- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു; ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ? ഞാൻ വഞ്ചിക്കപ്പെട്ടു; ആത്മഹത്യാ കുറിപ്പിൽ തന്നെ സാമൂഹിക തിന്മയ്ക്കുള്ള പ്രത്യക്ഷ തെളിവ്; ഡോ റുവൈസിനെ രക്ഷിക്കാൻ നോക്കിയവർ മലക്കം മറിഞ്ഞു; നിർണ്ണായകമായത് മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ
തിരുവനന്തപുരം: ഒടുവിൽ ഡോ ഷഹ്നയുടെ ആത്മഹത്യയിലെ സത്യം പുറത്ത്. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലെ നിർണ്ണായക വിവരവും പുറത്തു വന്നു. അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. അവന്റെ സഹോദരിക്ക് വേണ്ടിയാണ് ഇത്രയും സ്ത്രീധനം ചോദിക്കുന്നത്. ഞാൻ വഞ്ചിക്കപ്പെട്ടു-ഇതും ആത്മഹത്യ കുറിപ്പിന്റെ ഭാഗമാണ്. എന്നാൽ കാര്യമായൊന്നും ഇല്ലെന്നും സ്ത്രീധനാരോപണമില്ലെന്നുമായിരുന്നു തുടക്കത്തിൽ പൊലീസ് പറഞ്ഞിരുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർണ്ണായക ഇടപെടലാണ് സംഭവത്തിൽ ഡോ റുവൈസിന്റെ അറസ്റ്റിന് കാരണമായത്. അല്ലാത്ത പക്ഷം വെറുമൊരു ആത്മഹത്യയായി ഡോ ഷഹ്നയുടേത് മാറുമായിരുന്നു.
അനസ്‌തേഷ്യാ മരുന്ന് ക്രമാതീതമായി കുത്തിവച്ചായിരുന്നു ഷഹ്നയുടെ മരണം. ഡോ റുവൈസിന്റെ ക്രൂരമായ കളിയാക്കൽ ഇതിന് പ്രേരണയായി എന്നാണ് വിലയിരുത്തൽ. എല്ലാം ആത്മഹത്യാ വാർത്ത പുറത്തു വന്നപ്പോഴേ പൊലീസിന് അറിയാമായിരുന്നു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രമുഖനായ സംഘടനാ നേതാവിനെ രക്ഷിച്ചെടുക്കാനായിരുന്നു ശ്രമം. പ്രശ്‌നമെല്ലാം മധ്യസ്ഥർ മുഖേനെ വീട്ടുകാർ പറഞ്ഞു തീർക്കുമെന്നും പ്രതീക്ഷിച്ചു. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ മറുനാടൻ വാർത്തകൾ വൈറലായത്. ഷഹ്നയുടേത് സ്ത്രീധന പീഡന മരണമാണെന്ന് പൊതുചിത്രമായി. ഇതോടെ ആരോഗ്യമന്ത്രി വിശദ അന്വേഷണം നടത്തി. ഒറ്റനോട്ടത്തിൽ തന്നെ ഗൂഢാലോചനയും തെളിഞ്ഞു. ഇതോടെ ആരേയും സംരക്ഷിക്കരുതെന്ന നിർദ്ദേശം സർക്കാർ തലത്തിൽ എടുത്തു.
വന്ദനാദാസ് വിഷയത്തിൽ ആരോഗ്യമന്ത്രിയെ കടന്നാക്രമിച്ച നിലപാടായിരുന്നു റുവൈസിന്റേത്. ഇത് ഏറെ ചർച്ചയായി. ഇതെല്ലാം തീരുമാനം എടുക്കുന്നതിലും നടപടികൾ കടുപ്പിക്കുന്നതിലും നിർണ്ണായകമായെന്ന് വിലയിരുത്തലുണ്ട്. പ്രതിപക്ഷം വിഷയം ഏറ്റെടുക്കും മുമ്പ് തന്നെ വനിതാ കമ്മീഷൻ അധ്യക്ഷ ഷഹ്നയുടെ വീട്ടിലെത്തി. ഉമ്മയോട് സംസാരിച്ചു. മൊഴിയും എടുത്തു. അതിന് ശേഷം നിയമ പ്രശ്‌നമുണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെ മെഡിക്കൽ കോളേജ് പൊലീസിനും ഇടപെടൽ ശക്തമാക്കാൻ കഴിഞ്ഞു. രാഷ്ട്രീയ സമ്മർദ്ദം ഭയന്നിരുന്നവർ ഉണർന്നെണീറ്റു. അതിവേഗം റുവൈസിനെ അകത്താക്കുകയും ചെയ്തു.
