദരന്റെ വീട് മറയ്ക്കാൻ ഉയരത്തിലുള്ള മതിൽ കെട്ടി. ആ വിവാദവും നാട്ടുകാർക്ക് അറിയാം.

ഇത്രയേറെ സ്വത്തുണ്ടായിട്ടും സ്ത്രീധനത്തിനുള്ള ആർത്തിയുണ്ടായത് എങ്ങനെയെന്ന് നാട്ടുകാർ ചോദിക്കുന്നു. റുവൈസിന്റെ സഹോദരി രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. അബ്ദുൽ റഷീദും ഭാര്യ ആരിഫയും ആണ് ഇപ്പോൾ വീട്ടിൽ താമസം. റുവൈസും കുടുംബവും 20 കോടിയോളം രൂപയുടെ സ്ത്രീധനം ചോദിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 150 പവനും 15 ഏക്കറും ബിഎംഡബ്ലു കാറുമാണ് റുവൈസ് ഷഹ്നയോടും കുടുംബത്തോടും ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും സ്ത്രീധനം നൽകാനില്ലാത്തതിനാൽ വിവാഹം മുടങ്ങുകയും ഷഹ്ന ആത്മഹത്യ ചെയ്യുകയുമായിരുന്നു.

കോടികളുടെ സ്ത്രീധനം ആവശ്യപ്പെട്ടത് റുവൈസിന്റെ പിതാവാണെന്ന് ഷഹ്നയുടെ സഹോദരൻ ആരോപിച്ചിരുന്നു. പിതാവിനെ ധിക്കരിച്ച് വിവാഹം കഴിക്കാനില്ലെന്നും പണമാണ് വലുതെന്നും റുവൈസ് ഷഹ്നയോട് പറഞ്ഞു. രണ്ടു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ, ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാതെ വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ റുവൈസ് ഉറച്ചുനിന്നതോടെ ഷഹ്ന മാനസികമായി തകർന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണം. റുവൈസിന്റെ വീട്ടിൽ നിന്നാണ് അയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പഠനത്തിൽ മിടുക്കനായിരുന്ന റുവൈസ് എൻട്രൻസ് പരീക്ഷയിൽ 76-ാം റാങ്കോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. പിജി എൻട്രൻസിൽ 2250-ാം റാങ്കും. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കുത്തേറ്റുമരിച്ച ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കു മുന്നിൽ റുവൈസ് ഉണ്ടായിരുന്നു. എസ് എഫ് ഐയോട് ചേർന്ന് നിന്ന പ്രവർത്തിച്ച റുവൈസ് പിജി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡന്റുമായിരുന്നു