തിരുവനന്തപുരം: ഡോ ഷഹ്നയുടെ ആത്മഹത്യാ ശ്രമം ആദ്യം അറിഞ്ഞതും ഡോ റുവൈസ്. ആത്മഹത്യയ്ക്ക് മുമ്പ് താൻ മരിക്കാൻ പോവുകയാണെന്ന് വാട്‌സാപ്പിലൂടെ റുവൈസിനെ ഷഹ്ന അറിയിച്ചിരുന്നു. ഇതോടെ റുവൈസ് നമ്പർ ബ്ലോക്ക് ചെയ്തു. അതിന് ശേഷമായിരുന്നു ആത്മഹത്യ. ഷഹ്നയുടെ മൊബൈലിൽ നിന്നും ഇതിന്റെ തെളിവ് പൊലീസിന് കിട്ടിയെന്നാണ് സൂചന. ആലുവ പീഡനക്കേസിന് സമാനമായ അതിവേഗ കുറ്റപത്രവും വിചാരണയും അനിവാര്യമായ കേസാണ് ഇതും. ഇതിലൂടെ മാത്രമേ ഈ സാമൂഹിക തിന്മയ്‌ക്കെതിരെ അതിശക്തമായ സന്ദേശം ജനങ്ങൾക്ക് നൽകാൻ കഴിയൂവെന്നതാണ് വസ്തുത.

ഡോ.ഷഹ്ന ജീവനൊടുക്കിയത് സുഹൃത്ത് റുവൈസ് മൊബൈലിൽ നിന്ന് ബ്ലോക്ക് ചെയ്തതിന് പിന്നാലെയെന്ന് പൊലീസ് പറയുന്നു. ഭീമമായ സ്ത്രീധന ആവശ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറിയ റുവൈസിന് തിങ്കളാഴ്ച രാവിലെ ഷഹ്ന വാട്‌സാപ്പിൽ സന്ദേശം അയച്ചിരുന്നു. രാവിലെ ഒൻപത് മണിയോടെയായിരുന്നു സന്ദേശം. റുവൈസ് അനുകൂലമായി പ്രതികരിക്കുമോ എന്ന് അറിയാനായിരുന്നു ശ്രമം. ഇത് എന്നാൽ ബ്ലോക്കാക്കി മാറ്റുകയായിരുന്നു റുവൈസ്. ഇതോടെ ഷഹ്ന ആ തീരുമാനം എടുത്തു.

സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഷഹ്ന ജീവനൊടുക്കാനുണ്ടായ പെട്ടന്നുള്ള കാരണം ഇതാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. വിദഗ്ധ പരിശോധനയ്ക്കായി റുവൈസിന്റെയും ഷഹ്നയുടെയും ഫോണുകൾ കൈമാറി. കേസിൽ റുവൈസിന്റെ പിതാവുൾപ്പടെയുള്ളവരെ പ്രതി ചേർക്കാനും ആലോചനയുണ്ട്. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. അതിനിടെ റുവൈസിന്റെ അച്ഛൻ ഒളിവിൽ പോയി.

അതേസമയം, റുവൈസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. കേസിലെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്റെ വക്താവാണ് ഡോ. റുവൈസെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഒ പി ടിക്കറ്റിന്റെ പുറക് വശത്താണ് ഷഹ്ന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്.

ഒന്നര കിലോ സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിന്റെ പുറകിൽ ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ എന്നും ഞാൻ വഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന ഒ പി ടിക്കറ്റിൽ കുറിച്ചിരുന്നു. ഒ പി ടിക്കറ്റിന്റെ പുറകിൽ ഷഹ്ന എഴുതിയ ആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തതെന്നും കത്തിൽ റുവൈസിന്റെ പേരുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മർദ്ദത്തിലാക്കി. കടുത്ത മാനസികസമർദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തൽ.