അവരുടെ സ്ത്രീധന മോഹം മൂലം തന്റെ ജീവിതം അവസാനിക്കുന്നുവെന്ന് ഷഹ്ന കുറിപ്പിലെഴുതിയതായി പൊലീസ് പറയുന്നു. എന്നാൽ റുവൈസിന്റെ പേര് കുറിപ്പിലില്ല. ആത്മഹത്യ കുറിപ്പിൽ തന്നെ നേരിട്ടുള്ള തെളിവുണ്ടെന്ന് പറയുന്ന പൊലീസ് സാഹചര്യതെളിവുകൾ പ്രതിക്കെതിരാണെന്നും പറയുന്നു. പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചതായി പൊലീസ് സമ്മതിച്ചു. ഫോൺ സന്ദേശങ്ങളിൽനിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതനുസരിച്ച് സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കംചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാൻ സൈബർ ഫോറൻസിക് പരിശോധന നടത്തും.
അതിനിടെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. ഡോക്ടറായ ഇ.എ.റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്. വിഷയത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കുമാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്.
സഹോദരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
റുവൈസ് പ്രാധാന്യം നൽകിയത് പണത്തിനായിരുന്നുവെന്നും താങ്ങാൻ കഴിയാത്ത അത്ര വലിയ തുകയാണ് സ്ത്രീധനമായി ചോദിച്ചതെന്നും ആത്മഹത്യ ചെയ്ത ഡോക്ടർ ഷഹ്നയുടെ സഹോദരൻ ജാസിം നാസ്. ഡോ.ഇ.എ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തിയത്.
റുവൈസിനെ ഷഹ്ന ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും സഹോദരൻ ജാസിം നാസ് പറഞ്ഞു. ''വിവാഹം മുടങ്ങിയതിന്റെ മാനസിക വിഷമം മൂലമാണ് ഷഹ്ന അത്മഹത്യ ചെയ്തത്. ഷഹ്നയെ ഇങ്ങോട്ട് വന്ന് റുവൈസ് വിവാഹം ആലോചിച്ചതാണ്. വിവാഹത്തിന് സമ്മതിക്കുകയും നടത്തിക്കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. റുവൈസിന്റെ വീട്ടിലും വിവാഹാലോചനയുടെ ഭാഗമായി പോയി. ഇരുവരും തമ്മിൽ അടുപ്പത്തിലായതുകൊണ്ട് കല്യാണം നടത്താൻ തീരുമാനിച്ചു. എന്നാൽ, സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ ഷഹ്ന ഡിപ്രഷനിലായി.
സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങുമെന്ന് കണ്ടതോടെ രജിസ്റ്റർ വിവാഹം ചെയ്ത് നൽകാൻ വരെ തയാറാണെന്ന് അറിയിച്ചിരുന്നു. പക്ഷേ, സ്ത്രീധനം വേണമെന്ന നിലപാടിൽ റുവൈസ് ഉറച്ചു നിന്നു. റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത്. പറ്റുന്ന തരത്തിൽ സ്ത്രീധനം നൽകാമെന്ന് അറിയിച്ചിരുന്നതാണ്. പക്ഷേ, ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത തരത്തിലുള്ളതാണ് അവർ ആവശ്യപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കുന്നില്ല എന്നാണ് റുവൈസ് ഷഹ്നയെ വിളിച്ച് പറഞ്ഞത്. എനിക്ക് പണമാണ് പ്രധാനം എന്ന് അവൻ പറഞ്ഞതോടെ അവൾ തകർന്നുപോയി.
റുവൈസിനെ പറ്റി അന്വേഷിച്ചപ്പോൾ അയാൾക്ക് ഇതിനു മുമ്പ് വേറെ ബന്ധമുള്ളതായാണ് അറിഞ്ഞത്. ഇതറിഞ്ഞതോടെ അനിയത്തിയെ വിവാഹത്തിൽനിന്നു പിന്തിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ഇതെല്ലാം കേട്ടതോടെ ഷഹ്നയ്ക്ക് കൂടുതൽ വിഷമമായി. റുവൈസിനെപ്പറ്റി സുഹൃത്തുക്കളും സഹപ്രവർത്തകരും പറഞ്ഞുകേട്ട അറിവിൽനിന്നാണ് അയാളോട് അവൾക്കു മതിപ്പ് തോന്നിയത്. അസോസിയേഷൻ പ്രസിഡന്റും ആയിരുന്നു. അങ്ങനെ പരിചയപ്പെട്ടാണ് ഇഷ്ടത്തിലായത്. സ്ത്രീധനം വാങ്ങിക്കുന്ന കുടുംബത്തിലേക്കു വിടാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല.
പക്ഷേ, അനിയത്തിയുടെ ആഗ്രഹത്തിന് എതിരുനിൽക്കാൻ കഴിഞ്ഞില്ല. 50 പവനും 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്നു പറഞ്ഞിട്ടും പറ്റില്ലെന്നു പറഞ്ഞു. സാധാരണ ഒരു കുടുംബത്തിന് പറ്റുന്നതിനെക്കാളും കൊടുക്കാമെന്നു പറഞ്ഞിട്ടും അവർ തയാറായില്ല. അവർക്ക് അതൊന്നും പോരായിരുന്നു. അവർ 150 പവനും 15 ഏക്കർ ഭൂമിയും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി ചോദിച്ചു'' - ജാസിം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